അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയില്‍ സൈനികരുടെ മോശം പെരുമാറ്റം സംബന്ധിച്ച ആരോപണങ്ങളില്‍ ഓസ്ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്സ് (എ.ഡി.എഫ്) ഇന്‍സ്‌പെക്ടര്‍ ജനറല്‍ അന്വേഷണം ആരംഭിച്ചു. അഡ്ലെയ്ഡ് ആസ്ഥാനമായുള്ള ആര്‍മി ഏഴാം ബറ്റാലിയനിലെ സൈനികരുടെ പെരുമാറ്റം സംബന്ധിച്ചാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അതീവ രഹസ്യമായാണ് സൈന്യം കാത്തുസൂക്ഷിക്കുന്നത്.
നവംബറിലാണ് എ.ഡി.എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ അന്വേഷണം ആരംഭിച്ചത്. അതേസമയം അഡ്ലെയ്ഡ് സൈനിക യൂണിറ്റിനെക്കുറിച്ചുള്ള ആരോപണങ്ങളിന്മേല്‍ നേരത്തെ സൈനിക തലത്തില്‍ അന്വേഷണം നടന്നിരുന്നെങ്കിലും ആരോപണങ്ങള്‍ സാധൂകരിക്കാനുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല.
വംശീയമായ അധിക്ഷേപം, നീതി നിഷേധം എന്നീ ആരോപണങ്ങളാണ് അഡ്ലെയ്ഡിലെ സൈനികര്‍ക്കു നേരേ ഉയര്‍ന്നിരിക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിക്കു മുന്നിലും എത്തിയിരുന്നു. സൗത്ത് ഓസ്ട്രേലിയന്‍ സെനറ്റര്‍ റെക്സ് പാട്രിക് ഏഴാം ബറ്റാലിയന്റെ പെരുമാറ്റം സംബന്ധിച്ച് രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ആര്‍മി ചീഫ് ലെഫ്റ്റനന്റ് ജനറല്‍ റിക്ക് ബര്‍ ആണ് സെനറ്റ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായത്.
സൈനികരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് കൂടുതല്‍ അഭിപ്രായ പ്രകടത്തിനില്ലെന്ന നിലപാടാണ് ലെഫ്റ്റനന്റ് ജനറല്‍ റിക്ക് ബര്‍ സ്വീകരിച്ചത്. ആരോപണങ്ങള്‍ അന്വേഷിച്ചെങ്കിലും അവയൊന്നും തെളിയിക്കാനായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഏഴാം ബറ്റാലിയനുമായി ഇടപഴകുന്ന ചില പ്രാദേശിക എക്‌സ്-സര്‍വീസ് സംഘടനകളുമായി സംഘര്‍ഷമുണ്ടാകാറുണ്ടെന്ന് ലെഫ്റ്റനന്റ് ജനറല്‍ റിക്ക് ബര്‍ കമ്മിറ്റിക്കു മുന്നില്‍ സമ്മതിച്ചു.
വിഷയത്തില്‍ ആദ്യം എ.ഡി.എഫ് അന്വേഷണം പൂര്‍ത്തിയാക്കിയശേഷം വീണ്ടും അന്വേഷണം ആരംഭിച്ചതിലെ അസ്വാഭാവികയാണ് സെനറ്റര്‍ റെക്സ് പാട്രിക് ചൂണ്ടിക്കാട്ടുന്നത്. ആരോപണങ്ങളിന്മേല്‍ വ്യക്തത വരുന്നതു വരെ താന്‍ വിഷയം ഉന്നയിക്കുന്നതു തുടരുമെന്നും റെക്സ് പാട്രിക് കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനില്‍ ഓസ്ട്രേലിയന്‍ സേന നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൈനികരോടുള്ള മൃദുസമീപനത്തില്‍ പ്രതിരോധ വകുപ്പ് നിരന്തരം വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.