ന്യുഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ പ്രതിനിധികളുമായി ഡിസംബര്‍ മൂന്നിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂവേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറിയും വനംവകുപ്പ് സെക്രട്ടറിയും പങ്കെടുക്കും. ചര്‍ച്ചയില്‍ കേരളത്തിലെ എംപിമാര്‍ കൂടി പങ്കെടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ലോക്‌സഭയില്‍ ഡീന്‍ കുര്യാക്കോസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.
കേരളത്തിലെ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെയാണ് കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതി ലോല പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് ഉമ്മന്‍ വി ഉമ്മന്‍ സമിതി തയ്യാറാക്കിയ പട്ടിക പ്രകാരം ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ച് 2018 ഡിസംബറില്‍ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ജനവാസ മേഖലയില്‍ വരുന്ന 880 ചതുരശ്ര കിലോമീറ്റര്‍ കൂടി കുറക്കണമെന്നാണ് ഇപ്പോള്‍ കേരളത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കാനാകില്ലെന്നാണ് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.
ഉമ്മന്‍ വി ഉമ്മന്‍ സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ ചിലത് പുനപരിശോധിക്കേണ്ടിവരുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ നയപരമായ തീരുമാനം എടുക്കുന്നതിനാണ് ചീഫ് സെക്രട്ടറി, വനംവകുപ്പ് സെക്രട്ടറി എന്നിവരെ വനംപരിസ്ഥിതി മന്ത്രാലയം ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.
2018 ഒക്ടോബര്‍ മൂന്നിന് പുനപ്രസിദ്ധീകരിച്ച കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന്റെ കാലാവധി 2021 ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ കരട് സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ പുതുക്കിയും കാലാവധി നീട്ടിയും കരട് വിജ്ഞാപനം പലതവണ ഇറക്കിയിരുന്നു. അതുകൊണ്ടു തന്നെ അന്തിമ വിജ്ഞാപനം ഇനിയും വൈകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.