റൂഹാലയ മേജർ സെമിനാരിക്ക് രജത ജൂബിലിയുടെ തിളക്കം; ആഘോഷം നാളെ ഉജ്ജയിനില്‍

റൂഹാലയ മേജർ സെമിനാരിക്ക് രജത ജൂബിലിയുടെ തിളക്കം; ആഘോഷം നാളെ ഉജ്ജയിനില്‍

ഉജ്ജയിന്‍: എം.എസ്.ടി വൈദിക സമൂഹത്തിന്റെ ഉന്നത പഠന കേന്ദ്രമായ റുഹാലയ തിയോളജിക്കല്‍ മേജര്‍ സെമിനാരിയുടെ രജത ജൂബിലി ആഘോഷം നാളെ ഉജ്ജയിനിലെ സെമിനാരിയില്‍ നടക്കും. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയോടു കൂടിയാണ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്.

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതിനിധി ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഉജ്ജയിനി ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ഇന്‍ഡോര്‍ ബിഷപ്പ് മാര്‍ ചാക്കോ തോട്ടുമാരിക്കല്‍, സാഗര്‍ ബിഷപ്പ് മാര്‍ ജെയിംസ് അത്തിക്കളം, സത്ന ബിഷപ്പ് മാര്‍ ജോസഫ് കൊടകല്ലില്‍ എന്നിവരാണ് വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ചടങ്ങില്‍ എം.എസ്.ടി ഡയറക്ടര്‍ ജനറല്‍ ഫാ. ആന്റണി പെരുമാനൂര്‍ വിശിഷ്ടാതിഥിയായിരിക്കും.

ഉജ്ജയിനി രൂപതയിലെ പുരോഹിതന്മാരും വിശ്വാസികളും അയല്‍ രൂപതകളിലെ പ്രതിനിധികളും ആഘോഷത്തിന്റെ ഭാഗമാകും.



സെന്റ് തോമസ് മിഷനറി സൊസൈറ്റി എന്നറിയപ്പെടുന്ന 'മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ദി അപ്പോസ്തല്‍' സഭയുടെ പ്രധാന സെമിനാരി ആണ് റുഹാലയ. ചരിത്രപരമായും മതപരവുമായും പ്രാധാന്യമുള്ള മധ്യപ്രദേശിലെ പ്രമുഖ നഗരമായ ഉജ്ജയിന്റെ പ്രാന്തപ്രദേശത്താണ് 'പരിശുദ്ധാത്മ ആലയം' സ്ഥിതി ചെയ്യുന്നത്. അറാമായ പദമായ 'റുഹ' യും സംസ്‌കൃത പദമായ 'ആലയ'വും സമന്വയിച്ചതാണ് 'റുഹാലയ'.

1986-ല്‍ റുഹാലയയില്‍ തത്വശാസ്ത്ര പഠന വിഭാഗം തുടങ്ങി. 1997-ല്‍ ദൈവശാസ്ത്ര പഠന വിഭാഗവും. 1998 ഒക്ടോബര്‍ 22-ന് റോമിലെ ഉര്‍ബന്‍ സര്‍വകലാശാലയുടെ അഫിലിയേഷന്‍ കിട്ടി. 2006 സെപ്റ്റംബര്‍ 10-ന് കോട്ടയത്തെ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അഗീകാരവും ലഭിച്ചു. ഫാ. ചാണ്ടി കളത്തൂര്‍ ആണ് ഇപ്പോഴത്തെ റെക്ടര്‍.

