ഇതെന്താ ഗോള്‍ പ്രളയമോ?.. കേരളത്തിന്റെ ഗോള്‍ വര്‍ഷത്തില്‍ അന്തംവിട്ട് അന്തമാന്‍

ഇതെന്താ ഗോള്‍ പ്രളയമോ?.. കേരളത്തിന്റെ ഗോള്‍ വര്‍ഷത്തില്‍  അന്തംവിട്ട് അന്തമാന്‍

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണമേഖല യോഗ്യതാ മത്സരത്തില്‍ കേരളത്തിന്റെ ഗോള്‍ പ്രളയത്തില്‍ അന്തംവിട്ട് അന്തമാന്‍. നിക്കോബാറിനെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് അന്തമാന്‍ നിക്കോബാര്‍ ദ്വീപിനെ തകര്‍ത്താണ് കേരളം രണ്ടാം വിജയമാഘോഷിച്ചത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ലക്ഷദ്വീപിനെ കേരളം കീഴടക്കിയിരുന്നു.

കേരളത്തിനായി നിജോ ഗില്‍ബര്‍ട്ടും ജെസിനും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വിബിന്‍ തോമസ്, അര്‍ജുന്‍ ജയരാജ്, നൗഫല്‍, സല്‍മാന്‍, സഫ്നാദ് എന്നിവരും വല കുലുക്കി. ഈ വിജയത്തോടെ കേരളം പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. ദുര്‍ബലരായ അന്തമാന് കേരളത്തിന് മേല്‍ ഒരു ഘട്ടത്തില്‍ പോലും സമ്മര്‍ദം ചെലുത്താനായില്ല

ആദ്യ പകുതിയില്‍ തന്നെ കേരളം മൂന്ന് ഗോളിന്റെ ലീഡെടുത്തു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലാണ് കേരളം ഗോളടിച്ചത്. ആദ്യ 38 മിനിറ്റുവരെ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ അന്തമാന് സാധിച്ചു. എന്നാല്‍ 39-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിലൂടെ കേരളം ആദ്യ ഗോളടിച്ചു. പോസ്റ്റിലിടിച്ച് വന്ന പന്ത് അനായാസം നിജോ വലയിലെത്തിച്ചു.

പിന്നാലെ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ജെസിന്‍ കേരളത്തിന്റെ ലീഡുയര്‍ത്തി. ബോക്സിനുള്ളിലേക്ക് ലഭിച്ച പാസ് പിടിച്ചെടുത്ത ജെസിന്‍ ഗോള്‍കീപ്പര്‍ സന്‍സാനിയ്ക്ക് ഒരവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. പിന്നാലെ തൊട്ടടുത്ത മിനിട്ടില്‍ ജെസിന്‍ വീണ്ടും ഗോളടിച്ചു. അര്‍ജുന്‍ ജയരാജിന്റെ മനോഹരമായ പാസിലൂടെയാണ് ജെസിന്‍ കേരളത്തിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. ഇതോടെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ ആക്രമിച്ച് തന്നെയാണ് കേരളം കളിച്ചത്. 65-ാം മിനിറ്റില്‍ കേരളം വീണ്ടും ലീഡുയര്‍ത്തി. ഇത്തവണ വിബിന്‍ തോമസാണ് കേരളത്തിനായി വല കുലുക്കിയത്. ബോക്സിലേക്ക് വന്ന കോര്‍ണര്‍ കിക്ക് മികച്ച ഹെഡറിലൂടെ വലയിലെത്തിച്ച് വിബിന്‍ കേരളത്തിന്റെ നാലാം ഗോള്‍ സ്വന്തമാക്കി. 70-ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജിന്റെ വെടിയുണ്ട കണക്കെയുള്ള തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ അന്തമാന്‍ ഗോള്‍വല തുളച്ചു. ഇതോടെ കേരളം 5-0 എന്ന സ്‌കോറിന് ലീഡെടുത്തു. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.

80-ാം മിനിറ്റില്‍ കേരളം വീണ്ടും ലീഡ് നേടി. പകരക്കാരനായി വന്ന നൗഫലാണ് കേരളത്തിന്റെ ആറാം ഗോള്‍ നേടിയത്. 81-ാം മിനിട്ടില്‍ നിജോ ഗില്‍ബര്‍ട്ട് വീണ്ടും ഗോളടിച്ചു. വിബിന്റെ പാസില്‍ നിന്നാണ് താരം ഗോളടിച്ചത്. ഇതോടെ കേരളം 7-0 ന് മുന്നിലെത്തി. 85-ാം മിനിറ്റില്‍ പകരക്കാരനായി വന്ന സല്‍മാനും ലക്ഷ്യം കണ്ടു. ഗോള്‍കീപ്പര്‍ തട്ടിയകറ്റിയ പന്ത് സ്വീകരിച്ച സല്‍മാന്‍ അനായാസം സ്‌കോര്‍ ചെയ്തു.

മത്സരമവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്‍ജുറി ടൈമില്‍ സഫ്നാദ് കേരളത്തിന്റെ ഒന്‍പതാം ഗോളടിച്ചു. സഫ്നാദിന്റെ ലോങ്റേഞ്ചര്‍ പോസ്റ്റിന്റെ വലതുമൂലയില്‍ പതിച്ചു. പോണ്ടിച്ചേരിയാണ് അടുത്ത മത്സരത്തില്‍ കേരളത്തിന്റെ എതിരാളി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.