അഭികാമ്യമല്ല, ഈ നിശബ്ദതയും നിഷ്‌ക്രിയതയും: സിബി മാത്യൂസ് ഐപിഎസ്

അഭികാമ്യമല്ല, ഈ നിശബ്ദതയും നിഷ്‌ക്രിയതയും:  സിബി മാത്യൂസ് ഐപിഎസ്

മുഖ്യധാരാമാധ്യമങ്ങളിലും, സമൂഹമാധ്യമങ്ങളിലും കത്തോലിക്കാസഭയും ക്രൈസ്തവ വിശ്വാസവും പതിവായി ആക്രമിക്കപ്പെടുകയും അവഹേളിക്ക പ്പെടുകയും ചെയ്യുന്നതായി കാണുന്നു. മാധ്യമ രംഗത്ത് നാം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സാറിന്റെ നിരീക്ഷണം എന്താണ്? 

കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ ക്രൈസ്തവ സമൂഹം, പ്രത്യേകിച്ച് കത്തോലിക്കാസഭ, മാധ്യമങ്ങളിൽ കുറെയേറെ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനെ ഫലപ്രദമായി തടയുവാനോ പ്രതിരോധിക്കാനോ നമുക്ക് സാധിച്ചിട്ടില്ല. പ്രത്യക്ഷത്തിൽ ക്രൈസ്തവരുടേതായ നിരവധി മാധ്യമ സ്ഥാപനങ്ങളുണ്ട്, പത്രങ്ങളുണ്ട്, മാസികകളുണ്ട്. കത്തോലിക്കാ സഭയെപ്പറ്റി പറയുകയാണെങ്കിൽ ഓരോ രൂപതയ്ക്കും, സന്യാസ സമൂഹങ്ങൾക്കും അവരുടേ തായ പ്രസിദ്ധീകരണങ്ങളുണ്ട്. ഇതൊക്കെയുണ്ടായിട്ടും സഭ തുടർച്ചയായ ആക്രമണങ്ങളെ നേരിടുമ്പോൾ ഫലപ്രദമായി പ്രതിരോധിക്കാനോ, നമ്മുടെ തന്നെ വിശ്വാസികളോട് എന്താണ് നടക്കുന്നത്, എന്താണ് വാസ്തവങ്ങൾ, പുറമെനിന്നുള്ള ആക്രമണങ്ങൾ എന്തുകൊണ്ടുണ്ടാകുന്നു എന്നുള്ളതൊന്നും വിശദീ കരിക്കാനും വേണ്ടരീതിയിൽ കഴിഞ്ഞിട്ടില്ല. അത് നമ്മുടെ ഒരു പോരായ്മ തന്നെയാണ്. വിഷ്വൽ മീഡിയയുടെ കാര്യത്തിൽ നമുക്ക് കാര്യമായിട്ടുള്ള യാതൊരു സ്വാധീനവും ഇന്നില്ല. ശാലോം ടിവി, ഗുഡ്‌നെസ്സ് ടിവി, ഷെക്കെയ്‌ന തുടങ്ങിയ ചില ചാനലുകൾ ഉണ്ടെങ്കിലും അവയ്ക്ക് വിശ്വാസി സമൂഹത്തിനു പുറത്ത് സ്വാധീനമില്ല. പുറത്തുള്ളവർ ആ ചാനലുകൾ കാണുന്നുണ്ടെന്നും ഒരു അഭിപ്രായരൂപീകരണത്തിന് അത് സഹായിക്കുന്നു ണ്ടെന്നും എനിക്ക് തോന്നുന്നില്ല.

രാഷ്ട്രീയമായി സഭ പിന്നോക്കം പോവുകയും, മുഖ്യധാരാ രാഷ്ട്രീയത്തിൽ ക്രൈസ്തവ വിരുദ്ധ വികാരം സൃഷ്ടിക്കപ്പെടുകയും വർഗ്ഗീയ നിലപാടു കൾക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിന്റെ പശ്ചാത്തലത്തിൽ ഈ വിഷയത്തെക്കുറിച്ച് സാറിനെന്താണ് പറയാനുള്ളത്?