സുവിശേഷപ്രഘോഷണത്തില്‍ സജീവമായി പങ്കുചേരാനും ദൈവസ്‌നേഹം ലോകത്തിന് കാണിച്ചു കൊടുക്കാനും സിറോ-മലബാര്‍ സഭയുടെ പാരമ്പര്യങ്ങള്‍ക്കനുസരിച്ച് സുവിശേഷ പ്രഘോഷണം നടത്താനുമായി ഭാഗ്യസ്മരണാര്‍ഹനായ പാലാ മുന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ സ്ഥാപിച്ചതാണ് സെന്റ് തോമസ് മിഷനറി സൊസൈറ്റി. 1968 ഫെബ്രുവരി 22-നാണ് സെന്റ് തോമസ് മിഷനറി സൊസൈറ്റി ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഈ മിഷനറി സമൂഹം ജന്മമെടുത്ത അന്നു തന്നെ ഈ സമൂഹത്തിലെ മിഷനറിമാര്‍ക്കായി ഒരു മിഷന്‍ പ്രദേശം നല്‍കുമെന്ന് കര്‍ദ്ദിനാള്‍ ഫുള്‍സ്റ്റന്‍ ബര്‍ഗ് പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം 1968 ജൂലൈ 29-ന് സാക്ഷാത്കരിക്കപ്പെട്ടു. മദ്ധ്യപ്രദേശില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട മൂന്നു മിഷന്‍ പ്രദേശങ്ങളില്‍ ഒന്നായ ഉജ്ജയിന്‍ സെന്റ് തോമസ് മിഷനറി സൊസൈറ്റിയെ ഏല്‍പിച്ചു.

1977ല്‍ ഉജ്ജയിന്‍ മിഷന്‍ പ്രദേശം രൂപതയായി ഉയര്‍ത്തപ്പെട്ടു. മാര്‍ ജോണ്‍ പെരുമറ്റമായിരുന്നു മിഷന്‍ രൂപതയുടെ പ്രഥമ മെത്രാന്‍. മാര്‍ സെബാസ്റ്റ്യന്‍ വടക്കേലാണ് ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷന്‍. നൂറോളം വൈദികരും മുന്നോറോളം സിസ്റ്റേഴ്‌സും ഈ മിഷന്‍ രൂപതയില്‍ സുവിശേഷ പ്രഘോഷണത്തില്‍ മുഴുകിയിരിക്കുന്നു. 1978-ല്‍ മാനന്തവാടി രൂപതയുടെ ഭാഗമായിരുന്ന മാണ്ഡ്യാ തങ്ങളുടെ രണ്ടാമത്തെ മിഷന്‍ പ്രദേശമായി എം.എസ്.ടി. ഏറ്റെടുത്തു. സാംഗ്ലി, ഫരീദാബാദ് എന്നിവിടങ്ങളിലുള്‍പ്പെടെ എം.എസ്.ടി വൈദികര്‍ സേവനനിരതരാണ്.

മാതൃസഭയുടെ അജപാലനപ്രവര്‍ത്തനങ്ങളിലും പ്രവാസികളുടെ ഇടയിലെ അജപാലനപ്രവര്‍ത്തനങ്ങളിലും സഹകരിക്കുന്നതോടൊപ്പം വിവിധ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളും സമൂഹ നിര്‍മ്മിതിക്കായി ഒട്ടേറെ പ്രവര്‍ത്തനങ്ങളും എം.എസ്.ടി വൈദിക സമൂഹം നടത്തികൊണ്ടിരിക്കുന്നു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിപ്പെട്ടവര്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് എം.എസ്.ടിയുടെ പ്രവര്‍ത്തനങ്ങള്‍ അധികവും. ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ അനേകായിരം കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തിലേക്കു നയിച്ച് കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു.

മാനസിക/ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുവേണ്ടിയും എയ്ഡ്‌സ് ബാധിതര്‍ക്കുവേണ്ടിയും പരിശീലന, പുനരധിവാസ പദ്ധതികള്‍, ഗ്രാമങ്ങളിലെ പാവപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, മാനസിക രോഗികള്‍ക്കും വിഷമപരിസ്ഥിതികളില്‍ ജീവിക്കുന്നവര്‍ക്കും വേണ്ടിയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ പരിപാലനത്തിനും പ്രകൃതി സംരക്ഷണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍-ഇവയെല്ലാം വഴി സഭയുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ കോവിഡ് കാലത്തും എം.എസ്.ടി. വൈദികര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനനിരതരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26