ഏഥന്‍സ്: അപകടകരമാംവിധം അധഃപതിച്ച ജനാധിപത്യത്തിന്റെ അപചയത്തിന് അറുതി വരുത്തി 'നല്ല രാഷ്ട്രീയത്തിലേക്ക്' തിരിച്ചുവരേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ് മാര്‍പാപ്പ. എളുപ്പവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ജനകീയ രാഷ്ട്രീയക്കാരുടെ 'സൈറണ്‍ പാട്ടുകള്‍' അസംതൃപ്ത ജനങ്ങളെ ആകര്‍ഷിക്കുന്നത്് ജനാധിപത്യത്തിനു കനത്ത ദുര്യോഗമായി മാറിയെന്ന നിരീക്ഷണവും ഗ്രീക്ക് തലസ്ഥാനത്തെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ പങ്കു വച്ചു.
അരിസ്റ്റോട്ടില്‍, ഹോമര്‍ തുടങ്ങിയ പുരാതന ഗ്രീക്ക് തത്ത്വചിന്തകരെയും എഴുത്തുകാരെയും അവസരോചിതമായി ഉദ്ധരിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു: പൊതുനന്മയെ അനുകൂലിക്കുന്നതും ഭയം ജനിപ്പിക്കുന്നതില്‍ മുഴുകാത്തതുമായ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരേണ്ട കാലം അതിക്രമിച്ചു. പാപ്പ തന്റെ പ്രസംഗത്തില്‍ ഒരു രാജ്യത്തിന്റെയും പേര് പറഞ്ഞില്ല. എന്നാല്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറ്റാലിയന്‍ തീവ്ര വലതുപക്ഷ നേതാവ് മാറ്റിയോ സാല്‍വിനിയും ഉള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയക്കാരുടെ നയങ്ങളെ വിമര്‍ശിച്ച് പാപ്പ നേരത്തെ നടത്തിയ മൂര്‍ച്ചയേറിയ പരാമര്‍ശങ്ങളുടെ അനുബന്ധ സ്വരമാണ് ഏഥന്‍സില്‍ മുഴങ്ങിയത്, പ്രത്യേകിച്ച് കുടിയേറ്റ വിഷയത്തില്‍.
'ഇന്ന് യൂറോപ്പില്‍ മാത്രമല്ല, ജനാധിപത്യത്തില്‍ നിന്നുള്ള പിന്‍വാങ്ങലിന് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്.ആശങ്കയോടെയല്ലാതെ ഈ പ്രവണതയെ കാണാനാവില്ല'. വിപുലമായ പങ്കാളിത്തം ആവശ്യമുള്ള സങ്കീര്‍ണ്ണവും എന്നാല്‍ അനിവാര്യവുമായ ഒരു മഹാദൗത്യമെന്നാണ് പാപ്പ മാത്ൃകാ ജനാധിപത്യ പ്രക്രിയയെ വിശേഷിപ്പിച്ചത്.ജനപ്രീതിക്കായുള്ള ഭ്രാന്തമായ അന്വേഷണവും ദൃശ്യപരതയ്ക്കുള്ള ദാഹവും യാഥാര്‍ത്ഥ്യബോധമില്ലാത്ത വാഗ്ദാനങ്ങളുടെ പെരുമഴയും മുഖമുദ്രയായുള്ള രാഷ്ട്രീയക്കാരെ ജനങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്.
'സ്വേച്ഛാധിപത്യത്തിന്റെ അപകട കാഹളങ്ങളോടുള്ള പ്രതികരണമായി എല്ലായിടത്തും ജനാധിപത്യം ശക്തമാകണം. മറ്റുള്ളവരോടും ദരിദ്രരോടും സഹ സൃഷ്ടികളോടും ഉള്ള ഉത്കണ്ഠയാല്‍ സ്വാര്‍ത്ഥതയും നിസ്സംഗതയും മറികടക്കാനിടയാകട്ടെ- മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ദുരവസ്ഥയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മെഡിറ്ററേനിയന്‍ യാത്രയുടെ രണ്ടാമത്തെയും അവസാനത്തെയും പാദത്തിലാണ് ജനാധിപത്യത്തിന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന ഏഥന്‍സിലേക്കു സൈപ്രസില്‍ നിന്നു മാര്‍പ്പാപ്പ എത്തിയത്.
