കര്‍ണാടകയിലെ ബേലൂരില്‍ ക്രൈസ്തവര്‍ക്ക് നേരെ ബജ്രംഗ്ദളിന്റെ അതിക്രമം

കര്‍ണാടകയിലെ ബേലൂരില്‍ ക്രൈസ്തവര്‍ക്ക് നേരെ ബജ്രംഗ്ദളിന്റെ അതിക്രമം

ബേലൂര്‍ (കര്‍ണാടക): കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്കെതിരെ വീണ്ടും ഭീഷണിയുമായി തീവ്ര ഹിന്ദുത്വ വാദികള്‍. ഹസന്‍ ജില്ലയിലെ ബേലൂരിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളിലേക്ക് അതിക്രമിച്ച് കയറിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം ആരോപിച്ച് പ്രാര്‍ത്ഥന തടസപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്തു.

ഓണ്‍ലൈന്‍ മാധ്യമമായ 'ദി ന്യൂസ് മിനിറ്റ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന സ്ത്രീകളോട് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടിക്കയറുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

സംഭവമറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്തെത്തിയെന്നും തങ്ങള്‍ എത്തിയപ്പോള്‍ ഇരുവിഭാഗവും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നെന്നുമാണ് പോലീസ് വിശദീകരണം. ബജ്രംഗ്ദള്‍, ശ്രീരാമസേന തുടങ്ങിയ തീവ്ര ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ക്രൈസ്തവ ദേവാലയങ്ങളിലും പ്രാര്‍ത്ഥനാ ഹാളുകളിലും അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കുന്നത് സമീപ കാലത്ത് വര്‍ധിച്ചിരിക്കുകയാണ്. ഉഡുപ്പി, കൊടക്, ബെലഗാവി, ചിക്ബല്ലാപൂര്‍, കണകപുര, അര്‍സികേരെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹിന്ദുത്വ വാദികളുടെ ആക്രമണം ഒഴിവാക്കുന്നതിനായി പ്രാര്‍ത്ഥനകള്‍ നടത്തരുതെന്ന ബെലഗാവി പോലീസ് മുന്നറിയിപ്പ് വിവാദമായിരുന്നു. കഴിഞ്ഞ ആഴ്ച ക്രൈസ്തവ നേതൃത്വം പോലീസുമായി ചര്‍ച്ച നടത്തിയപ്പോള്‍ സംരക്ഷണം ഉറപ്പ് വാഗ്ദാനം ചെയ്തു ദിവസങ്ങള്‍ക്കകമാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.

കര്‍ണാടക സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം അവതരിപ്പിക്കുവാന്‍ പദ്ധതിയിടുന്നതുമായി ബന്ധപ്പെട്ട് മതപരിവര്‍ത്തനത്തിനെതിരെ ഒരു പ്രതികൂല കാലാവസ്ഥ സൃഷ്ടിക്കുക എന്നത് തന്നെയാണ് ആക്രമണങ്ങളുടെ പിന്നിലെ ലക്ഷ്യമെന്ന് കഴിഞ്ഞ മാസം തങ്ങളുമായി സംസാരിച്ച ഹിന്ദുത്വവാദികള്‍ സമ്മതിച്ചതായും 'ദി ന്യൂസ് മിനിറ്റി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.