പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍

പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍

സിഡ്‌നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനായി പാറ്റ് കമ്മിന്‍സിനെ തെരഞ്ഞെടുത്തു. സ്റ്റീവ് സ്മിത്ത് ആണ് വൈസ് ക്യാപ്റ്റന്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.

1956-നു ശേഷം ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനാവുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് കമ്മിന്‍സ്. ആഷസ് പരമ്പരയില്‍ കമ്മിന്‍സ് ആയിരിക്കും ഓസ്‌ട്രേലിയയെ നയിക്കുക. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് വിവാദത്തിലായതിനെതുടര്‍ന്ന് ടിം പെയ്ന്‍ നായകസ്ഥാനം രാജിവച്ചതിനെതുടര്‍ന്നാണ് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തത്.

സെലക്ടര്‍മാരായ ജോര്‍ജ് ബെയ്‌ലി, ടോണി ഡോഡ്‌മെയ്ഡ്, ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹോക്ലേ എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റി കമ്മിന്‍സുമായി അഭിമുഖം നടത്തിയിരുന്നു.

2018-ല്‍ പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ നായകസ്ഥാനം നഷ്ടപ്പെട്ട ശേഷം ആദ്യമായാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക സ്ഥാനത്തേക്ക് സ്മിത്ത് എത്തുന്നത്. രണ്ടു വര്‍ഷത്തേക്കാണ് അന്ന് നായക സ്ഥാനത്തുനിന്നു സ്മിത്തിനെ വിലക്കിയത്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയില്‍ സ്മിത്തിന്റെ പരിചയസമ്പത്ത് സഹായിക്കുമെന്ന വിലയിരുത്തലിനെതുടര്‍ന്നാണ് വൈസ് കാപ്റ്റന്‍ പദവി ലഭിച്ചത്.

2011-ല്‍ 18-ാം വയസു മുതല്‍ ഓസ്ട്രേലിയയ്ക്കായി 34 ടെസ്റ്റുകള്‍ കളിച്ച പാറ്റ് കമ്മിന്‍സ് 164 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

ആഷസ് പരമ്പരയില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് ഓസ്ട്രേലിയയെ നയിക്കാന്‍ സാധിക്കുന്നത് അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യമാണെന്ന് പാറ്റ് കമ്മിന്‍സ് പ്രതികരിച്ചു.

മികച്ച കളിക്കാരനും നേതാവുമാണ് പാറ്റ് കമ്മിന്‍സെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹോക്ലേ പറഞ്ഞു. മൈതാനത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിനും നേട്ടങ്ങള്‍ക്കും ടീമംഗങ്ങളില്‍നിന്നും ആരാധകരില്‍നിന്നും വളരെയധികം ബഹുമാനം നേടിയിട്ടുണ്ടെന്നും ഹോക്ലേ പറഞ്ഞു.

ആഷസ് പരമ്പര തൊട്ടുമുന്‍പില്‍ നില്‍ക്കെ പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത് ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടിയായിരുന്നു. 2017-ല്‍ സഹപ്രവര്‍ത്തകയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങള്‍ അടുത്തിടെ പുറത്തായതോടെയാണ് ടിം പെയ്ന്‍ നായകസ്ഥാനത്ത് നിന്ന് രാജിവച്ചത്.

പെയ്ന്‍ രാജിവയ്‌ക്കേണ്ടതില്ലായിരുന്നു ഓസ്‌ട്രേലിയന്‍ കളിക്കാരുടെ സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പക്ഷം. രണ്ട് പേര്‍ക്ക് ഇടയില്‍ നടന്ന വ്യക്തിപരമായ കാര്യം മാത്രമാണിതെന്നായിരുന്നു അസോസിയേഷന്റെ അഭിപ്രായം. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പെയ്‌നിന്റെ രാജി സ്വീകരിച്ചു. പെയ്ന്‍ അനിശ്ചതകാലത്തേക്ക് കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് അറിയിച്ചിരുന്നു.

1956-ല്‍ മുംബൈയില്‍ ഇന്ത്യയ്ക്കെതിരായ ടെസ്റ്റിന് റേ ലിന്‍ഡ്വാള്‍ ടീമിനെ നയിച്ചതിന് ശേഷം ഓസ്ട്രേലിയയുടെ ക്യാപ്റ്റനാകുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് 28 വയസുകാരനായ കമ്മിന്‍സ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.