സംരക്ഷണ കവചം പൊളിഞ്ഞു: മോഫിയയുടെ മരണത്തില്‍ സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍

 സംരക്ഷണ കവചം പൊളിഞ്ഞു: മോഫിയയുടെ മരണത്തില്‍ സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവ സ്വദേശിനിയായ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് മുന്‍ സി.ഐ സി.എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. സുധീറിനെ സസ്പെന്‍ഡ് ചെയ്യാന്‍ പൊലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു.

സുധീറിനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. കൊച്ചി ട്രാഫിക്ക് ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് വകുപ്പ് തല അന്വേഷണത്തിന്റെ ചുമതല.

ആരോപണ വിധേയനായ സിഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ മോഫിയ പര്‍വീണിന്റെ പിതാവിനെ വിളിച്ച് അറിയിച്ചിരുന്നു. മന്ത്രി പി രാജീവ് മോഫിയയുടെ വീട് സന്ദര്‍ശിച്ചപ്പോഴാണ് മുഖ്യമന്ത്രി മോഫിയയുടെ പിതാവിനെ വിളിച്ച് ഉറപ്പ് നല്‍കിയത്. കുറ്റമറ്റ തരത്തിലുള്ള അന്വേഷണമുണ്ടാകുമെന്നും കുടുംബത്തിന് നീതി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി മോഫിയയുടെ പിതാവ് ദില്‍ഷാദ് പറഞ്ഞു.

സ്ഥലം മാറ്റത്തില്‍ കൂടുതല്‍ ശിക്ഷ നല്‍കാനുള്ള തെറ്റ് സിഐ ചെയ്തിട്ടില്ലെന്നായിരുന്നു നേരത്തെ അന്വേഷണം നടത്തിയ റേഞ്ച് ഡിഐജിയുടേയും ഡിവൈ എസ് പിയുടേയും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് സുധീറിനെ ആലുവയില്‍ നിന്ന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയെങ്കിലും ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം കനക്കുകയായിരുന്നു.

സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനില്‍ ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിവന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഡിജിപിയുടെ നടപടി. ഇതോടെ കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു. ഭര്‍തൃ പീഡനത്തിന് പരാതി നല്‍കിയ മോഫിയയെ സിഐ സുധീര്‍ സ്റ്റേഷനില്‍ വെച്ച് അധിക്ഷേപിച്ചുവെന്നാണ് ആരോപണം. സ്റ്റേഷനില്‍ നിന്ന് പോയ മോഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭര്‍ത്താവിനും ഭര്‍ത്തൃ വീട്ടുകാര്‍ക്കുമെതിരെ മോഫിയ ആത്മഹത്യാ കുറിപ്പില്‍ ആരോപണം ഉന്നയിച്ചിരുന്നു. ആത്മഹത്യാ കുറിപ്പില്‍ സി ഐ സുധീറിനെ പേരെടുത്ത് പറഞ്ഞായിരുന്നു ആരോപണം.

മോഫിയയുടെ മരണത്തില്‍ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍ത്തൃ മാതാവ് റുഖിയ (55), ഭര്‍ത്തൃ പിതാവ് യൂസഫ് (63) എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.