ഏകീകരിച്ച കുര്‍ബാനക്രമം: ഐക്യത്തിന്റെ പുതുയുഗം യാഥാര്‍ത്ഥ്യമായെന്ന് മീഡിയാ കമ്മീഷന്‍

ഏകീകരിച്ച കുര്‍ബാനക്രമം: ഐക്യത്തിന്റെ പുതുയുഗം യാഥാര്‍ത്ഥ്യമായെന്ന്  മീഡിയാ കമ്മീഷന്‍

കൊച്ചി: ഏകീകരിച്ച വിശുദ്ധ കുര്‍ബാക്രമം നടപ്പില്‍ വന്നതോടെ ദശാബ്ദങ്ങളായുള്ള സീറോ മലബാര്‍ സഭാ മക്കളുടെ പ്രതീക്ഷ സഫലമായതായി സീറോ മലബാര്‍ സഭാ മീഡിയാ കമ്മീഷന്‍ വിലയിരുത്തി. സഭയിലെ പുതിയ യുഗത്തിന്റെ പ്രാരംഭമായി ഏകീകൃത കുര്‍ബാനയര്‍പ്പണ രീതിയുടെ തുടക്കത്തെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശേഷിപ്പിച്ചത് തികച്ചും അര്‍ത്ഥ പൂര്‍ണമാണ്.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റി വച്ച് സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ അധ്വാനിച്ച എല്ലാ വിശ്വാസികളും വൈദികരും സന്യസ്തരും സഭയുടെ മുഴുവന്‍ അഭിനന്ദനവും അര്‍ഹിക്കുന്നു. മാര്‍പാപ്പയും പൗരസ്ത്യ സഭകളുടെ കാര്യാലയവും നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തിലാണ് 2021 ഓഗസ്റ്റ് മാസത്തില്‍ ചേര്‍ന്ന സഭാ സിനഡ് വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി ഏകീകരിക്കാന്‍ തീരുമാനിച്ചത്.

രണ്ടു രൂപതകളില്‍ മാത്രമേ നിര്‍ദ്ദിഷ്ട സിനഡ് ക്രമം നടപ്പിലാക്കാന്‍ സാവകാശം ആവശ്യമായി വന്നുള്ളൂ എന്നത് ഏറെ ശ്രദ്ധേയമാണ്. കാനന്‍ നിയമം 1538 പ്രകാരമുള്ള ഇളവുകള്‍ താല്‍ക്കാലികവും പ്രാദേശികവുമാകയാല്‍ അത് സഭയുടെ കൂട്ടായ്മക്കെതിരാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.

സീറോ മലബാര്‍ സഭയിലെ മറ്റെല്ലാ രൂപതകളും നടപ്പിലാക്കിയ ഏകീകൃത ബലിയര്‍പ്പണരീതിയിലേക്ക് ഇപ്പോള്‍ സാവകാശം നല്‍കിയിരിക്കുന്ന രൂപതകളും കൂടി താമസം വിനാ കടന്നുവരും. ഏകീകൃത ബലിയര്‍പ്പണരീതി നടപ്പിലാക്കാന്‍ സാവകാശം ആവശ്യമുള്ള രൂപതകള്‍ക്ക് 2022 ഏപ്രില്‍ വരെ സിനഡ് സമയം അനുവദിച്ചിരുന്നു.

സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ധീരമായ നേതൃത്വവും വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് കൂട്ടായ്മയുടെ വലിയ സാക്ഷ്യത്തിന് വഴിയൊരുക്കിയത്.

സഭയുടെ സ്ഥിരം സിനഡ് അംഗങ്ങളായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞറളക്കാട്ട്, മാര്‍ ജേക്കബ് മനത്തോടത്ത് എന്നീ പിതാക്കന്മാരുടെ ശക്തമായ നിലപാടുകള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ സഭയ്ക്കു ദിശാബോധം നല്‍കി.

കൂടുതല്‍ ഐക്യത്തിലേക്കും സുവിശേഷാരൂപിയിലേക്കും വളരുവാനുള്ള അവസരമാണ് ഏകീകൃത ബലിയര്‍പ്പണ രീതി നടപ്പിലാക്കിയതിലൂടെ സഭയ്ക്കു കൈവന്നിരിക്കുന്നതെന്ന് മീഡിയാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.