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറയുകയാണെങ്കിൽ, കുറെ എംഎൽഎമാർ ഉണ്ട് എന്നതിനപ്പുറം, പൊതുവായ ക്രൈസ്തവ സമൂഹവുമായോ കത്തോലിക്കാ സഭയുമായോ ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ സഭയ്ക്കുവേണ്ടി സംസാരിക്കാൻ ആരെയുംതന്നെ ഞാൻ കണ്ടിട്ടില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി അനേകം പ്രശ്‌നങ്ങൾ നാം കണ്ടു കൊണ്ടിരിക്കുന്നുണ്ട്. വ്യക്തിപരമായി അവരോട് ചോദിക്കുമ്പോൾ, താൻ ക്രൈസ്തവരുടെ ആളാണെന്ന് ബ്രാൻഡ് ചെയ്യപ്പെടും, അത് തന്റെ ഭാവിയെ അപകട ത്തിലാക്കും എന്ന ആശങ്കയാണ് പറഞ്ഞുകേട്ടിട്ടുള്ളത്. അക്കാരണത്താൽ തനിക്ക് സെക്കുലർ കാഴ്ചപ്പാട് മാത്രമേ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് പതിവ് നിലപാട്. ഇത്തരം വിഷയങ്ങളിൽ, വ്യക്തിപരമായി വേറിട്ട അഭിപ്രായങ്ങൾ ഉണ്ടായിരി ക്കാമെങ്കിലും അവർക്കൊന്നും തന്നെ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ സാധിക്കുന്നില്ല. അത് തീർച്ചയായും ഒരു വലിയ പോരായ്മയാണ്.

കേരളത്തിൽ ഇരുപത് ശതമാനത്തിനടുത്ത് ക്രൈസ്തവരുണ്ട് എന്നാണ് കണക്ക്. ആകെ ജന സംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ഒരു സമൂഹത്തിന് ഒരു രാഷ്ട്രീയ ശക്തിയായി വളരാൻ കഴിയുന്നില്ല. എല്ലാ പാർട്ടികളിലും നമ്മുടെ സാന്നിദ്ധ്യമുണ്ട്. കൂടുതലായി യുഡിഎഫുമായി ബന്ധപ്പെട്ട പാർട്ടികളിലാണ് ക്രൈസ്തവ സാന്നിദ്ധ്യമുള്ളത്. എങ്കിൽപ്പോലും പ്രകടമായി ഒരു പ്രശ്‌നം ക്രൈസ്തവർക്ക് ഉണ്ടാകുമ്പോൾ സംസാരിക്കാൻ ആളില്ലാത്ത ശൂന്യതയാണ് കാണുന്നത്. അതിന് ഇനിയുള്ള കാലത്തെങ്കിലും എങ്ങനെ പരിഹാരം കാണാം എന്നുള്ളത് പ്രധാനപ്പെട്ട ഒരു ചർച്ചാവിഷയമാകേ ണ്ടതാണ്.

സമീപകാലങ്ങളിൽ സഭ നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കും അവഹേളനങ്ങൾക്കും എതിരെ നിയമപരമായിത്തന്നെ പലതും ചെയ്യാമായിരുന്നിരിക്കെ കൈകെട്ടി നിന്ന അവസരങ്ങളാണ് കൂടുതലും ഉണ്ടായിരുന്നത്. സഭയ്ക്കും സമൂഹത്തിനും എതിരെയുള്ള ഗൂഢനീക്കങ്ങളെ എപ്രകാരമാണ് നിയമപരമായി നേരിടാൻ കഴിയുക?

നിയമപരമായി സഭ പൊതുവായി നേരിടുന്ന പ്രശ്‌നങ്ങളും ജനശ്രദ്ധയാകർഷിക്കുന്ന വിവാദ പ്രശ്‌നങ്ങളും ശരിയായ വിശകലനം നടത്തി ഫലപ്രദമായി കൈകാര്യം ചെയ്യുവാനായി നമുക്കൊരു ലീഗൽ സെൽ അത്യാവശ്യമാണ്. അത്തരം സംവിധാനങ്ങൾ വളരെ മുമ്പേ തന്നെ വേണ്ടിയിരുന്നു. അതിനാവശ്യമുള്ള ധാരാളം വിദഗ്ദർ നമുക്കിടയിൽ ത്തന്നെയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യക്തിപരമായും അപൂർവ്വമായും മാത്രമാണ് ചിലർ ചിലതൊക്കെ ചെയ്യുന്നത്. സഭയെ മൊത്തമായി ബാധിക്കുന്ന പ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ള വിഷയത്തിൽ നിയമപരമായ ഉപദേശം നൽകുവാൻ ഔദ്യോഗികമായ ഒരു പരിവേഷംതന്നെ കൊടുത്തുകൊണ്ട് ശക്തമായ ഒരു ടീമിനെ തയ്യാറാക്കേണ്ടതാണ്. ഏതെങ്കിലുമൊരു ബിഷപ്പിന് പരിചയമുള്ള ഒരാളെ വിളിച്ച് ഉപദേശം ചോദിക്കുന്ന രീതിയല്ല വേണ്ടത്; കെസിബിസി - പിഒസി പോലുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമായിത്തന്നെ ഇത്തരം കാര്യങ്ങളിൽ നിയമ സഹായം നല്കാൻ കഴിയുന്ന ഒരു ഗ്രൂപ്പ് ഉണ്ടാകണം. സഭയുടെയും വിശ്വാസിസമൂഹത്തിന്റെയും പ്രധാന പ്രശ്‌നങ്ങൾ എന്നതിലുപരി ഇത്തരത്തിൽ നിയമ സഹായം തേടുന്നവർക്ക് ഒരു ഹെൽപ്പ്‌ലൈൻ തന്നെ ആരംഭിക്കുന്നത് ആവശ്യമാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആരെപ്പോയി കാണണം, ആരെ സമീപിച്ചാൽ ശരിയായ ഉപദേശം കിട്ടും എന്നിങ്ങനെ വലിയ ആശങ്കകളിൽ അകപ്പെടുന്ന ക്രൈസ്തവരെ സഹായിക്കാൻ കഴിയും.

