മ്യൂണിക്: ആകാശത്ത് അജ്ഞാത ഡ്രോണുകള്‍ കണ്ടതിനെ തുടര്‍ന്ന് ജര്‍മനിയിലെ മ്യൂണിക് വിമാനത്താവളം ആറ് മണിക്കൂര്‍ അടച്ചിട്ടു. രാജ്യത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നാണ് മ്യൂണിക്.
ഇവിടെ ലാന്‍ഡ് ചെയ്യാനെത്തിയ 15 വിമാനങ്ങള്‍ മറ്റു വിമാന താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. വ്യാഴാഴ്ച്ച രാത്രി 11 നാണ് വിമാനത്താവളത്തിന് മുകളില്‍ ഡ്രോണുകള്‍ കൂട്ടത്തോടെ പറന്നെത്തിയത്. ഉടന്‍ തന്നെ അടച്ച വിമാന താവളം വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചിനാണ് തുറന്നത്.
വിമാനത്താവളം അടച്ചതുമൂലം 19 വിമാനങ്ങള്‍ റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തതായി പ്രമുഖ ജര്‍മന്‍ എയര്‍ലൈന്‍ കമ്പനിയായ ലുഫ്താന്‍സ അറിയിച്ചു. ഇതില്‍ ഏഷ്യയിലേക്കുള്ള മൂന്ന് ദീര്‍ഘദൂര വിമാനങ്ങളും ഉള്‍പ്പെടുന്നു.
വിമാനങ്ങള്‍ മുടങ്ങിയതോടെ മ്യൂണിക് വിമാനത്താവളത്തില്‍ യാത്രക്കാര്‍ ഏറെ ദുരിതത്തിലായി. രാത്രിയായതിനാല്‍ ദുരിതം ഇരട്ടിച്ചതായി പല യാത്രക്കാരും പരാതിപ്പെട്ടു. മ്യൂണിക്കിലെ പ്രശസ്തമായ ഒക്ടോബര്‍ ഫെസ്റ്റ് നടക്കുന്ന സമയമായതിനാല്‍ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്.
ഡ്രോണുകള്‍ കണ്ടതിനെ തുടര്‍ന്ന് അടച്ചു പൂട്ടുന്ന യൂറോപ്പിലെ ഏറ്റവും പുതിയ വിമാനത്താവളമാണ് മ്യൂണിക്. ഡെന്‍മാര്‍ക്കിലെയും നോര്‍വേയിലെയും ഒട്ടേറെ വിമാനത്താവളങ്ങള്‍ക്ക് മുകളില്‍ ഡ്രോണുകള്‍ പറന്നത് ഭീതി പരത്തിയിരുന്നു.
മിക്ക വിമാനത്താവളങ്ങളും മണിക്കൂറുകളോളം അടച്ചിടേണ്ടി വന്നു. ഡെന്‍മാര്‍ക്ക് പിന്നീട് തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ ഡ്രോണ്‍ പറത്തില്‍ നിരോധിക്കുകയും ചെയ്തു. സെപ്റ്റംബര്‍ അവസാനത്തോടെ റുമാനിയയിലും പോളണ്ടിലും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ എസ്തോണിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന ആരോപണം ഇതിനിടയില്‍ ഉണ്ടായി. ഇതിനെല്ലാം പിന്നില്‍ റഷ്യയാണെന്നാണ് നാറ്റോ രാജ്യങ്ങളുടെ ആരോപണം. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ആരോപണം നിഷേധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.