ഇന്ത്യന്‍ മഹാസമുദ്രത്തിലെ കണ്ണഞ്ചിക്കുന്ന പവിഴപ്പുറ്റുകള്‍ വിസ്മൃതിയിലേക്കു മറയുന്നുവെന്ന് വിദഗ്ധ പഠന റിപ്പോര്‍ട്ട്

 ഇന്ത്യന്‍ മഹാസമുദ്രത്തിലെ കണ്ണഞ്ചിക്കുന്ന പവിഴപ്പുറ്റുകള്‍ വിസ്മൃതിയിലേക്കു മറയുന്നുവെന്ന് വിദഗ്ധ പഠന റിപ്പോര്‍ട്ട്

നെയ്‌റോബി(കെനിയ): ഇന്ത്യന്‍ മഹാസമുദ്രത്തിലെ പവിഴപ്പുറ്റുകളുടെ ആയുസ്സ് ഇനി 50 വര്‍ഷത്തിലേറെയുണ്ടാകില്ലെന്ന് വിദഗ്ധ പഠന റിപ്പോര്‍ട്ട്. ആഗോള താപനവും മത്സ്യസമ്പത്തിലെ കുറവും പവിഴപ്പുറ്റുകളുടെ വന്‍ തോതിലുള്ള നാശത്തിന് കാരണമാകുന്നുവെന്നാണ്് ജേണല്‍ നേച്ചര്‍ സസ്റ്റെയിനബിലിറ്റി മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ദ്വീപ് സമൂഹങ്ങളില്‍ കണ്ടെത്തിയ പവിഴപ്പുറ്റുകള്‍ക്ക് സമുദ്രത്തിലെ ഉയര്‍ന്ന താപനില കടുത്ത ഭീഷണിയാകുന്നതായി കണ്ടെത്തി.

സമുദ്രത്തിന്റെ ഉപരിതല താപനില ഉയരുന്നത് മൂലം പവിഴപ്പുറ്റുകള്‍ക്കുണ്ടാകുന്ന 'ബ്ലീച്ചിംഗ് ' പ്രതിഭാസമാണ് അവയുടെ നാശനഷ്ടത്തിന് പിന്നിലെ ഏറ്റവും വലിയ ഘടകമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. പവിഴപ്പുറ്റുകളുടെ കോശങ്ങളില്‍ ജീവിക്കുന്ന ആല്‍ഗകള്‍ പുറന്തള്ളപ്പെടുന്നതോടെ ഇവയ്ക്ക് വെളുപ്പു നിറമാകുന്നതാണ് ബ്ലീച്ചിങ്.

'പഠനത്തിലെ കണ്ടെത്തലുകള്‍ വളരെ ഗൗരവമുള്ളതാണ്. ദൃഢവും മനോഹരമായ ഈ പുറ്റുകളത്രയും ഇല്ലാതാകാന്‍ സാധ്യതയുണ്ട്,'- റിപ്പോര്‍ട്ടിനെ വിശകലനം ചെയ്ത് കെനിയ ആസ്ഥാനമായുള്ള സമുദ്ര ഗവേഷണ സ്ഥാപനമായ കോര്‍ഡിയോ ഈസ്റ്റ് ആഫ്രിക്കയുടെ സ്ഥാപക ഡയറക്ടര്‍ ഡേവിഡ് ഒബുറ എഎഫ്പിയോട് പറഞ്ഞു.

പവിഴപ്പുറ്റുകള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ ഒരു ചെറിയ അംശം വിസ്തൃതിയിലേ ( 0.2 ശതമാനം ) കാണുള്ളൂ, എന്നാല്‍ എല്ലാ സമുദ്ര ജന്തുക്കളുടെയും സസ്യങ്ങളുടെയും നാലിലൊന്നെങ്കിലും പവിഴപ്പുറ്റുകളോടു ചേര്‍ന്നാണ് ജീവിക്കുന്നത്. സമുദ്ര ആവാസവ്യവസ്ഥയ്ക്കു നങ്കൂരമിടുന്നതിനു പുറമേ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രോട്ടീന്‍ നല്‍കുന്നു അത്;തൊഴിലും നല്‍കുന്നു. കൊടുങ്കാറ്റില്‍ നിന്നും തീരത്തെ മണ്ണൊലിപ്പില്‍ നിന്നും സംരക്ഷണമേകുന്നു.


കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ലോകത്തിലെ 14 ശതമാനം പവിഴപ്പുറ്റുകളും ഇല്ലാതായെന്ന് അടുത്തിടെ വന്ന പഠന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ജേണല്‍ നാച്വര്‍ സസ്റ്റെയിനബിലിറ്റി നടത്തിയ പഠനത്തിന്റെ വിവരം പുറത്തുവന്നത്. 2009 നും 2018നും ഇടയില്‍ ഏതാണ്ട് 11,700 ചതുരശ്ര കിലോമീറ്റര്‍ പവിഴപ്പുറ്റുകള്‍ ലോകത്താകമാനം ഇല്ലാതായിരുന്നു. എന്നാല്‍ 2070 ഓടെ സീഷെല്‍സ് മുതല്‍ ഡെലാഗോവ വരെയുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്നവ ഏറെക്കുറെ തീര്‍ത്തും നാമാവശേഷമാകും. ഇത് ജൈവ വൈവിധ്യങ്ങളില്‍ വ്യതിയാനങ്ങള്‍ വരുത്തുക മാത്രമല്ല, ഒട്ടേറെ പേരുടെ ഉപജീവനമാര്‍ഗം കൂടി ഇല്ലാതാക്കും.

പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ പത്ത് രാജ്യങ്ങളിലുള്ള പവിഴപ്പുറ്റുകളാണ് പഠനസംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്.തെക്കന്‍ മഡഗാസ്‌കര്‍, മസ്‌കരീന്‍ എന്നിവിടങ്ങളിലേത് ഗുരുതര നാശം നേരിടുന്നതായും മൗറീഷ്യസിലെയും വടക്കന്‍ സീഷെല്‍സിലെയും കിഴക്കന്‍ ആഫ്രിക്കന്‍ തീരപ്രദേശത്തെയും ഏറിയ പങ്ക് പവിഴപ്പുറ്റുകളും നാശത്തെ അഭിമുഖീകരിക്കാനുള്ള സാധ്യതയേറെയാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അമിതമായ തോതില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനം നടക്കുന്നതിനാലാണ് ഇത്തരമൊരു സാഹചര്യമുണ്ടായത്.

പവിഴപ്പുറ്റുകളുടെ നാശം സമുദ്ര നിരപ്പുയരുന്നതില്‍ നിന്നുള്ള സംരക്ഷണം ഇല്ലാതാക്കും. കടലിലെ ഉപരിതല താപനില തുടര്‍ച്ചയായി ഉയരുന്നതിനിടയിലാണ് പവിഴപ്പുറ്റ് സമ്പത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനമാണ് ലോകത്തിലെ പവിഴപ്പുറ്റ് സമ്പത്ത് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതേസമയം, ആഗോളതാപനത്തിന് അറുതി വരുത്താനായാല്‍ പല മേഖലയിലെയും പവിഴപ്പുറ്റ് സമ്പത്തിനെ വീണ്ടെടുക്കാനാവുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു..


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.