ന്യൂഡല്‍ഹി: രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നേട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച അവകാശ വാദം തെറ്റാണെന്ന് റിപ്പോര്‍ട്ട്. നീതി ആയോഗിന്റെ ബഹുതല ദാരിദ്യ സൂചിക തയ്യാറാക്കിയത് 2015-16 ലെ കുടുംബാരോഗ്യ സര്‍വേ നാലിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
2019-20 ലെ കുടുംബാരോഗ്യ സര്‍വേ അഞ്ചിന്റെ ഫലവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ സൂചിക പട്ടിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും കേരളത്തിന്റെ നേട്ടം സംബന്ധിച്ച് നടത്തിയ അവകാശവാദം തെറ്റാണെന്നാണ് വ്യക്തമായിരിക്കുകയാണ്.
മഹാമാരിയും പ്രകൃതി ദുരന്തങ്ങളും ഉള്‍പ്പടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പു വരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്നാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ അവകാശപ്പെട്ടത്. എന്നാല്‍ കേരളം ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത് 2015-16 ലെ സര്‍വേ അടിസ്ഥാനമാക്കി ഉള്ളതാണെന്നാണ് നീതി ആയോഗ് പറയുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യമായി അധികാരത്തിലേറുന്നത് 2016-ലാണ്. അതിന് മുമ്പുള്ള സര്‍വേ പ്രകാരം തയ്യാറാക്കിയ സൂചികയിലെ നേട്ടത്തില്‍ എല്‍ഡിഎഫ് അവകാശവാദം ഉന്നയിച്ചത് അടിസ്ഥാന രഹിതമാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
പോഷകാഹാരം, ശിശു-കൗമാര മരണ നിരക്ക്, പ്രസവാനന്തര പരിപാലനം, സ്‌കൂള്‍ വിദ്യാഭ്യാസം, ഹാജര്‍ നില, പാചക ഇന്ധന ലഭ്യത, ശുചിത്വം, കുടിവെള്ള ലഭ്യത, വൈദ്യുതി, വീട്, സമ്പാദ്യം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യ സൂചിക തയ്യാറാക്കിയത്. സൂചികയനുസരിച്ച് ദരിദ്രര്‍ കൂടുതല്‍ ബിഹാറിലാണ്. വലിയ അന്തരമാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മില്‍.
കേരളത്തില്‍ ദരിദ്രരുടെ ശതമാനം 0.71 ആണ്, 10,000 ത്തില്‍ 71 പേര്‍. അതേസമയം, ബിഹാറില്‍ ജനസംഖ്യയുടെ 51.91 ശതമാനവും ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും യു.പി.യില്‍ 37.79 ശതമാനവും ദരിദ്ര വിഭാഗത്തിലാണ്. കേരളം കഴിഞ്ഞാല്‍ പാവപ്പെട്ടവര്‍ കുറവ് ഗോവയിലാണ് -3.76 ശതമാനം. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ 4.89 ശതമാനവും കര്‍ണാടകത്തില്‍ 13.16 ശതമാനവും ദരിദ്രരുണ്ടെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.