അടിമകളെ വിലയ്ക്ക് വാങ്ങി സ്വതന്ത്രരാക്കിയ വിശുദ്ധ എലീജിയൂസ്

അടിമകളെ വിലയ്ക്ക് വാങ്ങി സ്വതന്ത്രരാക്കിയ വിശുദ്ധ എലീജിയൂസ്

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 01

ഫ്രാന്‍സിലെ കാത്തോലാത്ത് എന്ന പ്രദേശത്ത് 558 ല്‍ ആണ് എലീജിയൂസിന്റെ ജനനം. ഭക്തരായ മാതാപിതാക്കള്‍ മകനെ ദൈവ ഭക്തിയിലാണ് വളര്‍ത്തിക്കൊണ്ടു വന്നത്. സ്വര്‍ണപ്പണിയില്‍ വളരെയധികം പ്രാവിണ്യം നേടിയിരുന്ന അദ്ദേഹം കടുത്ത ദൈവഭക്തനായിരുന്നു. ദേവാലയത്തിലെ പ്രാര്‍ഥനകള്‍ക്കും ആരാധനകള്‍ക്കും വളരെ പ്രാധാന്യം നല്‍കിയ എലീജിയൂസ് നല്ലൊരു പ്രാസംഗികന്‍ കൂടിയായിരുന്നു.

പാരീസിലെ ക്ലോട്ടയര്‍ ദ്വീതിയന്‍ രാജാവ് അദ്ദേഹത്തോട് ഒരിക്കല്‍ സ്വര്‍ണവും രത്നകല്ലുകളും ഉപയോഗിച്ച് ഒരു കസേര ഉണ്ടാക്കുവാന്‍ ആവശ്യപ്പെട്ടു. വളരെ മനോഹരമായ രീതിയില്‍ തന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തീകരിച്ച അദ്ദേഹത്തെ തന്റെ സ്വര്‍ണ്ണ ഖനികളുടെ നിയന്‍താവായി രാജാവ് നിയമിച്ചു.

ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ട പല വിശുദ്ധരുടെ തിരുശേഷിപ്പുകളും കുഴിമാടങ്ങളും എലീജിയൂസാണ് അലങ്കരിച്ചിരുന്നത്. ജോലി തുടങ്ങുന്നതിന് മുന്‍പ് പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുന്ന വിശുദ്ധന്‍ സമയം കിട്ടുമ്പോഴൊക്കെ പലവിധ സദ്ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ തല്‍പരനായിരുന്നു.

യേശുവിന്റെ പാത പിന്തുടര്‍ന്ന് ദാരിദ്രത്തില്‍ ജീവിക്കുവാന്‍ ഇഷ്ട്ടപ്പെട്ട അദ്ദേഹം തന്റെ വിലപ്പിടിപ്പുള്ള വസ്ത്രങ്ങള്‍ അടക്കം എല്ലാം പാവപ്പെട്ടവര്‍ക്കായി ദാനം ചെയ്തു. പാവപ്പെട്ടവരെ സഹായിക്കുക എന്നത് എലീജിയൂസിന് ഒരഭിനിവേശമായിരുന്നു. അടിമകളെ വിലയ്ക്ക് വാങ്ങി സ്വതന്ത്രരാക്കുവാന്‍ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. അങ്ങനെ സ്വതന്ത്രരാക്കിയ അടിമകളില്‍ ഒരാളാണ് വിശുദ്ധ തോമസ്.

എലീജിയൂസിന്റെ അളവറ്റ പാണ്ഡിത്യവും സുകൃതവും പരിഗണിച്ച് പിന്നീട് അദ്ദേഹത്തെ നോയണിലെ മെത്രാനായി നിയമിച്ചു. എന്നാല്‍ രണ്ട് വര്‍ഷം നന്നായി ഒരുങ്ങിയ ശേഷമേ അദ്ദേഹം മെത്രാഭിക്ഷേകത്തിനു തയ്യാറായുള്ളൂ. എളിമയും ദാരിദ്രവും പലവിധ സുകൃതങ്ങളും കൂടെപ്പിറപ്പാക്കി യേശുവിനെ കാണുവാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചു. 659 ഡിസംബര്‍ ഒന്നിന് തന്റെ 71 -ാം വയസില്‍ എലീജിയൂസ് ദൈവസന്നിധിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. എഡ്മണ്ട്

2. ഉര്‍സീനൂസ്

3. കോണ്‍സ്റ്റന്റന്‍

4. ഒളിസിയാറെഡ്സ്

5. അലക്സാണ്ടര്‍ ബ്രിയന്റ്

6. ചാള്‍സ് ഡി ഫോക്കോള്‍ഡ്

7. റോമാക്കാരനായ അന്‍സാനൂസ്

8. മിലാന്‍ ബിഷപ്പായിരുന്ന കാസ്ട്രീഷ്യന്‍

9. മേസ്ട്രിക്ട്‌സ് ബിഷപ്പായിരുന്ന കാന്ത്രെസ്

10. വെര്‍ഡൂണ്‍ ബിഷപ്പായിരുന്ന അജെരിക്കൂസ്

11. അസീരിയായിലെ രക്തസാക്ഷി അനാനിയാസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26