സമൂഹത്തിന്റെ മുമ്പിൽ നാം പലപ്പോഴും തെറ്റുകാരായി ചിത്രീകരിക്കപ്പെടുന്നു. യാഥാർഥ്യം മറ്റൊന്നായിരിക്കാമെങ്കിലും മുഖ്യധാരാമാധ്യമങ്ങൾ സഭയെ കടന്നാക്രമിക്കുന്നു, കണ്ടുനിൽക്കുന്നവരെല്ലാം കൈകൊട്ടി അത് സന്തോഷത്തോടെ സ്വീകരിക്കുന്നു. അതാണ് ഈ കാലത്തിന്റെ ശൈലി. സഭ ആക്രമിക്കപ്പെടുന്നതിൽ ജനങ്ങൾ സന്തോഷിക്കുന്ന ഒരു പശ്ചാത്തലം ഇന്നുണ്ട്. വർഗ്ഗീയമായ അജണ്ട കളെക്കുറിച്ചല്ല ഞാൻ പറയുന്നത്. പൊതുസമൂഹം കരുതുന്നത്, സഭയ്ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ സ്വത്തുണ്ട്, അതെല്ലാം സഭ പൂഴ്ത്തി വച്ചിരിക്കുകയാണ് എന്നിങ്ങനെയൊക്കെയാണ്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് കാണുകയുണ്ടായി. അതിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത് കത്തോലിക്കാ സഭയ്ക്ക് ഇൻഡ്യാഗവണ്മെന്റിനെക്കാൾ സമ്പത്തുണ്ടെന്നും അതിനെ സംരക്ഷിക്കുകയാണ് ബിഷപ്പുമാരുടെ ജോലി എന്നുമൊക്കെയാണ്. അത്തരം അടിസ്ഥാനരഹിത മായ ആരോപണങ്ങളെ പോലും ഖണ്ഡിക്കാൻ നമുക്ക് സാധിക്കുന്നില്ല. അതൊക്കെ ശരിയാണെന്ന് പൊതുസമൂഹം മാത്രമല്ല, ചില വിശ്വാസികൾപോലും കരുതുന്നു എന്നുളളതാണ് പരിതാപകരമായ അവസ്ഥ. ഇത്തരം ദുരാരോപണങ്ങൾ നിഷേധിക്കാനും, യാഥാർഥ്യമെന്താണെന്ന് പറഞ്ഞുകൊടുക്കാനും ആളില്ല എന്നുള്ളതാണ് അടിസ്ഥാനപരമായ കാരണം.

പൊതുസമൂഹത്തിന് മുന്നിൽ സഭയെക്കുറിച്ചു പ്രചരിക്കുന്ന ചിത്രം അയഥാർത്ഥമാണ് എന്ന് സർ സൂചിപ്പിക്കുകയുണ്ടായി. കത്തോലിക്കാ സഭയ്ക്കും സഭയുടെ പ്രവർത്തനങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും എക്കാലവും ഇവിടെ വലിയ സ്ഥാനമുണ്ട്. സാറിന്റെ അനുഭവങ്ങളുടെ വെളിച്ച ത്തിൽ അത് വിശദീകരിക്കാമോ?

കുറച്ചുനാൾ മുമ്പ് സന്യാസ സഭയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തിൽ ഒരു സംഭാഷണ മദ്ധ്യേ ഞാൻ പറയുകയുണ്ടായി, ഈ രീതിയിലുള്ള കടന്നാക്രമണങ്ങളൊക്കെ ഉണ്ടായാൽ സന്യാസസഭകളിലേക്ക് ചേരാൻ ആളുകളില്ലാതെ വരും എന്ന്. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ആക്രമണങ്ങളായിരുന്നു നടന്നിരുന്നത്. ഞാനുമായി അപ്പോൾ ഈ വിഷയം സംസാരിച്ചുകൊണ്ടിരുന്ന വ്യക്തി ഒരു കത്തോലിക്കൻ ആയിരുന്നില്ല. ഈ സന്യാസ സഭകളെല്ലാം നിന്നുപോവുകയാണെങ്കിൽ കേരളത്തിലെ സാമൂഹിക സ്ഥിതി എന്തായിത്തീരും എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. അശരണരെ നോക്കാൻ പിന്നെ ആരുണ്ടാവും? പ്രത്യേകിച്ച് മദർ ലിറ്റിയെപ്പോലുള്ളവരുടെ സ്ഥാപനങ്ങളും മദർ തെരേസയുടെ ശിശുഭവനങ്ങളുമൊക്കെ കണ്ടിട്ടുള്ള യാളായിരുന്നു അദ്ദേഹം. ഇതുപോലുള്ള ആയിരങ്ങളെ വേണ്ടവിധം ശുശ്രൂഷിക്കാൻ സർക്കാരിനെക്കൊണ്ട് യാതൊരുകാരണവശാലും സാധിക്കുകയില്ല. സാമ്പത്തികമായിപ്പോലും താങ്ങാൻ സർക്കാരിനെ ക്കൊണ്ട് കഴിയില്ല.

