പഴങ്ങളാല്‍ മധുരമൂറും സജി മാത്യുവിന്റെ കൃഷിപ്പെരുമ

പഴങ്ങളാല്‍ മധുരമൂറും സജി മാത്യുവിന്റെ കൃഷിപ്പെരുമ

സ്വാദേറിയ പഴങ്ങൾ എവിടെക്കണ്ടാലും അതിന്റെയൊരു തൈ സ്വന്തമാക്കുക എന്നത് സജി മാത്യുവിന്റെ ശീലമാണ്. തൈകൾ സ്വന്തമാക്കുക മാത്രമല്ല വീട്ടിലെത്തിയാൽ ബഡിങ് നടത്തി മികവേറ്റി നട്ടുവളർത്തും.

റംബൂട്ടാനും മാംഗോസ്റ്റീനുമെല്ലാം നിറഞ്ഞുനിൽക്കുന്നതിന് പുറമെ ഡ്രാഗൺ ഫ്രൂട്ടും വിപുലമായി കൃഷിചെയ്ത് തുടങ്ങിയിരിക്കുകയാണിപ്പോൾ സജി. സപ്പോട്ട, ഫുലാസാൻ, ലോഗൻ, മട്ടോവ, ബട്ടർ, ദുരിയാൻ എന്നിങ്ങനെ നാടനും വിദേശിയുമായി 150 ഇനം പഴങ്ങൾ വിളയുന്നുണ്ടിവിടെ. വർഷത്തിൽ മുക്കാൽലക്ഷത്തോളം രൂപ ഇതിന്റെ വിൽപ്പനയിലൂടെ ഇദ്ദേഹത്തിന് ലഭിക്കും.

പാരമ്പര്യമായി കർഷക കുടുംബമാണ് സജി മാത്യുവിന്റേത്. എട്ടേക്കർസ്ഥലത്ത് കൃഷിയുണ്ട്. തെങ്ങും കുവുങ്ങും റബ്ബറും ജാതിയുംമുതൽ ഇഞ്ചിയും മഞ്ഞളും കപ്പയും വരെ കൃഷി ചെയ്യുന്നുണ്ട്. അത്യുത്പാദനശേഷിയുള്ള നോവ ജാതിത്തൈകളുടെ പിറവിക്ക് പിന്നിലും സജിയുടെ കഠിനാധ്വാനത്തിന്റെ വിജയഗാഥയുണ്ട്. നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ പുരസ്കാരം നേടിയ വേറിട്ട പരീക്ഷണമായിരുന്നു അത്. കൃഷിയിടത്തിലെ ഗുണമേന്മയുള്ള ജാതിത്തൈകൾ കണ്ടെത്തി ഗ്രാഫ്റ്റിങ് നടത്തി തുടർന്ന ശ്രമങ്ങൾക്കൊടുവിലാണ് നോവയുടെ പിറവി.

2002 കാലത്ത് സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ ജാതിത്തൈക്ക് ഏകമകളുടെ പേരുമിട്ടു. മേന്മയും തൂക്കവും കൂടിയ ഇനമെന്നനിലയിൽ നോവയ്ക്ക് മികച്ച വിപണിസ്വീകാര്യതയും കിട്ടി. എട്ടുവർഷം പ്രായമായ ജാതിയിൽനിന്ന് രണ്ടായിരത്തോളം കായകൾ ലഭിക്കുമെന്ന് സജി പറയുന്നു. നല്ലവിലയുള്ള സമയത്താണെങ്കിൽ ഒരുമരത്തിൽനിന്ന് വർഷം 20,000 രൂപയോളം വരുമാനം ഉറപ്പ്.

സമ്മിശ്രമാണ് സജിയുടെ കൃഷിയിടം. ഇരുനൂറോളം തെങ്ങും നൂറ്റിയെഴുപത്തഞ്ചോളം റബ്ബറുമുണ്ട്. വർഷത്തിൽ നാലഞ്ച് ക്വിന്റൽ ജാതി വിളവെടുക്കും. മൂന്നുപശുവും ഒരു എരുമയുമുള്ളതിനാൽ വളം യഥേഷ്ടം. ബയോഗ്യാസ് പ്ലാന്റിൽനിന്നുള്ള സ്ലറിയാണ് പ്രധാന വളം. പറമ്പിൽ വലിയൊരു കുളവും രണ്ടു കുഴൽക്കിണറുമുള്ളതിനാൽ വെള്ളത്തിനും ബുദ്ധിമുട്ടില്ല. 2500-ഓളം തിലോപ്പിയ മത്സ്യങ്ങളെ വളർത്തുന്നുണ്ട്. 20 തേനീച്ചക്കൂട്ടിൽനിന്ന് ചെറുതേനും ലഭിക്കുന്നു. നേന്ത്രനും പൂവനുമെല്ലാമായി വാഴക്കൃഷിയും പതിവ്.

2011-12 വർഷം ആത്മപദ്ധതിയിൽ മികച്ച ഉദ്യാനകർഷകനായി സജി മാത്യു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഹോർട്ടികൾച്ചർ റിസർച്ച്, സി.പി.സി.ആർ.ഐ. കാസർകോട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്, ഓൾ കേരള ഫാർമേഴ്സ് അസോസിയേഷൻ തുടങ്ങിയവയുടെ പുരസ്കാരവും തേടിയെത്തി.

സംസ്ഥാന സർക്കാരിന്റെ 2012-ലെ മികച്ച ബഹുവിള കർഷകനുള്ള കർഷകോത്തമ പുരസ്കാരം നേടിയ സജി മാത്യു മണ്ണിനെ സ്നേഹിക്കുന്ന കർഷകനാണ്. ഏതുസമയവും കൃഷിയിടത്തിലാണ് ഈ 55-കാരനെ കാണുക. ഭാര്യ ഉഷയും മകൾ പി.ജി. വിദ്യാർഥിനിയായ നോവയും സജിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.