ജനങ്ങളുടെ ആധ്യാത്മിക, സാമൂഹിക ജീവിതത്തെ കൈപിടിച്ചുയര്‍ത്തിയ വിശുദ്ധ പീറ്റര്‍ ഫൗരിയര്‍

ജനങ്ങളുടെ ആധ്യാത്മിക, സാമൂഹിക ജീവിതത്തെ കൈപിടിച്ചുയര്‍ത്തിയ വിശുദ്ധ പീറ്റര്‍ ഫൗരിയര്‍

അനുദിന വിശുദ്ധര്‍ - 09

നോട്ടര്‍ഡാം സന്യാസ സഭയുടെ സ്ഥാപകനായ വിശുദ്ധ പീറ്റര്‍ ഫൗരിയര്‍ 1565 നവംബര്‍ 30ന് ഫ്രാന്‍സിലെ മാറ്റെയിന്‍ കോര്‍ട്ടില്‍ ജനിച്ചു. പതിനഞ്ചാമത്തെ വയസില്‍ അദ്ദേഹം പോണ്ട്-എ-മൗസണ്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. പിന്നീട് ചൌമൗസി ആശ്രമത്തില്‍ ചേര്‍ന്ന് 24-മത്തെ വയസില്‍ 1589 ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു.

അതിബുദ്ധിമാനായിരുന്ന പീറ്റര്‍ സഭാ പിതാക്കന്മാരുടെ ദൈവ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. വിശുദ്ധ തോമസ് അക്വീനാസിന്റെ 'ദൈവശാസ്ത്ര സമാഹാരം' എന്ന ഗ്രന്ഥം അദ്ദേഹത്തിനു കാണാപ്പാഠമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് അക്കാലത്ത് ശക്തി പ്രാപിച്ചിരുന്ന കാല്‍വനിസ്റ്റ് പാഷണ്ഡതക്കെതിരെ പോരാടാന്‍ അദ്ദേഹത്തെ ശക്തനാക്കി.

പിന്നീട് ആശ്രമാധിപതിയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം സര്‍വ്വകലാശാലയില്‍ തിരിച്ചെത്തുകയും ദൈവശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യം നേടുകയും ചെയ്തു. അഴിമതിക്കും മതനിന്ദയ്ക്കുമൊപ്പം മതവിരുദ്ധ വാദത്തിന്റെ ഭീഷണിയും നിലനില്‍ക്കുന്ന ജില്ലയില്‍ പെട്ട മറ്റൈന്‍കോര്‍ട്ട് എന്ന ഇടവകയുടെ വികാരിയായി 1597 ല്‍ പീറ്റര്‍ ചുമതലയേറ്റു. അദ്ദേഹത്തിന്റെ നിരന്തരമായ പ്രാര്‍ത്ഥനയുടെയും നിര്‍ദ്ദേശങ്ങളുടേയും ഉത്തമ മാതൃകയുടേയും ഫലമായി സഭ അവിടെ പുനസ്ഥാപിക്കപ്പെട്ടു.

പീറ്ററിന്റെ വിശ്വാസത്തിലുറച്ച പ്രസംഗങ്ങളിലൂടെ പാഷണ്ഡകരുടെ വാദങ്ങളെ തകര്‍ക്കുവാന്‍ സാധിച്ചു. അനേകര്‍ വീണ്ടും സത്യ സഭയിലേയ്ക്കു തിരികെ വന്നു. ജനങ്ങളുടെ ആധ്യാത്മിക ജീവിതത്തോടൊപ്പം സാമൂഹിക ജീവിത നിലവാരവും ഉയര്‍ത്തുന്നതിനായി അദ്ദേഹം നിരവധി സംഘടനകള്‍ക്ക് ഇടവകയില്‍ രൂപം നല്‍കി. കൂടാതെ സാമ്പത്തിക ഉന്നമനത്തിന്നായി ഒരു ബാങ്കും സ്ഥാപിച്ചു. തന്റെ ഇടവകാംഗങ്ങളുടെ ചെറിയ ചെറിയ താല്‍പര്യങ്ങള്‍ പോലും അദ്ദേഹം അവഗണിച്ചിരുന്നില്ല.

