പരിഷ്കരിച്ച സീറോ മലബാർ കുർബാന ആദ്യമായി അർപ്പിച്ച ദേവാലയം എന്ന ഖ്യാതിയോടെ ഷാർജ സെ. മൈക്കിൾ ദേവാലയം

പരിഷ്കരിച്ച സീറോ മലബാർ കുർബാന ആദ്യമായി അർപ്പിച്ച ദേവാലയം എന്ന ഖ്യാതിയോടെ ഷാർജ സെ. മൈക്കിൾ ദേവാലയം

ഷാർജ : ഫ്രാൻസിസ് മാർപ്പാപ്പയും സീറോ മലബാർ സഭാ സിനഡും അംഗീകരിച്ച പുതുക്കിയ രീതിയിലുള്ള വി. കുർബാന ലോകത്ത് ആദ്യമായി അർപ്പിക്കുന്ന ദേവാലയമായി ഷാർജ സെ. മൈക്കിൾ കത്തോലിക്കാ ദേവാലയം. നവംബർ 25 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്കാണ് പുതുക്കിയ തക്സ ഉപയോഗിച്ച് ദിവ്യബലി അർപ്പിക്കപ്പെട്ടത്. മംഗളവാർത്താകാലം തുടങ്ങുന്ന നവംബർ 28 ഞായറാഴ്ച മുതൽ പുതുക്കിയ ഐക്യ രൂപത്തിലുള്ള കുർബാന അർപ്പിക്കണം എന്നാണ് സീറോ മലബാർ സിനഡ് ആഹ്വാനം ചെയ്തത്. ഗൾഫിലെ അവധി ദിനങ്ങളുടെ പ്രത്യേകത പരിഗണിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിലെ കുർബാനകൾ കടമുള്ള ദിവസങ്ങളിലെ കുർബാനകളായാണ് പരിഗണിക്കപ്പെടുന്നത്.

സിനഡ് തീരുമാനിച്ച ഐക്യരൂപത്തിലുള്ള വി. കുർബാന അർപ്പിക്കാൻ അനുവാദം നൽകിയ വികാരിയാത്തിന്റെ അപ്പോസ്തോലിക് വികാർ ബിഷപ്പ് പോൾ ഹിൻഡർ, ഇടവക വികാരി ഫാ. ശബരി മുത്തു എന്നിവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സീറോ മലബാർ സമൂഹത്തിന്റെ ആത്മീയ പിതാവ് ഫാ. ജോസ് വട്ടുകുളത്തിൽ കപ്പൂച്ചിൻ ദിവ്യബലി ആരംഭിച്ചത്.

നമ്മൾ ആരുടേയും പക്ഷത്തല്ലെന്നും, ഈ കുർബാന അർപ്പണം ഒരു പ്രത്യേക വിഭാഗത്തിന്റെ വിജയമാണെന്ന് കരുതരുതെന്നും ബഹുമാനപ്പെട്ട ജോസ് അച്ചൻ വിശ്വാസ സമൂഹത്തെ ഓർമിപ്പിച്ചു. പുതിയ രീതിയോട് അനുകൂലിക്കുന്നവരും എതിർക്കുന്നവരും നമ്മുടെഇടയിലുണ്ട് , കാരണം കേരളത്തിലെ എല്ലാ രൂപതകളിൽ നിന്നുള്ള വിശ്വാസികൾ സജീവമായി തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്ന ഇടവകയാണ് ഷാർജ സെ. മൈക്കിൾ കത്തോലിക്കാ ദേവാലയം . പുതുക്കിയ ആരാധനാക്രമ രീതിയുടെ ദൈവശാസ്ത്ര വിശകലനങ്ങൾ ഇപ്പോൾ നടത്താൻ താല്പര്യമില്ലെന്നും ഇതിനോട് അനുകൂലിച്ചും എതിർത്തും ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും അച്ചൻ അറിയിച്ചു.  അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം എന്ന് പഠിപ്പിച്ച കർത്താവിന്റെ ബലി, സീറോ മലബാർ മെത്രാൻ സിനഡിന്റെ തീരുമാനം അനുസരിച്ച് നമ്മൾ ഒന്ന് ചേർന്ന് അർപ്പിക്കുന്നു എന്നതാണ് യാഥാർഥ്യം. ഗത്സമെനിൽ പിതാവിന്റെ ഇഷ്ടം നിറവേറട്ടെ എന്ന് ഈശോ പ്രാർത്ഥിച്ചതുപോലെ നമ്മുടെ സഭയിലും ദൈവ ഹിതം നിറവേറട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം, ബഹുമാനപ്പെട്ട അച്ചൻ ഉദ്‌ബോധിപ്പിച്ചു.

വി. കുർബാനയോടനുബന്ധിച്ച് 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.