ജനറല്‍ ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് തൊട്ടു മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്

ജനറല്‍ ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് തൊട്ടു മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഊട്ടി: കൂനൂരില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേര്‍ മരിക്കാനിടയായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ തൊട്ടുമുന്‍പുള്ള വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നതിനു തൊട്ടുമുന്‍പുള്ള ദൃശ്യങ്ങളാണ് തമിഴ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തു വിട്ടത്.

ദൃശ്യങ്ങളില്‍ ഹെലികോപ്റ്റര്‍ മൂടല്‍മഞ്ഞിലേക്ക് പറക്കുന്നത് കാണാം. വലിയ ശബ്ദവും ഹെലികോപ്റ്റര്‍ തകര്‍ന്നെന്ന് നാട്ടുകാര്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ തെളിവായി അന്വേഷണ സംഘം ശേഖരിച്ചു. 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അപകടത്തില്‍ ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തി. വ്യോമസേനയുടെ അന്വേഷണ സംഘമാണ് റെക്കോര്‍ഡര്‍ അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഡാറ്റാ റെക്കോര്‍ഡറിലെ വിവരങ്ങള്‍ അപകട കാരണം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള വ്യോമ സേനാ സംഘം പരിശോധന തുടരുകയാണ്.

വ്യോമ സേനാ മേധാവി കൂനൂരിലെ സംഭവ സ്ഥലത്തെത്തി. വ്യോമസേനാ സംഘം നടത്തുന്ന പരിശോധനയുടെ പുരോഗതി വിലയിരുത്തി. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലാണ് ഉള്ളത്.

റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസും പട്ടാളവും സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ള 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് കൂനൂര്‍ കാട്ടേരിയിലെ നഞ്ചപ്പ സത്രത്ത് തകര്‍ന്നുവീണത്. അപകടത്തില്‍ 13 പേരും മരണപ്പെട്ടിരുന്നു. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.