രോഗികളെ സഹായിക്കുക, ദരിദ്രരോട് കരുണ കാണിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വഴി അദ്ദേഹം പരസ്പര ധാരണയിലുള്ള ഒരുതരം സഹായ സംഘം തന്നെ രൂപപ്പെടുത്തി. പുരുഷന്മാര്‍ക്കായി 'സെന്റ് സെബാസ്റ്റ്യന്‍', സ്ത്രീകള്‍ക്കായി 'ഹോളി റോസറി', പെണ്‍കുട്ടികള്‍ക്കായി 'ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍' അല്ലെങ്കില്‍ 'ചില്‍ഡ്രണ്‍ ഓഫ് മേരി' എന്നീ മൂന്ന് സന്നദ്ധ സംഘടനകള്‍ സ്ഥാപിച്ചു. അക്കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന തിന്മകള്‍ക്കെതിരായുള്ള ചില സംവാദങ്ങളും ചിട്ടപ്പെടുത്തി.

ഈ സംവാദങ്ങള്‍ എല്ലാ ഞായറാഴ്ചകളിലും കുട്ടികള്‍ പൊതുജനങ്ങള്‍ക്കായി വായിക്കുമായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്നതിനായി 1598 ല്‍ അദ്ദേഹം നോട്രെ-ഡെയിം (ഇീിഴൃലഴമശേീി ീള ചീൃേലഉമാല) എന്ന സന്യാസിനീ സഭക്ക് രൂപം നല്‍കി. ഈ സഭ സൗജന്യമായി പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമായിരുന്നു. ക്രമേണ ഈ സഭ പടര്‍ന്ന് പന്തലിച്ചു.

1621 ല്‍ ടൗളിലെ മെത്രാന്റെ ഉത്തരവ് പ്രകാരം പീറ്റര്‍ ലൊറൈനിലെ സന്യാസ സഭകളിലെ നിയമങ്ങള്‍ പരിഷ്‌കരിക്കുവാനായി ലൊറൈനില്‍ എത്തി. 1629 ല്‍ 'ഔര്‍ സേവിയര്‍' എന്ന സന്യാസ സഭ സ്ഥാപിച്ചു. 1632 ല്‍ വിശുദ്ധന്‍ ഈ സന്യാസസഭയിലെ അധിപതിയായി നിയമിതനായി.

സന്യാസിനികള്‍ പെണ്‍കുട്ടികള്‍ക്കായി ചെയ്യുന്നത് പോലെ തന്റെ സഭാംഗങ്ങളായ സഹോദരന്‍മാര്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം 1625 ല്‍ ജോണ്‍ കാല്‍വിന്റെ സിദ്ധാന്തമായ 'കാല്‍വിനിസം' എന്ന പ്രോട്ടസ്റ്റന്റ് വിശ്വാസരീതി സ്വീകരിച്ച നാന്‍സിക്ക് സമീപമുള്ള പ്രദേശ വാസികളെ മാമോദീസ മുക്കുവാന്‍ നിയോഗിക്കപ്പെട്ടു.

ആറു മാസത്തിനുള്ളില്‍ ''പാവം അപരിചിതര്‍'' എന്ന് അദ്ദേഹം വിളിക്കുന്ന ആ പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ മുഴുവന്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്നു. ഹൗസ് ഓഫ് ലൊറൈനുമായുള്ള ബന്ധം കാരണം വൈകാതെ വിശുദ്ധന് ഗ്രേയിലേക്ക് ഒളിവില്‍ പോകേണ്ടതായി വന്നു.

അവിടെ വച്ച് തന്റെ 75-ാം വയസില്‍ പീറ്റര്‍ ഫൗരിയര്‍ അന്ത്യയാത്രയായി. 1730 ല്‍ ബെനഡിക്റ്റ് പതിമൂന്നാമന്‍ മാര്‍പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1897 ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫ്രാന്‍സിലെ സിപ്രിയന്‍

2. ഡോള്‍ ബിഷപ്പായിരുന്ന ബുഡോക്ക്

3. മോ രൂപതയിലെ ജുവാര്‍ ആശ്രമാധിപയായ ബാള്‍ഡാ

4. ഹൈപ്പര്‍ക്കുസ്, ഫിലോത്തെയൂസ്, ജെയിംസ്, പരാഗ്രൂസ്, അബിബൂസ്, റോമാനൂസ് ലോള്ളിയന്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26