സഭക്കൊപ്പം സഭാധ്യക്ഷൻമാർക്കൊപ്പം

സഭക്കൊപ്പം സഭാധ്യക്ഷൻമാർക്കൊപ്പം

അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ് (1സാമുവേൽ 15: 22). 2021 നവംബർ 28 ഞായറാഴ്ച പുതുയുഗ പിറവിക്കു സീറോ മലബാർ സഭ തയ്യാറെടുക്കുകയാണ്. സീറോ മലബാർ സഭയുടെ എല്ലാ രൂപതകളിലും പരിഷ്ക്കരിച്ച ഏകീകൃത കുർബാനക്രമം നടപ്പാക്കാനുള്ള സിനഡു തീരുമാനത്തിനു മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചു. നവംബർ 28 ഞായറാഴ്ച മുതൽ ഇതു പ്രാബല്യത്തിൽ വരുത്താൻ മെത്രാൻ സമിതി തീരുമാനമെടുത്തു. സഭയുടെ നന്മക്കും ഐക്യത്തിനും വളർച്ചക്കും മറ്റു സഭാസമൂഹങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും ഇതു വഴിയൊരുക്കുമെന്നതു തീർച്ചയാണ്.

നമുക്കറിയാവുന്നതുപോലെ കത്തോലിക്കാ സഭയിൽ മൂന്നു റീത്തുകളാണുള്ളത്. സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ. ഇതിൽ സീറോ മലങ്കര, ലത്തീൻ റീത്തുകൾ മിക്കവാറും തന്നെ ഏകീകൃത കുർബാനക്രമം അനുവർത്തിച്ചു വരുന്നു. എന്നാൽ സീറോ മലബാർ സഭയിൽ മാത്രം പല രൂപതകളിലും കുർബാനക്രമത്തിൽ വ്യത്യാസങ്ങളുണ്ട്. ഇതിനെ ഏകീകരിക്കുന്നു എന്നതു മാത്രമാണു ഇവിടെ സംഭവിക്കുന്നത്. 1999 ൽ സീറോ മലബാർ സിനഡ് അംഗീകരിക്കുകയും തുടർചർച്ചകൾക്കും ദേദഗതികൾക്കും ശേഷം സമർപ്പിക്കപ്പെട്ട കുർബാനക്രമത്തിനാണു മാർപ്പാപ്പ അംഗീകാരം നൽകിയിരിക്കുന്നത്. മറ്റു റീത്തുകളെപ്പോലെ തന്നെ സീറോ മലബാർ സഭയും ഏകീകരണത്തിനു തയ്യാറെടുക്കുകയാണ്. ഇതു യോജിപ്പിന്റെ, വളർച്ചയുടെ പടികളാണ്. ഏതു ദേശത്തായിരുന്നാലും, ഏതു സ്ഥലത്തായിരുന്നാലും ഒരേ രീതിയിൽ കുർബാന അർപ്പിക്കുന്നതല്ലേ നല്ലത്? കൂദാശകളുടെ കൂദാശയായ വി.കുർബാനയിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല എന്നതാണു വാസ്തവം. കുർബാനയുടെ പ്രാരംഭഭാഗവും സമാപനഭാഗവും പുരോഹിതൻ ജനാഭിമുഖമായും അനാഫൊറ ഭാഗം അൾത്താരാഭിമുഖമായും കുർബാന അർപ്പിക്കുന്നു. ഇതു മാത്രമാണു പ്രധാന വ്യത്യാസം.