ഇതെല്ലാം നടന്നുപോകുന്നത് സഭയുടെയും, സഭയെ സ്‌നേഹിക്കുന്ന അനേകരുടെയും പങ്കു വയ്ക്കലുകൾ കൊണ്ടാണ്. കുറെയേറെ സന്യാസി മാരും സന്യാസിനിമാരും ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി സമൂഹത്തിനു സേവനം ചെയ്യാനായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ്. അവരൊന്നുമില്ലാത്ത ഒരവസ്ഥയിൽ കേരളം ബീഹാറുപോലെയോ യുപി പോലെയോ ആയി പ്പോകും. സാമൂഹിക ക്ഷേമ രംഗത്ത് വലിയൊരു ശൂന്യതയായിരിക്കും വരുന്നത്. കേരളം ഇന്ന് 'ഗോഡ്‌സ് ഓൺ കൺട്രി' എന്ന് വിളിക്കപ്പെടു ന്നതിന്റെ ഒരു കാരണം ഇവരൊക്കെയാണ്. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ മേഖലയിലും സഭയുടെ കഴിഞ്ഞ നൂറുവർഷത്തെ സേവനം നിർണ്ണായകമാണ്. അത് സന്യസ്തരിലൂടെ ഇന്നും തുടർന്ന് പോരുകയാണ് ചെയ്യുന്നത്. സേവനരംഗത്തുള്ള സന്യാസികളുടെയും സന്യാസിനികളുടെയും കത്തോലിക്കാ സഭയുടേ തായിട്ടുള്ള സ്ഥാപനങ്ങളുടെയും സാന്നിധ്യം ഒരുകാലത്ത് നഷ്ടപ്പെടുകയാണെങ്കിൽ മാത്രമേ അതിന്റെ ഭവിഷ്യത്ത് മനസ്സിലാവുകയുള്ളു. കാരണം, ഇവരുടെ സേവനങ്ങൾ കത്തോലിക്കർക്കു വേണ്ടിയോ ക്രൈസ്തവർക്കു വേണ്ടിയോ മാത്രല്ല. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെയാണ് അവർ സ്വീകരിക്കുന്നത്. മദർ ലിറ്റിയുടെ തിരുവല്ലയിലെ സ്ഥാപനത്തിലും മറ്റു പല സ്ഥാപനങ്ങളിലും ഞാൻ പോയിട്ടുണ്ട്. അവിടങ്ങളിലെ അന്തേവാസികളുടെ കണക്കെടുക്കുകയാണെങ്കിൽ തൊണ്ണൂറു ശതമാനവും അക്രൈസ്തവരായിരിക്കും. ജാതിയോ മതമോ നോക്കിയല്ല ഇവരൊന്നും സേവനം ചെയ്യുന്നത്.

എയിഡ്‌സ് രോഗികളെ ശുശ്രൂഷിക്കാൻ വേറെ ആരുണ്ടാവും? പ്രളയം വന്നപ്പോൾ എത്രമാത്രം സേവനങ്ങളാണ് ഇവർ ചെയ്തത്? ചങ്ങനാശേരി രൂപതാപരിധിയിലെ കാര്യം എനിക്കറിയാം അതുപോലെ മറ്റുള്ള സ്ഥലങ്ങളിലും നടന്നിട്ടു ണ്ടാവുമെന്നു കരുതുന്നു. ഇങ്ങനെ സേവനരംഗത്തുള്ള ക്രൈസ്തവ സാന്നിധ്യം ഇന്ന് പാടെ അവഗണിക്ക പ്പെടുകയാണ്. പലരും എന്നോട് ചോദിക്കാറുണ്ട്, ഇതൊക്കെ നിങ്ങൾ ചെയ്യുന്നവയാണോ, നിങ്ങൾക്ക് പബ്ലിസിറ്റി ഇല്ലേ, ഇതൊക്കെ പൊതുസമൂഹത്തോട് പറഞ്ഞുകൂടേ എന്നൊക്കെ. ഞാൻ പറയാറുണ്ട്, പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത് എന്ന്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ചെയ്യുന്നതെങ്കിലും സഭയ്ക്കുള്ളിലുള്ള ആളുകൾ പോലും ഇതൊന്നും അറിയുന്നില്ല എന്നുകൂടി നാം ഓർക്കണം. എത്രകോടി രൂപയാണ് സാമൂഹ്യസേവന പരിപാടികൾക്കായി ഓരോ വർഷവും സഭ ചെലവഴിക്കുന്നത്? അതാരും അറിയുന്നില്ല. അത്തരം കാര്യങ്ങൾ പത്രസമ്മേളനം വിളിച്ചൊന്നും പറഞ്ഞില്ലെങ്കിലും സഭയുടേതായ ഒരു സെക്കുലർ ഓൺലൈൻ പത്രമെങ്കിലും ഉണ്ടാകേണ്ട താണ്. ഒരു ടിവി ചാനലും വേണ്ടത് തന്നെയാണ്. അങ്ങനെയുള്ള മാധ്യമങ്ങളിൽകൂടി ജനങ്ങൾ അറിയേണ്ട കാര്യങ്ങളാണ് ഇതൊക്കെ. 

