ന്യൂഡൽഹി: ഒമിക്രോണ്‍ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി ദക്ഷിണേന്ത്യയ. കർണാടകയിൽ കോവിഡിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ദക്ഷിണേന്ത്യയില്‍ ഒമിക്രോണ്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കിയത്.
അതേസമയം തമിഴ്നാട്ടിൽ വിദേശത്ത് നിന്നെത്തിയ പത്തുവയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വകഭേദം കണ്ടെത്താനായി ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്നു ലഭിച്ചേക്കും. ഇവർക്കൊപ്പം യാത്ര ചെയ്ത ബന്ധുക്കളെയും അടുത്ത സീറ്റുകളിലുണ്ടായിരുന്നവരെയും ക്വാറന്റീനിലാക്കി.
രാജ്യത്ത് ആദ്യമായി കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നെത്തുന്നവരെ പരിശോധിയ്ക്കാൻ തമിഴ്നാടും തീരുമാനിച്ചു. അതിർത്തിയായ ഹൊസൂരിൽ യാത്രക്കാരെ ശരീര താപനില പരിശോധിച്ച ശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തി വിടുന്നത്. ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന 12 യാത്രക്കാരെ ഡൽഹി ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വാർഡിൽ 8 രോഗികളാണ് ഉണ്ടായിരുന്നത്. ഇന്നലെ നാല് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഈ എണ്ണം 12ലെത്തി. നാല് പേരിൽ രണ്ട് പേർ ഇംഗ്ലണ്ടിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നും മറ്റൊരാൾ ഹോളണ്ടിൽ നിന്നുമാണ് രാജ്യത്ത് എത്തിയത്. ഈ 12 പേരുടെയും സാമ്പിളുകൾ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.
അതേസമയം, ഒമിക്രോണിൽ ഭീതി വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഒമിക്രോൺ ബാധിതരുടെ സമ്പർക്കപ്പട്ടിക ശേഖരിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും വാക്‌സിനേഷൻ വേഗത വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.