സിനഡാത്മക സഭ-ലെയ്റ്റി കൗണ്‍സില്‍ ദേശീയതല സെമിനാറുകള്‍ക്ക് ഡിസംബര്‍ 6ന് തുടക്കം: ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

സിനഡാത്മക സഭ-ലെയ്റ്റി കൗണ്‍സില്‍ ദേശീയതല സെമിനാറുകള്‍ക്ക് ഡിസംബര്‍ 6ന് തുടക്കം: ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: 2023 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള കത്തോലിക്കാസഭ സിനഡിന്റെ മുന്നൊരുക്കമായി ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ദേശീയതലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

കത്തോലിക്കാസഭയുടെ മുന്‍കാല ചരിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ദൈവജനത്തെ ഒന്നാകെ കോര്‍ത്തിണക്കി സിനഡിനുമുമ്പായി ചര്‍ച്ചകളും സഭാപ്രവര്‍ത്തനങ്ങളില്‍ അഭിപ്രായങ്ങളും ആരായുന്നത് ഇദംപ്രഥമാണ്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക മാര്‍ഗരേഖ ഇതിനോടകം വത്തിക്കാന്‍ പുറത്തിറക്കിയിട്ടുണ്ട്. ലോകത്തുടനീളമുള്ള കത്തോലിക്കാസഭയുടെ എല്ലാ രൂപതകളിലും 2021 ഒക്‌ടോബര്‍ 17ന് ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായി. അല്മായരുള്‍പ്പെടെ വിശ്വാസിസമൂഹത്തിന്റെയൊന്നാകെ പങ്കുവെയ്ക്കലുകളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് സഹയാത്രികസഭയായി കത്തോലിക്കാസഭയെ മൂന്നാം സഹസ്രാബ്ദത്തില്‍ മുന്നോട്ടു നയിക്കുകയെന്നതാണ് സിനഡാത്മകസഭ: പങ്കാളിത്തം, കൂട്ടായ്മ, ദൗത്യം എന്ന മുഖ്യവിഷയത്തിലൂടെ ഫ്രാന്‍സീസ് പാപ്പ ലക്ഷ്യമിടുന്നത്.

സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളിലും 14 റീജണല്‍ കൗണ്‍സിലുകളിലും അല്മായ നേതാക്കളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തുന്ന സെമിനാറുകള്‍ക്ക് ഡിസംബര്‍ 6മുതല്‍ തുടക്കമാകും.

പാസ്റ്ററല്‍ കൗണ്‍സിലുകള്‍, അല്മായ സംഘടനകള്‍, കുടുംബകൂട്ടായ്മകള്‍ എന്നീ തലങ്ങളിലും ഇതര ക്രൈസ്തവ വിഭാഗങ്ങളുമായും ആശയവിനിമയം നടത്തുമെന്നും സജീവ അല്മായ പങ്കാളിത്തത്തോടെ ആഗോള കത്തോലിക്കാസഭയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പുത്തന്‍ ദിശാബോധം നല്‍കുവാന്‍ ഫ്രാന്‍സീസ് പാപ്പയുടെ ഉള്‍ക്കാഴ്ചകള്‍ക്കാകുമെന്നും വി.സി,സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26