വഴിതെറ്റുന്നവരും വ്യാജം പറയുന്നവരുമായ ചിലരെ ചൂണ്ടിക്കാണിച്ച് സകല സന്യസ്തരെയും മോശ ക്കാരാക്കി ചിത്രീകരിക്കാനായുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടക്കുന്നുണ്ട്. അതല്ല വാസ്തവം എന്ന് നമുക്ക് വ്യക്തമായറിയാം. ഇത്തരത്തിൽ മോശക്കാരാക്കി ചിത്രീകരിക്കപ്പെടുന്ന എണ്ണമറ്റ സന്യസ്തരുടെ സമർപ്പണ ജീവിതത്തെക്കുറിച്ച് സാറിന്റെ വീക്ഷണങ്ങൾ പങ്കുവയ്ക്കാമോ?


കൃത്യമായ അംഗസംഖ്യ എനിക്കറിയില്ലെങ്കിലും കേരളത്തിലെ വലിയ സന്യാസിനീ സമൂഹങ്ങളിൽ ഒന്നാണ് ക്‌ളാരിസ്റ്റ് കോൺഗ്രിഗേഷൻ(FCC). ഏഴായിരത്തോളം സന്യാസിനിമാർ ആ കോൺഗ്രി ഗേഷനിലുണ്ടെന്ന് ഒരു കണക്ക് കേട്ടിരുന്നു. അതു പോലെ അംഗസംഖ്യയുള്ളതും അൽപ്പം കുറവുള്ളതു മായ മറ്റനേകം കോൺഗ്രിഗേഷനുകളുണ്ട്. അവർ സ്‌കൂളുകൾ നടത്തുന്നു, അനാഥാലയങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു, എസ്ഡി സന്യാസിനിമാരെ പ്പോലെ അനേകർ ആരോഗ്യപരിപാലന രംഗത്തുണ്ട്. അത്തരത്തിൽ ഒരുപാട് സേവനങ്ങൾ അവർ ചെയ്യുന്നുണ്ട്. അതിൽ ഏതാനും ചിലർ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് അവരുടേതായ ആവലാതികൾ പറയുന്നു, ശരിയായിരിക്കാം തെറ്റായിരിക്കാം. അവരുടെ പിന്നാലെയാണ് മാധ്യമങ്ങൾ. കാരണം, ലോകം മുഴുവനും എന്നതുപോലെ കേരളത്തിലും നെഗറ്റിവ് ആയ കാര്യങ്ങൾക്ക് കൂടുതൽ പബ്ലിസിറ്റി കിട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്. നല്ലകാര്യങ്ങൾക്ക് അതുപോലെ പബ്ലിസിറ്റി കിട്ടാറില്ല. സന്യസ്തർക്കിടയിൽ അപൂർവ്വം ചിലർ സ്വതന്ത്രരായി നടക്കുന്നു, അവർക്ക് ഇഷ്ടമുള്ളിടത്തെല്ലാം പോകുന്നു, അവരെ കൊണ്ടുനടക്കാനും അവർക്ക് വേദികളൊരുക്കാനും മാധ്യമ ശ്രദ്ധ നേടിക്കൊടുക്കാനുമെല്ലാം ആളുകളുണ്ട്. ഇത്തരത്തിൽ സഭയ്‌ക്കെതിരേ പ്രവർത്തിക്കുന്ന ശക്തികൾ എല്ലാക്കാലത്തുമുണ്ടായിരുന്നു, ഇപ്പോഴു മുണ്ട്. അവരെ ആക്രമിക്കണമെന്നോ ഒറ്റപ്പെടുത്തണ മെന്നോ ഒന്നും ഞാൻ പറയുന്നില്ല, പക്ഷെ, മറുവശത്ത് നാം ചെയ്യുന്ന നല്ലകാര്യങ്ങൾ പുറത്ത് വരണം.

