കൊച്ചി: വ്യവസ്ഥകളുള്‍പ്പെടുത്തി ജീവപര്യന്തം തടവുശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. നിശ്ചിതകാലത്തേക്ക് മോചനം പാടില്ലെന്ന വ്യവസ്ഥയോടെ സ്വാമി ശ്രദ്ധാനന്ദ കേസിന് തുല്യമായ വിധികള്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതികള്‍ക്കും സുപ്രീം കോടതിക്കും മാത്രമാണ് അധികാരമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.
തൃശൂര്‍ തുമ്പുര്‍ പാറോക്കാരന്‍ വീട്ടില്‍ കൊച്ചുപോള്‍ വധക്കേസിലെ പ്രതിക്ക് 20 വര്‍ഷം പരോള്‍ പോലും പാടില്ലെന്ന വ്യവസ്ഥ സഹിതം 40 വര്‍ഷം കഠിനതടവ് വിധിച്ച തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിധി ഭാഗികമായി റദ്ദാക്കിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേസിലെ പ്രതിയും കൊല്ലപ്പെട്ട കൊച്ചുപോളിന്റെ (78) മരുമകനുമായ കല്ലൂര്‍ മാവിന്‍ചുവട് വടക്കുംചേരി വീട്ടില്‍ തോമസ് എന്ന ടോണിയുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു.
ഒറ്റയ്ക്ക് താമസിച്ചിരുന്ന കൊച്ചുപോളിനെ 2011 നവംബര്‍ 16നാണ് വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊച്ചുപോളിനൊപ്പം രാത്രി തങ്ങിയ തോമസ് പുലര്‍ച്ചെ നാലോടെ വെട്ടിക്കൊന്ന് 45 ഗ്രാം സ്വര്‍ണം കവര്‍ന്നെന്നാണ് കേസ്. രണ്ട് ലക്ഷം രൂപ പിഴയും 40 വര്‍ഷത്തെ തടവുമാണ് സെഷന്‍സ് കോടതി വിധിച്ചത്. 20 വര്‍ഷം മോചനം പാടില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ടോണി നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
ഇത്തരം കേസുകളില്‍ ജീവപര്യന്തം ശിക്ഷയാണ് സാധാരണ നല്‍കുക. മുമ്പ് കൊലക്കേസ് പ്രതിയാണെന്നത് കണക്കിലെടുത്താവാം ഉപാധി വച്ചത്. ഇല്ലാത്ത അധികാരം വിനിയോഗിച്ച് പുറപ്പെടുവിക്കുന്ന സെഷന്‍സ് കോടതി ഉത്തരവുകള്‍ ശരിവയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി, ഹൈക്കോടതി ഫുള്‍ബെഞ്ച് നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.