'ഭയാനകമായ ആധുനിക ഒഡിസി'
മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ യുദ്ധത്തില്‍ നിന്നും ദാരിദ്ര്യത്താല്‍ വലയുന്ന സ്വദേശങ്ങളില്‍ നിന്നും പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രധാന പ്രവേശന കേന്ദ്രങ്ങളിലൊന്നായ ഗ്രീസിലെ അവസ്ഥ മുന്‍നിര്‍ത്തിയായിരുന്നു മാര്‍പ്പാപ്പയുടെ പല വാചകങ്ങളും. 'ഭയാനകമായ ഒരു ആധുനിക ഒഡിസി' ആയിരിക്കുന്നു കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും കഥ; അവരില്‍ പലരും കടലില്‍ മരിച്ചു.
സൈപ്രസിലെ പര്യടനം കഴിഞ്ഞെത്തിയ മാര്‍പാപ്പയെ പരമ്പരാഗത ഗ്രീക്ക് വസ്ത്രം ധരിച്ച കൊച്ചുകുട്ടികളും ആഫ്രിക്കയില്‍ നിന്നുള്ള ഒരു ആണ്‍കുട്ടിയും ഫിലിപ്പിന്‍സില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയും ആണ് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്കു സ്വാഗതം ചെയ്തത്. വമ്പന്‍ കാറുകളും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ഒഴിവാക്കി പതിവു പോലെ ചെറിയ ഫിയറ്റ് 500 കാറിലായിരുന്നു വിമാനത്താവളത്തില്‍ നിന്നുള്ള പാപ്പായുടെ യാത്ര.
കഴിഞ്ഞ വര്‍ഷം കുപ്രസിദ്ധമായ മോറിയ ക്യാമ്പ് കത്തിനശിച്ചതിനെത്തുടര്‍ന്ന് സ്ഥാപിച്ച കുടിയേറ്റ സ്വീകരണ കേന്ദ്രം സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ന് ലെസ്‌ബോസ് ദ്വീപിലേക്ക് പോകും. 2016-ല്‍ ദ്വീപിലേക്കുള്ള മുന്‍ സന്ദര്‍ശന വേളയില്‍, പാപ്പ മോറിയയിലൂടെ നടന്ന് അതിന്റെ ദുരവസ്ഥ നേരിട്ടു കണ്ടിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അതീവ ഉത്ക്കണ്ഠയോടെ ചൂണ്ടിക്കാട്ടുന്ന ക്യാമ്പിലെ അന്തേവാസികള്‍ അന്ന് പാപ്പായുടെ കാലില്‍ വീണു കരയുന്ന രംഗങ്ങള്‍ ലോകത്തെ കണ്ണീരണിയിച്ചു.മൂന്ന് സിറിയന്‍ അഭയാര്‍ത്ഥി കുടുംബങ്ങളെ പാപ്പ മടക്കയാത്രയില്‍ തന്റെ വിമാനത്തില്‍ കയറ്റി റോമിലേക്ക് തിരികെ കൊണ്ടുപോയിരുന്നു.
സൈപ്രസില്‍ നിന്നുള്ള 50 കുടിയേറ്റക്കാരെ ഇപ്പോഴത്തെ തന്റെ യാത്രയ്ക്ക് ശേഷം ഇറ്റലിയിലേക്ക് മാറ്റാനുള്ള ക്രമീകരണവും നിര്‍വഹിച്ചിട്ടുണ്ട് മാര്‍പ്പാപ്പ.സൈപ്രസില്‍ അഭയം തേടിയവരുമായി വെള്ളിയാഴ്ച പാപ്പ നടത്തിയ കൂടിക്കാഴ്ചയില്‍ വൈകാരികത മുറ്റിയ രംഗങ്ങളുണ്ടായി. നാസി, സോവിയറ്റ് ക്യാമ്പുകളിലേതിനേക്കാള്‍ വേദന അനുഭവിക്കുന്ന അഭയാര്‍ഥികളുടെ ദുരിതത്തെക്കുറിച്ച് സത്യം പറയാന്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ലിബിയയിലെയും മറ്റിടങ്ങളിലെയും സാഹചര്യങ്ങള്‍ ഉദ്ധരിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.