സിസ്റ്റർമാരെ സംബന്ധിച്ച് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള കാര്യമുണ്ട്. കുടുംബവു മായുളള ബന്ധം വിച്ഛേദിച്ച് കോൺവെന്റുകളിലേയ്ക്ക് വരുന്നവരാണ് അവർ. പല സ്ഥലത്തുനിന്നും പല പശ്ചാത്തലങ്ങളിൽ നിന്നും വരുന്നവരാണ് അവരൊക്കെ. പക്ഷെ, പിന്നീട് ജീവിതകാലം മുഴുവനും സന്യസ്ത ജീവിതം നയിക്കേണ്ടവരാണ്. അവർക്ക് അവരുടേതായ ക്ലേശങ്ങളും, വിഷമതകളും ഉണ്ടാകാം. പക്ഷെ, അത് പറയാനും പരിഹരിക്കാനുമായി ഒരു grievance redressal നുള്ള വേദിയില്ല. ആരോട് പറയും? അവരുടെ മദർ സുപ്പീരിയറിനോട് ഒരുപക്ഷെ പറയാമായിരിക്കും. മഠങ്ങൾക്കുള്ളിൽ നടക്കുന്ന ഒരു കാര്യമായതിനാൽ അതെങ്ങനെയാവും സ്വീകരിക്ക പ്പെടുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷെ, ഇത്തരമൊരു വേദിയുണ്ടാകണമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതെന്തായിരിക്കണം എങ്ങനെയായിരിക്കണമെന്ന് കെസിബിസിയും ഉത്തരവാദിത്തപ്പെട്ടവരും തീരുമാനിക്കേണ്ട കാര്യമാണ്. തന്റെ സുപ്പീരിയറിനോട് പറഞ്ഞതുകൊണ്ട് പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളുണ്ടെങ്കിൽ, അതിൽ ഇടപെടാൻ ഒരു വേദി ഉണ്ടാകണം എന്നുള്ളതിൽ സംശയമില്ല. കോൺവെന്റിലേക്ക് ചേർന്നുപോയി, ഇനി തിരിച്ചു വീട്ടിലേക്ക് പോയാൽ അവിടെ സ്വീകരിക്ക പ്പെടില്ല, സമൂഹത്തിൽനിന്ന് പ്രശ്‌നങ്ങളുണ്ടാകും; അതിനാൽ സഹിച്ച് ജീവിതാവസാനം വരെ ഇവിടെ കഴിയാം എന്നുള്ള അവസ്ഥ നല്ലതല്ല. 

'ചെറിയ പ്രായത്തിൽ തിരിച്ചറിവില്ലാത്ത പ്രായത്തിൽ കൊണ്ടുപോയി ജീവിതകാലം മുഴുവൻ തടങ്കൽ പാളയത്തിൽ എന്നതുപോലെ അടച്ചിടുക യാണ്, അത് ക്രൂരതയാണ്' എന്നും മറ്റുമുള്ള അതിരുകടന്ന വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നുകാണാറുണ്ട്. അങ്ങനെയൊരവസ്ഥ ഇല്ല എന്നുള്ളത് വാസ്തവമാണെങ്കിലും അത്തരമൊരു കാഴ്ചപ്പാട് സമൂഹത്തിൽ ഉണ്ടാകുന്നത് തുറന്നു സംവദിക്കാൻ വേദികളില്ലാത്തതുകൊണ്ടാണ്. അത്തരം അവസരങ്ങൾ ഇനിയെങ്കിലും ഉണ്ടാകട്ടെ. 

സന്യസ്തരെ കുറച്ചുകാണുകയും അവഹേളി ക്കുകയും ചെയ്യുന്നവരോട് എന്താണ് പറയാനുള്ളത്?

