അടച്ചുപൂട്ടലില്‍നിന്നും ഓസ്ട്രേലിയ സാധാരണ ജീവിതത്തിലേക്ക്; ഡിസംബര്‍ 1-ന് അതിര്‍ത്തികള്‍ തുറക്കും

അടച്ചുപൂട്ടലില്‍നിന്നും ഓസ്ട്രേലിയ  സാധാരണ ജീവിതത്തിലേക്ക്; ഡിസംബര്‍ 1-ന് അതിര്‍ത്തികള്‍ തുറക്കും

കാന്‍ബറ: കോവിഡ് മഹാമാരി തീര്‍ത്ത അടച്ചുപൂട്ടലിന്റെ ശ്വാസംമുട്ടലില്‍നിന്ന് ഓസ്ട്രേലിയ സാധാരണ ജീവിതം വീണ്ടെടുക്കുന്നു. രാജ്യാന്തര അതിര്‍ത്തികള്‍ ഡിസംബര്‍ ഒന്നിന് തുറക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചു. സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ച രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കും സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുള്ളവര്‍ക്കും ഫാമിലി വിസയുള്ളവര്‍ക്കുമാണ് പ്രവേശനം അനുവദിക്കുന്നത്. ജപ്പാനില്‍നിന്നും ദക്ഷിണ കൊറിയയില്‍നിന്നുമുള്ള വാക്‌സിനെടുത്ത വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഇതോടെ 162,000 രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യോഗ്യരായ 235,000 വിസ ഉടമകള്‍ക്ക് ഓസ്ട്രേലിയയിലേക്കു മടങ്ങിയെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തിലാണ് രാജ്യാന്തര അതിര്‍ത്തികള്‍ അടച്ചത്. ഇതോടെ വിദഗ്ധരായ തൊഴിലാളികളുടെ അഭാവം ഓസ്‌ട്രേലിയയിലെ എല്ലാ മേഖലയിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തൊഴിലാളികളുടെ ദൗര്‍ലഭ്യം നേരിടാന്‍ പല മേഖലകളും ആശ്രയിക്കുന്ന താത്കാലിക കുടിയേറ്റ പദ്ധതി പുനരാരംഭിക്കാന്‍ വ്യവസായ മേഖലയും വിദ്യാര്‍ഥികളുടെ കുറവ് നികത്താന്‍ സര്‍വകലാശാലകളും നിരന്തരം സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതോടെയാണ് പുതിയ പ്രഖ്യാപനത്തിനു വഴിയൊരുങ്ങിയത്. അതേസമയം വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്തേക്ക് എപ്പോള്‍ പ്രവേശനം അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് കരകയറുന്ന സംസ്ഥാനങ്ങളില്‍ സാമ്പത്തിക ഉണര്‍വുണ്ടാക്കാന്‍ ഈ പ്രഖ്യാപനത്തിനു കഴിയുമെന്ന് സ്‌കോട്ട് മോറിസണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

16 വയസിനു മുകളിലുള്ള 85 ശതമാനം പേര്‍ രണ്ടു ഡോസും 91.5 ശതമാനം പേര്‍ ഒരു ഡോസും വാക്‌സിനേഷന്‍ നിരക്ക് കൈവരിച്ച ഓസ്ട്രേലിയ സാധാരണ ജീവിതത്തിലേക്കു മടങ്ങുന്നതിന്റെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം കൈവരിച്ച ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കിനെ സ്‌കോട്ട് മോറിസണ്‍ പ്രശംസിച്ചു.

രാജ്യാന്തര യാത്രക്കാര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവ് ഹാജരാക്കുകയും യാത്ര ചെയ്യുന്നതിന് മൂന്ന് ദിവസം മുന്‍പ് പി.സി.ആര്‍ പരിശോധന നടത്തുകയും വേണം.

ഡിസംബര്‍ ഒന്ന് മുതല്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്കും രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓസ്ട്രേലിയയിലേക്കു മടങ്ങിയെത്താമെന്ന് ആഭ്യന്തര മന്ത്രി കാരന്‍ ആന്‍ഡ്രൂസ് അറിയിച്ചു. 2,00,000 വിസ ഉടമകള്‍ വരും മാസങ്ങളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാരെന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ ഓരോ സംസ്ഥാനത്തിന്റെയും ടെറിട്ടറിയുടെയും ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.

കോവിഡ് ബാധ രൂക്ഷമായ 2020 മാര്‍ച്ചിലാണ് ഓസ്‌ട്രേലിയ രാജ്യാന്തര അതിര്‍ത്തി അടച്ചത്. ഇതേതുടര്‍ന്ന് നിരവധി പേരാണ് വിദേശത്ത് കുടുങ്ങിക്കിടന്നത്.

ഓസ്ട്രേലിയയിലെ വാക്സിനേഷന്‍ നിരക്ക് 80 ശതമാനം ആകുന്നതോടെ രാജ്യാന്തര അതിര്‍ത്തി തുറക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നേരത്തെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.