ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതില്‍ തടയിടാന്‍ തന്ത്രപ്രധാന നീക്കത്തിനൊരുങ്ങി ഇന്ത്യ. കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് തന്ത്രപ്രധാന നീക്കത്തിനൊരുങ്ങുകയാണ് ഇന്ത്യ. രാജ്യത്തെ കരുതല്‍ ശേഖരം പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എണ്ണ വിതരണ രാജ്യങ്ങള്‍ കൃത്രിമമായി ഡിമാന്‍ഡ് സൃഷ്ടിക്കുന്നതില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന് യുഎസ് നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. കരുതല്‍ ശേഖരം അടിയന്തരമായി തുറന്നു വിടണമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ആഹ്വാനത്തോട് കേന്ദ്ര പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങള്‍ അനുകൂല നിലപാടാണ് എടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം സംബന്ധിച്ച് ഉന്നതതല പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങള്‍ കരുതല്‍ ശേഖരം ഒന്നിച്ച് തുറന്നുവിടുന്നതിന് തീരുമാനമെടുത്താല്‍ അത് എണ്ണ വിപണിയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും. ഓരോ രാജ്യവും തന്ത്ര പ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്ന് തുറന്ന് നല്‍കുന്ന എണ്ണയുടെ അളവ് വളരെ വലുതായിരിക്കില്ല. അതേ സമയം തന്നെ ലോകത്തെ ഏറ്റവും വലിയ ഉപഭോകൃത രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഇത്തരമൊരു തീരുമാനത്തിലേക്കെത്തുമ്പോള്‍ എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് വലിയ മുന്നറിയിപ്പാകുമെന്ന് ഉറപ്പാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.