സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമെന്ന് മെട്രോമാന്‍  ഇ. ശ്രീധരന്‍

കൊച്ചി: സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മെട്രോമാന്‍ ഡോ. ഇ. ശ്രീധരൻ. ഈ പദ്ധതിയുടെ അലൈൻമെന്റിൽ ഉൾപ്പെടെ പാകപ്പിഴകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ റെയിൽവേ ലൈനിന് സമാന്തരമായാണ് തിരൂർ മുതൽ കാസർകോട് വരെ ഇതിന്റെ അലൈൻമെന്റ്.

ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്ക് തടസമാകുമെന്നതിനാൽ റെയിൽവേ ഇതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. 140 കിലോമീറ്റർ കടന്നുപോകുന്നത് നെൽപ്പാടങ്ങളിലൂടെയാണ്. അതിവേഗ പാതയ്ക്ക് ഇത് ഗുണകരമല്ല.

സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമായതിനാലാണ് ഈ പദ്ധതിയെ ബി.ജെ.പി എതിർക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു. സിൽവർ ലൈൻ നിലവിലെ പാതയിൽനിന്ന് അകന്നാകുന്നതാണ് ഗുണകരം. ഉയരത്തിലോ അടിപ്പാതയായോ നിർമിക്കാം. ലോകത്തൊരിടത്തും അതിവേഗ, അർധാതിവേഗ പാതകൾ തറനിരപ്പിൽ നിർമിച്ചിട്ടില്ല. സിൽവർ ലൈനിന്റെ സാങ്കേതിക മാനദണ്ഡങ്ങൾ റെയിൽവേ അംഗീകരിച്ചിട്ടില്ല. മറ്റുള്ളവർ കടക്കുന്നത് തടയാൻ ട്രാക്കിന്റെ ഇരുവശത്തും വലിയ മതിൽ നിർമിക്കേണ്ടിവരും. ഇത് കേരളത്തെ രണ്ടായി വിഭജിക്കും.

വരുമാനം എന്ന ലക്ഷ്യത്തോടെ സിൽവർ ലൈനിൽ രാത്രിയിൽ റോ-റോ സർവീസ് ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ അറ്റകുറ്റപ്പണി നടത്തേണ്ടത് രാത്രിയിലായതിനാൽ ഇത് സാധ്യമാകില്ല. പദ്ധതിക്ക് അത്യാവശ്യമായ സർവേ പൂർത്തിയാക്കിയിട്ടില്ല. ഗതാഗത സർവേ, ജിയോ ടെക്നിക്കൽ സർവേ, സാമൂഹികാഘാത പഠനം, പരിസ്ഥിതി പഠനം എന്നിവയൊന്നും നടത്തിയിട്ടില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പദ്ധതി രൂപരേഖയെന്നും ഇ. ശ്രീധരൻ കുറ്റപ്പെടുത്തി.

പദ്ധതിച്ചെലവ്, ഉദ്ദേശിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവയൊന്നും വിശ്വസനീയമല്ല. പദ്ധതി രൂപരേഖ പൊതു ഇടത്തിൽ ലഭ്യമാക്കിയിട്ടില്ല. പദ്ധതിയുടെ ഭാഗമായി 20,000 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. സിൽവർ ലൈനിന് 75,000 കോടി ചെലവാകുമെന്നാണ് കരുതുന്നത്. പൂർത്തിയാകുമ്പോൾ ചെലവ് 1.10 ലക്ഷം കോടിയാകും.

2025-ൽ സിൽവർ ലൈൻ പൂർത്തിയാക്കുമെന്നാണ് പ്രോജക്ട് ഏജൻസിയായ കെ.ആർ.ഡി.സി.എൽ. പറയുന്നത്. അറിവില്ലായ്മയാണ് ഇത് കാണിക്കുന്നത്. രാജ്യത്തെ മികച്ച ഏജൻസിയായ ഡി.എം.ആർ.സിക്കുപോലും പദ്ധതി പൂർത്തിയാക്കാൻ എട്ടുമുതൽ 10 വരെ വർഷം വേണ്ടിവരും. ഏൽപ്പിച്ച 27 മേൽപ്പാലങ്ങളിൽ ഒരെണ്ണത്തിന്റെപോലും നിർമാണം തുടങ്ങാൻ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ കെ.ആർ.ഡി.സി.എലിന് കഴിഞ്ഞിട്ടില്ല.

സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനം 1.10 ലക്ഷം കോടി രൂപ എങ്ങനെ കണ്ടെത്തും? ഭൂമി കൈമാറാൻ കേരളത്തിന് കഴിയാത്തതിനാലാണ് ഇവിടെ പാത ഇരട്ടിപ്പിക്കൽ സാവധാനത്തിലാകാൻ കാരണം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ട്രെയിൻ സർവീസ് തുടങ്ങാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.