സാന്റാക്ലോസിനെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ച നോര്‍വീജിയന്‍ പരസ്യം വിവാദത്തില്‍

സാന്റാക്ലോസിനെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ച നോര്‍വീജിയന്‍ പരസ്യം വിവാദത്തില്‍

സൂപ്പര്‍മാനു പിന്നാലെ സാന്റാക്ലോസിനെയും സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചതില്‍ വിമര്‍ശനം ശക്തമാകുന്നു

ഓസ്ലോ: ക്രിസ്മസിന്റെ സാര്‍വദേശീയ പ്രതീകങ്ങളിലൊന്നായ സാന്റാക്ലോസിനെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ച നോര്‍വീജിയന്‍ പരസ്യം വിവാദത്തിലേക്ക്.

നോര്‍വീജിയന്‍ തപാല്‍ സേവനമായ പോസ്റ്റെന്‍ നോര്‍ജ് ആണ് പരസ്യത്തിന് പിന്നില്‍. 1972-ല്‍ നോര്‍വേ സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയതിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരസ്യം തയ്യാറാക്കിയത്. വെന്‍ ഹാരി മെറ്റ് സാലി എന്ന ഹിറ്റ് അമേരിക്കന്‍ റൊമാന്റിക് കോമഡി സിനിമയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് 'വെന്‍ ഹാരി മെറ്റ് സാന്റ' എന്നാണ് പരസ്യത്തിന് പേരിട്ടിരിക്കുന്നത്.

അതേസമയം ക്രൈസ്തവ വിശ്വാസികളില്‍നിന്ന് വലിയ വിമര്‍ശനമാണ് പരസ്യം നേരിടുന്നത്. സ്വവര്‍ഗാനുരാഗം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഇത്തരം പരസ്യങ്ങള്‍ക്കു പിന്നിലെ പ്രചോദനമെന്ന് വിമര്‍ശിക്കുന്നവര്‍ ഏറെയാണ്.

ക്രിസ്മസ് സമയത്ത് സമ്മാനങ്ങളുമായി എത്തുന്ന സാന്റാക്ലോസ് ഒരു പങ്കാളിയെ കണ്ടെത്തുന്നതാണ് പരസ്യത്തിന്റെ കാതല്‍. ഹാരി എന്ന് പേരുള്ള പുരുഷനെയാണ് സാന്റാക്ലോസിന്റെ പങ്കാളിയായി പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവരും ഏറെ ഇഷ്ടപ്പെടുന്ന, റെയിന്‍ഡിയറുകളെ പൂട്ടിയ മഞ്ഞുവണ്ടിയില്‍ നിറയെ സമ്മാനങ്ങളും സ്നേഹവുമായി എത്തുന്ന ക്രിസ്മസ് അപ്പൂപ്പനെ ഇത്തരത്തില്‍ ചിത്രീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് ക്രൈസ്തവ വിശ്വാസികള്‍ പറയുന്നു.

സെന്റ് നിക്കോളസ് എന്ന ബിഷപ്പാണ് പിന്നീട് ലോകമറിയുന്ന സാന്റാക്ലോസ് എന്ന ഇതിഹാസമായി മാറിയതെന്നാണ് വിശ്വസനീയമായ ചരിത്രം. ഈ ചരിത്രത്തെ അട്ടിമറിക്കുന്ന രീതിയിലുള്ള പുതിയ ആഖ്യാനമാണ് പരസ്യത്തിലൂടെ സാന്റയ്ക്കു നല്‍കിയിരിക്കുന്നത്. പുതുതലമുറയ്ക്ക് തെറ്റായ സന്ദേശവും ചരിത്രവുമാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത്.

അടുത്തിടെ, കുട്ടികള്‍ക്കു പ്രിയപ്പെട്ട സൂപ്പര്‍മാനെയും സ്വവര്‍ഗാനരാഗിയായി അവതരിപ്പിക്കാന്‍ സൃഷ്ടാക്കളായ ഡിസി കോമിക്‌സ് തീരുമാനിച്ചിരുന്നു. ഡിസി കോമിക് സീരിസായ 'സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ ഇല്‍' അഞ്ചാം പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിച്ചത്.

കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളെയാണ് ഇത്തരം സംസ്‌കാരം പ്രചരിപ്പിക്കാനായി ഉപയോഗിക്കുന്നതെന്നാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. പ്രശസ്തമായ കഥാപാത്രങ്ങള്‍ സ്വവര്‍ഗാനുരാഗത്തെ പ്രോല്‍സാഹിപ്പിക്കുന്നത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാനും സമൂഹത്തില്‍ വലിയ അപകടം സൃഷ്ടിക്കാനും കാരണമാകുമെന്നാണ് എതിര്‍ക്കുന്നവരുടെ ആശങ്ക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.