അത്തരക്കാർ പുറമെനിന്ന് വീക്ഷിക്കുന്ന വരാണ്. പിന്നെ, അടുത്തകാലത്ത് ഇത്തരം വിഷയങ്ങൾ പ്രമേയമാക്കി കുറെ സിനിമകൾ ഇറങ്ങി. എല്ലാത്തിന്റെ യൊന്നും പേരുകൾ ഞാൻ ഓർമ്മിക്കുന്നില്ല. വർഷങ്ങൾക്ക് മുമ്പിറങ്ങിയ 'ക്രൈം ഫയൽ' എന്ന സിനിമ എത്രയോ തവണയാണ് ടെലിവിഷൻ ചാനലുകളിൽകൂടി പ്രദർശിപ്പിച്ചിട്ടുള്ളത്? അടുത്ത കാലത്ത് 'വിശുദ്ധൻ' എന്നൊരു സിനിമ ഇറങ്ങിയിരുന്നു. സന്യാസിനിമാരെ മോശക്കാരാക്കി ചിത്രീകരിക്കുന്ന ഒരുപാട് സിനിമകൾ ഇങ്ങനെ ഇറങ്ങിയിട്ടുണ്ട്. വളരെ അപഹാസ്യമായ രീതിയിലാണ് വൈദികരുടെയും സന്യസ്തരുടെയും ജീവിതത്തെ പ്പറ്റിയും സഭയെപ്പറ്റിയും അവയിൽ പരാമർശിച്ചിട്ടുള്ളത്. കുമ്പസാരക്കൂടിനെയും കുമ്പസാരത്തെയുമൊക്കെ അവഹേളിച്ചുകൊണ്ടുള്ള നിന്ദ്യമായ രീതിയിലുള്ള ചിത്രീകരണങ്ങളൊക്കെ ഉണ്ടായി. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും സഭയും വിശ്വാസികളും മിണ്ടിയില്ല. അത്തരം സിനിമകളിൽ കാണുന്നത് വിശ്വാസികൾ വിശ്വസിച്ചു എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ സഭയ്ക്ക് പുറത്തുള്ളവർ ഇതൊക്കെയാണ് നടക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടാവണം. 'റോമൻസ്' എന്ന സിനിമ കാണുകയുണ്ടായി. എത്ര പരിഹാസ്യമായിട്ടാണ് അവർ വൈദികരെ അവതരിപ്പിച്ചിരിക്കുന്നത്? മെത്രാനെ തെരഞ്ഞെടുക്കുന്നത് അച്ചന്മാർ വോട്ട് ചെയ്തിട്ടാണ് എന്നുവരെ അതിൽ കാണിച്ചു. ഇതൊക്കെ കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്, എല്ലാം സഹനമായി കാണാമെങ്കിലും ഇത്രമാത്രം സഹിക്കേണ്ട കാര്യമില്ല എന്നാണ്. കാരണം, കാണുന്നവർ വിചാരിക്കും, ഇതൊക്കെ ശരിയായിരിക്കുമെന്ന്.

എന്തും കാണിക്കാമോ ഈ രാജ്യത്ത്? വേറെ ഒരു മതത്തിൽപ്പെട്ട കാര്യമാണ് ഇങ്ങനെ അവതരി പ്പിക്കുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥ? പണ്ടൊരിക്കൽ ചിറ്റൂർ റാണിയായിരുന്ന പത്മാവതിയെ പ്പറ്റി ഒരു സിനിമ നിർമ്മിച്ചപ്പോൾ എന്തെല്ലാം കോലാഹലങ്ങൾ നടന്നു? കത്തോലിക്കാ സഭയിലെ വൈദികരെയും, സന്യസ്തരെയും സഭയുടെ സമ്പ്രദായങ്ങളെയും ബിഷപ്പുമാരെയും കുറിച്ച് ആര് എന്തുപറഞ്ഞാലും ചോദിക്കാനാരുമില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നത് ശരിയല്ല. അതിനുള്ള സംവിധാനങ്ങൾ ഉണ്ടാവുകതന്നെ വേണം. ക്ഷമയും സഹനവും ഇല്ല എന്നുള്ളതുകൊണ്ടല്ല, അതൊക്കെയുണ്ട്. പക്ഷെ തെറ്റായ ആശയങ്ങൾ സമൂഹത്തിലൂടെ പ്രചരിക്കപ്പെടുമ്പോൾ അത് ചോദ്യം ചെയ്യാനുള്ള നിയമങ്ങളും കോടതിയും മാർക്ഷങ്ങളും ഉള്ള സ്ഥിതിക്ക് അവ ഉപയോഗിക്കുക തന്നെ വേണം.

ഒരിക്കൽ 'പിതാവും പുത്രനും പരിശുദ്ധാ ത്മാവും' എന്ന പേരിൽ ഒരു സിനിമ പ്രഖ്യാപിച്ചപ്പോൾ ബോംബെക്കാരായ ചിലർ പരാതി കൊടുക്കുകയും നിർമ്മാതാവിന് പേര് മാറ്റേണ്ടിവരികയും ചെയ്ത ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പേരിൽ മാറ്റം വരുത്തി 'പിതാവും പുത്രനും' എന്നപേരിൽ ആ സിനിമ പുറത്തിറങ്ങിയപ്പോൾ വീണ്ടും പരാതി പോവുകയും അത് പെട്ടിയിലാവുകയും ഉണ്ടായി. ശക്തമായ നടപടികൾ ഇതുപോലുള്ള സിനിമകൾക്കെതിരേ സ്വീകരിക്കാനുള്ള നിയമവും, സെൻസർ ബോർഡും ഇവിടെയുണ്ട്. നിയമപരമായി ഇത്തരം അവഹേളന ങ്ങളെ നേരിടണം. ഇപ്രകാരം നമ്മുടെ സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള മാർക്ഷങ്ങൾ നാം തേടുകതന്നെ വേണം. അല്ലാത്തപക്ഷം, ഇതൊക്കെ ആവർത്തിച്ചു കൊണ്ടിരിക്കും. ഒരുപക്ഷെ ഇതൊക്കെ 'ടെസ്റ്റ് ഡോസുകൾ' ആയിരിക്കാം. ഇക്കാര്യങ്ങളിലൊന്നും പ്രതികരണങ്ങൾ ഉണ്ടായില്ലെങ്കിൽ, കൂടുതൽ ശക്തമായ ആക്രമണങ്ങൾ നാം നേരിടേണ്ടിവന്നേക്കാം. അതിനെ അനുവദിക്കാൻ പാടില്ല.