പ്രസ്തുത വിഷയത്തിൽ ഇരുൾപരത്തിയതും വേദനിപ്പിച്ചതുമായ കാര്യം ഒരുകൂട്ടം വൈദികരും സഭാമക്കളും നിരത്തിലിറങ്ങിയ കാഴ്ചയാണ്. തീർത്തും ഒഴിവാക്കാമായിരുന്ന പ്രതിഷേധ മാർഗ്ഗങ്ങൾ. ഏറ്റവും നൊമ്പരപ്പെടുത്തിയതു നയിക്കുന്നവർ നിരത്തിലിറങ്ങിയപ്പോഴാണ്. അഭിപ്രായവ്യത്യാസങ്ങളും പൊരുത്തക്കേടുകളും സഭയുടെ അതിർവരമ്പുകൾക്കുള്ളിൽ തന്നെ തുറന്ന ചർച്ചകൾക്കും ചിന്തകൾക്കും വിധേയമാക്കാമായിരുന്നു. കാലഘട്ടത്തിന്റെ അനിവാര്യതയായ പരിവർത്തനങ്ങളിൽ സഭയുടെ ഇടപെടലുകൾ ഉണ്ടാകുമ്പോൾ ഇത്ര വീർപ്പുമുട്ടേണ്ട, വിരളിപിടിക്കേണ്ട സാഹചര്യമുണ്ടോ എന്നു വിചിന്തനം ചെയ്യുന്നതു നന്നായിരിക്കും. ആരേയും പ്രതികൂലമായി ബാധിക്കാത്ത മാറ്റങ്ങളിൽ എന്തു നഷ്ടപ്പെടുന്നു എന്ന ചിന്ത വല്ലാതെ അലട്ടുന്നു. സഭയുടെ നന്മയ്ക്കു മുന്നിൽ വ്യക്തിതാത്പര്യങ്ങൾ പ്രസക്തമല്ല എന്ന ചിന്ത എന്നുമുണ്ടാകണം. സഭയുടെ ചട്ടകൂടും അധികാരശ്രേണി യുമെല്ലാം അർപ്പണത്തിലും ശുശ്രൂഷയിലും അധിഷ്ഠിതമാണ്. സഭയുടെ വളർച്ചയും പ്രതിബന്ധങ്ങളെ തരണം ചെയ്യലുമെല്ലാം വ്യക്തമാക്കുന്നതും ഇതുതന്നെയാണ്. ഇറങ്ങിച്ചെന്നു വീണ്ടെടുത്തവനാണു ക്രിസ്തു. തന്റെ സമാനതകൾ കാര്യമാക്കാതെ ഇറങ്ങിവന്നവൻ. നമ്മുടെ മേലധികാരികളെ മാനിച്ചും അനുസരിച്ചും ശുശ്രൂഷാമനോഭാവത്തോടെ മുന്നേറുമ്പോഴാണു സഭ വളരുന്നത്. കൂട്ടായ്മയുടെ അനുഭവം ആസ്വാദ്യമാവുന്നത്. ഇടയന്റെ വഴിയേ നടന്നാലേ അജഗണങ്ങൾ കൂടണയൂ, ചിതറിയാൽ ചെന്നായ്ക്കു ഇരയാകും. അപ്പന്റെയൊപ്പം മക്കളും നിൽക്കുമ്പോഴാണു കുടുംബം ഇമ്പമുള്ളതാക്കുന്നത്. അല്ലാത്തപക്ഷം കുടുംബതാളം അവതാളമായി മാറും.

" അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ് "

പ്രതിസന്ധികൾ എന്നും സഭയുടെ വളർച്ചയുടെ ഭാഗമാണ്. തടസ്സങ്ങളെ സംയമനത്തോടെ നേരിട്ടു വിജയിച്ച ചരിത്രമാണു സഭക്കുള്ളത്. ഒരു പ്രതിബന്ധങ്ങളും സഭയെ തളർത്തുകയോ തകർക്കുകയോ ഇല്ല. തന്റെ സന്തതസഹചാരികളായ പന്ത്രണ്ടു ശിഷ്യരും ഭയന്നു ചിതറിയോടി ഒറ്റപ്പെട്ടപ്പോഴും സമചിത്തതയോടെ കൂട്ടിച്ചേർത്തവനാണു സഭയുടെ ശക്തി. ലോകത്തിന്റെ പാപങ്ങൾ ഏറ്റുവാങ്ങി മരണം വരിച്ചു ലോകത്തെ വീണ്ടെടുത്തവനാണു സഭയുടെ കരുത്ത്. പ്രശ്നങ്ങളൊന്നും സഭയെ ഉലയ്ക്കില്ലെന്നുറപ്പ്. എതിർസ്വരങ്ങളെല്ലാം ഒരേസ്വരമായി മാറുന്ന കാലം വിദൂരമല്ല. സംയമനത്തോടും സമചിത്തതയോടും സാഹചര്യങ്ങളെ സമീപിക്കാം. പ്രതിഷേധങ്ങളും ശബ്ദകോലാഹലങ്ങളും പെട്ടെന്നുതന്നെ കെട്ടടങ്ങും. ഇടയന്റെ വഴിയിൽ എല്ലാവരും ഒരുമിച്ചു നീങ്ങും. അപ്പന്റെയൊപ്പം നമുക്കും നടക്കാം.
"സഭക്കൊപ്പം സഭാധ്യക്ഷൻമാർക്കൊപ്പം, എന്നും എപ്പോഴും"


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26