സൗഹൃദം ദൃഢമാക്കാന്‍ പുടിന്‍ ഇന്നെത്തും; പത്ത് കരാറുകള്‍ ഒപ്പിടും

 സൗഹൃദം ദൃഢമാക്കാന്‍ പുടിന്‍ ഇന്നെത്തും; പത്ത് കരാറുകള്‍ ഒപ്പിടും

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ 21-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്നെത്തും. റഷ്യയുടെ വൈരിയായ അമേരിക്കയുമായി ഇന്ത്യയും ഇന്ത്യയുടെ ശത്രുരാജ്യമായ ചൈനയുമായി റഷ്യയും അടുക്കുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

നാളെ ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഉഭയകക്ഷി ബന്ധവും പ്രതിരോധ പങ്കാളിത്തവും ശക്തമാക്കാനുള്ള പത്ത് കരാറുകള്‍ ഒപ്പിടും. ചില കരാറുകള്‍ രഹസ്യ സ്വഭാവമുള്ളവയാണെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു.

മോഡി - പുടിന്‍ കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി പ്രതിരോധ മന്ത്രിമാരായ രാജ്‌നാഥ് സിംഗും സെര്‍ജി ഷോയ്ഗുവും തമ്മിലും വിദേശ മന്ത്രിമാരായ ഡോ. എസ് ജയശങ്കറും സെര്‍ജി ലാവ്റോവും തമ്മിലുമുള്ള 2+2 കൂടിക്കാഴ്ച നടക്കും. മോഡി -പുടിന്‍ ചര്‍ച്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയുമുണ്ടാകും.

കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം ഇന്ത്യ-റഷ്യ ഉച്ചകോടി മാറ്റിവച്ചിരുന്നു. 2019 ലെ ബ്രിക്‌സ് ഉച്ചകോടിയിലാണ് മോഡിയും പുടിനും ഒടുവില്‍ കണ്ടത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷയ്ക്കായി രൂപീകരിച്ച ക്വാഡ് (അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാന്‍, ഇന്ത്യ ) കൂട്ടായ്മയ്ക്ക് പകരമായി റഷ്യ, ഇന്ത്യയുമായി നേരിട്ട് സഹകരണം ആഗ്രഹിക്കുന്നു. ക്വാഡിന്റെ ഉന്നം ചൈനയാണെങ്കിലും റഷ്യയ്ക്കും ഭീഷണിയുണ്ട്.

2019ല്‍ ഓര്‍ഡര്‍ ഒഫ് സെന്റ് ആന്‍ഡ്രൂ ബഹുമതി നല്‍കി മോഡിയെ ആദരിച്ചും 370-ാം വകുപ്പ് റദ്ദാക്കിയതിനെ യു.എന്നില്‍ പിന്തുണച്ചും ലഡാക് സംഘര്‍ഷത്തിനിടെ ആയുധങ്ങള്‍ നല്‍കിയും റഷ്യ അനുഭാവം തുടര്‍ന്നു. തിരിച്ച് ഇന്ത്യ യു.എന്നില്‍ റഷ്യയുടെ നാസിസത്തിനെതിരെയുള്ള പ്രമേയത്തെ പിന്തുണച്ചു. യു.എസ് സമ്മര്‍ദ്ദം അവഗണിച്ച് എസ്-400 വ്യോമപ്രതിരോധ കരാറില്‍ ഒപ്പിട്ടു. കൂടാതെ പ്രതിരോധ മേഖലയില്‍ അടക്കം നിക്ഷേപം ഇറക്കി ആത്മനിര്‍ഭര്‍ ഭാരത പദ്ധതിയില്‍ റഷ്യ സജീവമാകും.

വ്യവസായ, പ്രതിരോധ സഹകരണം (ഭിലായ് സ്റ്റീല്‍ പ്‌ളാന്റ് മുതല്‍ ബ്രഹ്മോസ് മിസൈല്‍ വരെ) ശക്തിപ്പെടുത്തും. ഊര്‍ജം, ഔഷധം, സെറാമിക്സ്, കെമിക്കല്‍സ്, ഹൈടെക് വ്യവസായം, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ഫിനാന്‍സ് മേഖലകളിലും സഹകരണം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.