മുല്ലപ്പെരിയാർ വിഷയത്തിൽ 'മു' എന്ന് പോലും മുഖ്യമന്ത്രി മിണ്ടുന്നില്ല: വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

മുല്ലപ്പെരിയാർ വിഷയത്തിൽ 'മു' എന്ന് പോലും മുഖ്യമന്ത്രി മിണ്ടുന്നില്ല: വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ ​ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്ന് വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ അലംഭാവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് നടത്തുന്ന ഉപവാസ സമരത്തിന്റെ വേദിയില്‍ സംസാരിക്കവെയാണ് വി.ഡി സതീശന്‍ സർക്കാരിനെതിരെ വിമർശനമുന്നയിച്ചത്.

മുല്ലപ്പെരിയാറിൽ മരം മുറിക്കുന്നത് ബേബി ഡാം ശക്തിപ്പെടുത്താനാണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാന്‍ ആണ് തമിഴ്നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ 'മു' എന്ന് പോലും മിണ്ടുന്നില്ല എന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

അണക്കെട്ട് തകര്‍ന്നാല്‍ അഞ്ചു ജില്ലകളിലുള്ള ആളുകള്‍ അറബി കടലില്‍ ഒഴുകി നടക്കും എന്നാണ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്. അന്ന് അണക്കെട്ട് ഡീ കമ്മിഷന്‍ ചെയ്യണം എന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ നിലപാട് മാറ്റി. മരം മുറി അനുമതി നല്‍കിയതിലൂടെ കേരളത്തിന്റെ കേസ് ദുര്‍ബലമാക്കി. കേരളത്തിന് അടിസ്ഥാന വിവരങ്ങള്‍ പോലും ഇല്ല. അനാസ്ഥയുടെ പരമോന്നതിയില്‍ ആണ് സര്‍ക്കാര്‍.

മേല്‍നോട്ട സമിതി എടുക്കുന്ന തീരുമാനങ്ങള്‍ മന്ത്രി പോലും അറിയുന്നില്ല. മന്ത്രിമാരെ ഇരുട്ടില്‍ നിര്‍ത്തി എന്തിനാണ് മുഖ്യമന്ത്രി മരം മുറിക്കാൻ ഉത്തരവ് ഇറക്കിയത്. രണ്ടു മന്ത്രിമാര്‍ കാണാത്ത രേഖകള്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ ഉണ്ട്. ഈ രേഖകള്‍ കാണാത്ത മന്ത്രിമാര്‍ എന്തിന് ആ സ്ഥാനത്ത് ഇരിക്കുന്നു. മുഖ്യമന്ത്രിയെ കൊണ്ടു പ്രതിപക്ഷം വാ തുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാത്രി ഷട്ടര്‍ തുറക്കാന്‍ പാടില്ല എന്ന നിബന്ധന തമിഴ്നാട് ലംഘിച്ചിട്ട് ഒന്നും ചെയ്തില്ല. എന്നിട്ട് കത്ത് എഴുതി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തില്‍ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാല്‍ തമിഴ്നാടിന് എപ്പോള്‍ വേണമെങ്കിലും ഷട്ടര്‍ തുറക്കാം എന്നതാണ് അവസ്ഥ. എം.എം മണി ഉള്‍പ്പെടെ ഉള്ളവര്‍ ഇടുക്കിയില്‍ ഉള്ളവരെ കബളിപ്പിക്കുകയാണ് എന്നും വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.