ദൈവശാസ്ത്രജ്ഞരുടെ അനുമതിക്കു കാത്തുനില്‍ക്കാതെ ക്രിസ്തീയ ഐക്യ നീക്കം ആവശ്യം: ഫ്രാന്‍സിസ് മാര്‍പാപ്പ

ദൈവശാസ്ത്രജ്ഞരുടെ അനുമതിക്കു കാത്തുനില്‍ക്കാതെ ക്രിസ്തീയ ഐക്യ നീക്കം ആവശ്യം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി : ദൈവശാസ്ത്രജ്ഞരുടെ അംഗീകാരം മുന്‍കൂട്ടി ഉറപ്പാക്കിയ ശേഷം ക്രിസ്തീയ സഭകളുടെ ഐക്യത്തിനായുള്ള നീക്കം എന്നെങ്കിലും ആരംഭിക്കാനാകുമെന്ന ചിന്ത തനിക്കില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഇക്കാര്യത്തില്‍ ദൈവശാസ്ത്രജ്ഞരുടെ സമ്മതം കിട്ടുന്നതു വരെ നിശ്ചലമായി നില്‍ക്കാതെ ഒരുമിച്ച് നീങ്ങാനും പ്രവര്‍ത്തിക്കാനുമുള്ള ശ്രമമാണാവശ്യമെന്ന് സൈപ്രസ്്, ഗ്രീസ് പര്യടനത്തിനു ശേഷം റോമിലേക്കു മടങ്ങവേ വിമാനത്തിലെ മാധ്യമ സമ്മേളനത്തില്‍ പാപ്പാ അഭിപ്രായപ്പെട്ടു.

റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിന്റെ ഇറ്റലിയിലെ ലേഖിക വെരാ ഷെര്‍ബക്കോവ ഇതു സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് എക്യുമെനിസ ശ്രമങ്ങള്‍ക്കു തിയോളജി മാര്‍ഗ്ഗ തടസം സൃഷ്ടിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടിയത്. ഷെര്‍ബക്കോവയുടെ ചോദ്യം ഇങ്ങനെയായിരുന്നു:'അങ്ങ് സൈപ്രസിലും ഗ്രീസിലും ഓര്‍ത്തഡോക്‌സ് സഭകളുടെ തലവന്മാരുമായി കണ്ടുമുട്ടി, കൂട്ടായ്മയെക്കുറിച്ചും പുനരേകീകരണത്തെക്കുറിച്ചും മനോഹരമായ വാക്കുകള്‍ പറഞ്ഞു. അടുത്തതായി റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനായ പാത്രിയര്‍ക്കീസ് കിറിലിനെ കാണുമ്പോള്‍ പൊതുവായ പദ്ധതികള്‍ എന്തൊക്കെയായിരിക്കും? ഈ പാതയില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്തെല്ലാം ?'

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ മറുപടി:'പാത്രിയര്‍ക്കീസ് കിറിലുമായുള്ള കൂടിക്കാഴ്ച വളരെ ദൂരെയാകില്ല; സാധ്യമായ ഒരു സംഗമത്തെക്കുറിച്ച് സംസാരിക്കാന്‍ അടുത്ത ആഴ്ച റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നുള്ള ബിഷപ് ഹിലാരിയന്‍ എന്നെ സന്ദര്‍ശിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പാത്രിയര്‍ക്കീസ് വൈകാതെ ഫിന്‍ലന്‍ഡിലേക്ക് യാത്ര ചെയ്യാനിരിക്കുകയാണ്.ആ സഹോദരനുമായി സംവദിക്കുന്നതിന് മോസ്‌കോയിലേക്ക് പോകാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്. സഹോദരനുമായി സംഭാഷണം നടത്താന്‍, പ്രോട്ടോക്കോളുകളൊന്നുമുണ്ടാകില്ല.

