യുവജനങ്ങള്‍ സഭയുടെ കരുത്തുറ്റ സാന്നിധ്യം; സഭയ്ക്കും മിശിഹായ്ക്കും സാക്ഷ്യം വഹിക്കാന്‍ വിളിക്കപ്പെട്ടവര്‍: മാര്‍ ജോസഫ് പെരുന്തോട്ടം

യുവജനങ്ങള്‍ സഭയുടെ കരുത്തുറ്റ സാന്നിധ്യം; സഭയ്ക്കും മിശിഹായ്ക്കും സാക്ഷ്യം വഹിക്കാന്‍ വിളിക്കപ്പെട്ടവര്‍: മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: യുവജനങ്ങള്‍ സഭയുടെ കരുത്തുറ്റ സാന്നിധ്യമാകണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ലോകത്താകമാനം സഭയ്ക്കും മിശിഹായ്ക്കും സജീവ സാക്ഷ്യം വഹിക്കാന്‍ യുവജനങ്ങള്‍ വിളിക്കപ്പെട്ടിരിക്കുകയാണെന്നും മാര്‍ പെരുന്തോട്ടം വ്യക്തമാക്കി. സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന ചങ്ങനാശേരി അതിരൂപത യുവദീപ്തി-എസ്എംവൈഎം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒപ്പം സുവര്‍ണ ജൂബിലി ലോഗോയും ആര്‍ച്ച് ബിഷപ് പ്രകാശനം ചെയ്തു. മെത്രാപ്പോലീത്തന്‍ പള്ളിയില്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. അതിരൂപത പ്രസിഡന്റ് ജോബിന്‍ ഇടത്താഴെ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ ജൂബിലി സന്ദേശം നല്‍കി.


കൂടാതെ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ജോബ് മൈക്കിള്‍ എംഎല്‍എ, കെസിവൈഎം സംസ്ഥാന സെക്രട്ടറി ഷിജോ മാത്യു ഇടയാടി, അഡ്വ. ജോജി ചിറയില്‍, ഷൈനി ജോണ്‍സണ്‍, ജോര്‍ഡി വര്‍ഗീസ്, ഡെന്‍സമ്മ അന്ന സോജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഏഴു വര്‍ക്കാലം യുവദീപ്തി-എസ്എംവൈഎം ഡയറകാടറായി സേവനം ചെയ്തശേഷം എസ്എംവൈഎം ഗ്ലോബല്‍ സമിതിയുടെ ഡയറക്ടറായി നിയമിതനായ ഫാ. ജേക്കബ് ചക്കാത്തറയ്ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍കി.


അതിരൂപതയുടെ 16 ഫൊറോനകളിലെ 250 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അതോടൊപ്പം ജൂബിലി ആഘോഷത്തിന്റെ ഭാഗമായ 50ന്റെ പ്രതീകമായി 50 ബൈക്കുകള്‍ കത്തീഡ്രല്‍ ദേവാലയ അങ്കണത്തിലേക്ക് പതാക പ്രയാണ വിളംബര ജാഥ നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.