സിപിഎം നേതാവിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്: നാലുപേര്‍ കസ്റ്റഡിയില്‍; തിരുവല്ലയില്‍ ഹര്‍ത്താല്‍ തുടങ്ങി

സിപിഎം നേതാവിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്: നാലുപേര്‍ കസ്റ്റഡിയില്‍; തിരുവല്ലയില്‍ ഹര്‍ത്താല്‍ തുടങ്ങി

തിരുവല്ല: തിരുവല്ലയില്‍ സിപിഎം നേതാവ് പി.ബി സന്ദീപ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പ്രതികള്‍ കസ്റ്റഡിയില്‍. ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പിടികൂടിയത്. തിരുവല്ല പുളിക്കീഴ് സ്റ്റേഷനില്‍ പ്രതികളെ എത്തിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസി കൂടിയായ കേസിലെ മുഖ്യപ്രതി ഇരുപത്തി മൂന്നുകാരനായ ജിഷ്ണു, സുഹൃത്ത് പ്രമോദ്, നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് ഇപ്പോള്‍ പൊലീസ് പിടിയിലായിരിക്കുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്. ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ശ്രദ്ധ ഈ കേസിലുണ്ടായിരുന്നു.

പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതില്‍ മറ്റു ചിലര്‍ കൂടി അറസ്റ്റിലാകുമെന്ന് സൂചനയുണ്ട്. പ്രധാന പ്രതിയായ ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാര്‍ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് നേരിയ തോതില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായാണ് ലഭിക്കുന്ന സൂചനകള്‍.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കൊലപാതകം. നെടുമ്പ്രം ചാത്തങ്കരി മുക്കിന് അരക്കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.