ഇന്ന് പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍

ഇന്ന് പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 08

തിരുപ്പിറവിയ്ക്ക് പതിനേഴു ദിവസം മുമ്പ് ഡിസംബര്‍ എട്ടിന് ആഗോള കത്തോലിക്കാ സഭ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദി മുതല്‍ ഉത്ഭവ പാപത്തില്‍ നിന്നു പരിരക്ഷിച്ചു എന്നാതാണ് അമലോത്ഭവ സത്യം.

ആരംഭകാലം മുതല്‍ തന്നെ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ ജനനത്തില്‍ സഭ വിശ്വസിച്ചിരുന്നു. പൗരസ്ത്യ സഭകളില്‍ എഴാം നൂറ്റാണ്ടു മുതല്‍ മറിയത്തിന്റെ ഗര്‍ഭധാരണം എന്ന പേരില്‍ ഒരു തിരുനാള്‍ ആഘോഷിച്ചിരുന്നു. എട്ടാം നൂറ്റാണ്ടില്‍ ഇത് പാശ്ചാത്യസഭയിലുമെത്തി. പതിനൊന്നാം നൂറ്റാണ്ടു മുതല്‍ മറിയത്തിന്റെ അമലോത്ഭവം എന്ന പേരില്‍ ഈ തിരുനാള്‍ അറിയപ്പെടാന്‍ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ഈ തിരുനാള്‍ ആഗോള സഭയില്‍ ആഘോഷിച്ചു തുടങ്ങി.

1854 ഡിസംബര്‍ മാസം എട്ടാം തീയതി ഒന്‍പതാം പിയൂസ് പാപ്പായാണ് മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. അത് ഇപ്രകാരമാണ്: ''അനന്യമായ ദൈവ കൃപയാലും സര്‍വ്വശക്തനായ ദൈവത്തിന്റെ ആനുകൂല്യത്തിലും മനുഷ്യ വംശത്തിന്റെ രക്ഷകനായ യേശു ക്രിസ്തുവിന്റെ യോഗ്യതകളെ മുന്‍നിര്‍ത്തിയും ഏറ്റവും പരിശുദ്ധയായ കന്യാമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ ഉത്ഭവ പാപത്തിന്റെ സകല മാലിന്യങ്ങളിലും നിന്നു പരിരക്ഷിക്കപ്പെട്ടു.''

ഈ അമലോത്ഭവ പ്രഖ്യാപനത്തിന്റെ ഒരു ചരിത്ര സ്മാരകമായി റോമിലെ സ്പാനിഷ് ചത്വരത്തില്‍ അമലോത്ഭവ മാതാവിന്റെ ഒരു വെങ്കല പ്രതിമ സ്ഥിതി ചെയ്യുന്നുണ്ട്. എകദേശം നൂറ് അടി ഉയരമുള്ള വെണ്ണക്കല്‍ സ്തംഭത്തിലാണ് 16 അടി ഉയരമുള്ള അമലോത്ഭവ മാതാവിന്റെ രൂപം നിത്യനഗരത്തെ അനുഗ്രഹിച്ചുകൊണ്ടു നില്‍ക്കുന്നത്.

ഇറ്റലിക്കാരനായ ജുസേപ്പെ ഓബീചിയാണ് ഈ തിരുസ്വരൂപത്തിന്റെ ശില്‍പി. സര്‍പ്പത്തിന്റെ തല തകര്‍ത്ത് ശിരസില്‍ 12 നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടമണിഞ്ഞു നില്‍ക്കുന്ന മറിയം. ഇംഗ്ലീഷ് കവിയായ വില്യം വേഡ്‌സ് വര്‍ത്ത് പറയുന്നതുപോലെ ''പാപ പങ്കിലമായ മാനവരാശിയുടെ ഏക അഭിമാനമാണ് മറിയം.'' റോമാ നഗരക്കാരുടെ തിരുനാള്‍ എന്നറിയപ്പെടുന്ന ഈ തിരുനാളില്‍ എല്ലാ മാര്‍പാപ്പമാരും റോമിലെ പൗര പ്രമുഖകര്‍ക്കൊപ്പം മുടങ്ങാതെ സംബന്ധിക്കാറുണ്ട്.

റോമിലെ അഗ്‌നിശമന സേനയുടെ തിരുനാളാണിത്. കാരണം അമലോത്ഭവ സ്തംഭം സ്ഥാപിക്കുകയും മാതാവിന്റെ പ്രതിമ ഉയരത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തത് അവരാണ്. അതിന്റെ ഓര്‍മ്മയ്ക്കായി ഒരു ക്രെയിനിന്റെ സഹായത്തോടെ തിരഞ്ഞെടുക്കപ്പെട്ട അഗ്‌നിശമന സേനാനികളില്‍ ആരെങ്കിലും അമലോത്ഭവ മാതാവിന്റെ വലതുകൈയില്‍ വെള്ള പുഷ്പചക്രം അണിയിക്കുന്ന പാരമ്പര്യം ഇന്നും തുടരുന്നു.

മനുഷ്യവതാരം ചെയ്ത യേശുവിനോടും അവിടുത്തെ രക്ഷാകര കര്‍മ്മങ്ങളോടുമുള്ള മറിയത്തിന്റെ സവിശേഷമായ ബന്ധമാണ് മരിയ ഭക്തിയുടെ അടിസ്ഥാന ഘടകം. ലുഡ് വിഗ് ഫോയര്‍ബാക് എന്ന നിരീശ്വര തത്വജ്ഞാനി ഋലൈിരല ീള ഇവൃശേെശമിശ്യേ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''ദൈവമാതാവിലുള്ള വിശ്വാസം അധപതിക്കുമ്പോള്‍ ദൈവ പുത്രനിലും ദൈവ പിതാവിലുമുള്ള വിശ്വാസവും അധപതിക്കുന്നു.'' അതിനാല്‍ ദൈവ മാതൃഭക്തി നമുക്കു നഷ്ടപ്പെടാതെ സൂക്ഷിക്കാം.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. എവുത്തീക്കിയന്‍ പാപ്പാ

2. ജര്‍മ്മനിയിലെ ഗുന്തില്‍സ്

3. അലക്‌സാണ്ട്രിയായിലെ മക്കാരിയൂസ്

4. ട്രെവെസിലെ ബിഷപ്പായിരുന്ന എവക്കാരിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.