ഓര്‍ത്തഡോക്‌സ് സഹോദരന്‍ കിറില്‍, സൈപ്രസിലെ ആര്‍ച്ച്ബിഷപ് ക്രിസോസ്റ്റോമോസ്, ഏഥന്‍സിലെ ആര്‍ച്ച്ബിഷപ് ഐറോണിമോസ്... തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ഞങ്ങള്‍ നൃത്തം ചെയ്യുന്നില്ല; പക്ഷേ, പരസ്പരം മുഖം നോക്കി കാര്യങ്ങള്‍ പറയുന്നു, സഹോദരങ്ങളെപ്പോലെ. ഒരേ മാതൃസഭയില്‍ പെട്ടവരാകുമ്പോള്‍ സഹോദരങ്ങള്‍ തര്‍ക്കവിതര്‍ക്കങ്ങളിലേര്‍പ്പെടുന്നതു മോശമാണെന്നു പറയാനാകില്ല. പക്ഷേ ഈ സഹോദരങ്ങള്‍ക്കിടയില്‍ വിഭജനമുണ്ട്; പൈതൃകത്തിന്റെ പേരിലും ചരിത്ര വൈജാത്യത്തിന്റെ പേരിലും മറ്റും.



അതേസമയം, ഒരുമിച്ച് പോകാനും പ്രവര്‍ത്തിക്കാനും ശ്രമിക്കുകയാണാവശ്യം;കൂടുതല്‍ ഐക്യത്തിനു വേണ്ടി ഐക്യത്തോടെ നടക്കാന്‍ യത്‌നിക്കണം. ഐറോണിമോസിനോടും ക്രിസോസ്റ്റമോസിനോടും ഒപ്പം ഒരുമിച്ച് നീങ്ങാന്‍ ആഗ്രഹമുള്ള എല്ലാ പിതാക്കന്മാരോടും ഞാന്‍ നന്ദിയുള്ളവനാണ്. അന്ത്യവിധിയെക്കുറിച്ചുള്ള ദൈവശാസ്ത്രമായ എസ്‌കാറ്റോളജി പഠിക്കുന്ന മഹത്തായ ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്രജ്ഞനായ സിസിയൂലാസ് ഒരിക്കല്‍ തമാശയായി പറഞ്ഞു:അന്ത്യ വിധി നാളായ എസ്‌കാറ്റണില്‍ ഉറപ്പായും ഐക്യം കണ്ടെത്തും!്‌ദൈവശാസ്ത്രജ്ഞരുടെ സമ്മതത്തിനായി നാം നിശ്ചലരായി നില്‍ക്കരുതെന്നു വ്യക്തമാക്കുന്ന വാക്കുകളാണ് യഥാര്‍ത്ഥത്തില്‍ സിസിയൂലാസിന്റേത്.

പോള്‍ ആറാമന്‍ പാപ്പായോട് കോണ്‍സ്റ്റാന്റിനോപ്പിളിലെ 268-ാമത് എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ആയിരുന്ന അഥീനഗോറസ് പറഞ്ഞു: എല്ലാ ദൈവശാസ്ത്രജ്ഞരെയും ഒരു ദ്വീപില്‍ നിര്‍ത്തിയ ശേഷം നമുക്ക് ഒരുമിച്ച് മറ്റെവിടെയെങ്കിലും പോയി ചര്‍ച്ച നടത്താം. ഇതൊരു തമാശയാണ്.പക്ഷേ, ദൈവശാസ്ത്രജ്ഞര്‍ പഠനം തുടരട്ടെ. അത് നല്ലതാണ്; ഐക്യം എങ്ങനെ മികച്ച വഴിയിലൂടെ കണ്ടെത്താമെന്ന് മനസ്സിലാക്കാന്‍ ഇത് നമുക്കു ഗുണകരമാകും.

എന്നാല്‍ അതിനിടയില്‍, ഒരുമിച്ച് പ്രാര്‍ത്ഥിച്ചും ദാനധര്‍മ്മങ്ങള്‍ ചെയ്തും നമ്മള്‍ ഒരുമിച്ച് മുന്നോട്ട് പോകുകയാണാവശ്യം. ഉദാഹരണത്തിന് സ്വീഡനില്‍ ലൂഥറന്‍, കത്തോലിക്കാ കാരിത്താസ് ഐക്യമുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം, പ്രാര്‍ത്ഥിക്കാം. എങ്ങനെ നീങ്ങണമെന്നറിയാത്ത ബാക്കി ഭാഗത്തിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന ഉപദേശമേകാനുള്ള ദൗത്യം ദൈവശാസ്ത്രജ്ഞര്‍ക്ക് വിട്ടുകൊടുക്കാം.'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.