അടുത്തകാലത്തായി രൂപപ്പെട്ടിട്ടുള്ള ഒട്ടേറെ ഓൺലൈൻ പത്രങ്ങൾ സഭയ്ക്കും വിശ്വാസത്തിനു മെതിരായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും സഭാനേതൃത്വത്തെ കരുതിക്കൂട്ടി അവഹേളിക്കുകയും ചെയ്യുന്നത് പതിവാണ്. വാർത്തകൾ വളച്ചൊടി ക്കുകയും, ദുർവ്യാഖ്യാനം ചെയ്യുകയും, പെരുപ്പിച്ചു കാണിക്കുകയും ചെയ്ത് സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന അവരെ നിലയ്ക്ക് നിർത്താൻ നിയമത്തിന് പോലും കഴിയാത്ത സാഹചര്യമുണ്ട്. സാറിന്റെ നിരീക്ഷണങ്ങൾ പങ്കുവയ്ക്കാമോ?

ഓൺലൈൻ പത്രങ്ങളുടെ രജിസ്‌ട്രേഷൻ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയില്ല. പക്ഷെ, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് എന്നൊരു നിയമം ഇവിടെയുണ്ട്. രാഷ്ട്രീയ നേതാക്കൾക്കെതിരെ കാർട്ടൂൺ വരയ്ക്കുമ്പോൾ അവരെ പിടിച്ചു ജയിലിൽ ഇടാറുണ്ടല്ലോ. അതിനുള്ള നിയമം ഇപ്പോഴും നിലവിലുണ്ട്. ബംഗാളിൽ സംഭവിച്ചത് നമുക്കറിയാം, മമതാ ബാനർജിക്കെതിരേ കാർട്ടൂൺ വരച്ച് ജയിലിലായ പ്രഫസർക്ക് സുപ്രീംകോടതി ഇടപെട്ടാണ് പുറത്തിറങ്ങാനായത്. ആ നിയമങ്ങൾ എപ്പോൾ ആർക്കെതിരെ ഉപയോഗിക്കണമെന്ന് പൊലീസാണ് തീരുമാനിക്കുന്നതെന്നു മാത്രം. ഇവിടെ ഇതുവരെ വേണ്ട നടപടികൾ സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ അതിനുള്ള സമ്മർദ്ദം പോലീസിലും ഉണ്ടായിട്ടുണ്ടാ വില്ല. ഇത്തരം മാധ്യമങ്ങളുടെ രജിസ്‌ട്രേഷൻ തടയാനോ ബാൻചെയ്യാനോ ഒന്നും നാം പോകേണ്ടതില്ല. എന്നാൽ അപകീർത്തിപ്പെടുത്തലിനെതിരേ അതിനെതിരെ ക്രിമിനൽ നടപടികളും, ഐടി ആക്ട് പ്രകാരമുള്ള നടപടികളും സ്വീകരിക്കാം. പക്ഷെ, അതിനുള്ള ശക്തമായ നീക്കങ്ങളോ, നടപടിക്രമങ്ങളോ നിയമത്തിന്റേതായ വഴിയിൽ ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഓൺലൈൻ മാധ്യമമായതുകൊണ്ട് എന്തും ചെയ്യാം എന്ന സ്ഥിതി ഇന്ത്യയിലില്ല. നാം ഫലപ്രദമായ വഴി നോക്കിയിട്ടില്ല എന്നുള്ളതാണ് കാര്യം. ഒരുപക്ഷേ, കുറേപേർ കണ്ടാലും അതൊന്നും സഭയെ ബാധിക്കില്ല എന്നോ, രണ്ടായിരം വർഷമായി പാറപോലെ നിലകൊള്ളുന്ന സഭയ്ക്ക് ഇതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നോ ആണ് സഭയെ നയിക്കുന്നവർ ചിന്തിക്കുന്നതെങ്കിൽ ഇത്തരം സംഭവങ്ങൾ തുടർന്നുകൊണ്ടിരിക്കും.

തയ്യാറാക്കിയത്: വിനോദ് നെല്ലയ്ക്കൽ (ജാഗ്രത ന്യൂസ് )


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.