അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 10
ഡയോക്ലീഷന്റെയും മാക്‌സിമിയന്റെയും മതപീഡന കാലത്ത് സ്‌പെയിനിലെ മെരീഡാ നഗരത്തില്‍ ഒരു പ്രഭു കുടുംബത്തിലായിരുന്നു എവുലാലിയയുടെ (യൂളേലിയയുടെ) ജനനം. ക്രിസ്തു ഭക്തരായ മാതാപിതാക്കളുടെ പ്രചോദനത്തില്‍ ദൈവഭക്തി, കരുണ തുടങ്ങിയ സത്ഗുണങ്ങളെ കുറിച്ചെല്ലാം ബാല്യകാലത്തു തന്നെ അവള്‍ പഠിച്ചു. കന്യകാത്വം എന്ന വിശുദ്ധിയോട് അവള്‍ക്ക് അടങ്ങാത്ത ആഗ്രഹമായിരുന്നു.
എവുലാലിയയ്ക്ക് 12 വയസുള്ളപ്പോഴാണ് മെരീഡായില്‍ മതപീഡന വിളംബരമുണ്ടായതും അത് നടപ്പിലാക്കാന്‍ റോമന്‍ ഗവര്‍ണര്‍ കല്‍പൂര്‍ണിയൂസ് എത്തുന്നതും. പ്രായമോ, ലിംഗ വ്യത്യാസമോ, തൊഴിലോ കണക്കിലെടുക്കാതെ സകലരും തന്റെ സാമ്രാജ്യത്തിലെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കണം എന്ന് ഡയോക്ലീഷന്‍ ചക്രവര്‍ത്തി ഉത്തരവിറക്കി. ഇതേ തുടര്‍ന്ന് എവുലാലിയായുടെ കുടുംബം ഒരു ഗ്രാമത്തിലേക്ക് മാറി താമസിച്ചു.
എന്നാല്‍ എവുലാലിയ തന്റെ കൂട്ടുകാരി ജൂലിയായോടൊപ്പം മെരീഡയില്‍ ഗവര്‍ണര്‍ കല്‍പൂര്‍ണിയൂസിന്റെ അടുക്കലെത്തി വിഗ്രഹാരാധന നിലനിര്‍ത്തുന്നതിനായി ക്രിസ്ത്യാനികളെ മര്‍ദ്ദിക്കുന്നതിനെ ചോദ്യം ചെയ്തു. ആദ്യം അവളെ പറഞ്ഞു പാട്ടിലാക്കുവാനും പിന്നീട് പ്രലോഭിപ്പിക്കുവാനും ശ്രമിച്ചുവെങ്കിലും അതില്‍ അവര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗവര്‍ണര്‍ അവളെ പിടികൂടുവാന്‍ ഉത്തരവിട്ടു.
പിന്നീട് ക്രൂരമായ പീഡനങ്ങള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ അവളുടെ കണ്‍മുന്നില്‍ വച്ച് കൊണ്ടു പറഞ്ഞു 'നീ കുറച്ച് ഉപ്പും സുഗന്ധദ്രവ്യവും നിന്റെ വിരല്‍തുമ്പ് കൊണ്ടു സ്പര്‍ശിച്ചാല്‍ മാത്രം മതി നിന്നെ ഈ പീഡനങ്ങളില്‍ നിന്നൊഴിവാക്കാം.'
ഇതില്‍ ദേഷ്യംപൂണ്ട എവുലാലിയ അവ നശിപ്പിക്കുകയും ബലിവസ്തുക്കള്‍ ചവിട്ടിയരക്കുകയും ചെയ്തു. ഇതോടെ കുപിതനായ കല്‍പൂര്‍ണിയൂസിന്റെ ഉത്തരവ് പ്രകാരം രണ്ടു പേര്‍ ചേര്‍ന്ന് അവളുടെ ഇളം ശരീരത്തിലെ മാംസങ്ങള്‍ കൊളുത്തുകള്‍ ഉപയോഗിച്ച് പിച്ചിചീന്തി. ഈ പീഡനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും അവള്‍ ഇതെല്ലാം യേശുവിന്റെ വിജയ കിരീടങ്ങളാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
അടുത്തതായി കത്തിച്ച പന്തങ്ങള്‍ ഉപയോഗിച്ചു അവര്‍ അവളുടെ മാറിടവും ശരീരത്തിന്റെ ഇരു വശങ്ങളും പൊള്ളിച്ചു. ഈ പീഡനത്തിനിടക്കും അവള്‍ ദൈവത്തിന് നന്ദി പറഞ്ഞു. ക്രമേണ അഗ്‌നി അവളെ കാര്‍ന്നു തിന്നു.
ചരിത്രകാരന്‍മാരുടെ വിവരണമനുസരിച്ച് ഒരു വെള്ള പ്രാവ് അവളുടെ വായില്‍ നിന്നും പുറത്ത് വരികയും വിശുദ്ധ മരിച്ചപ്പോള്‍ ചിറകുകള്‍ വീശി മുകളിലേക്ക് പറക്കുകയും ചെയ്തു. ഈ കാഴ്ച കണ്ട് ശിക്ഷകര്‍ ഭയചകിതരായി വിശുദ്ധയുടെ ശരീരം അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി. ഈ വിശുദ്ധയുടെ തിരുശേഷിപ്പുകള്‍ വളരെ ആദരപൂര്‍വ്വം ഒവീഡോ എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നു. എവുലാലിയയെ ഒവീഡോയുടെ മാധ്യസ്ഥ വിശുദ്ധയായി കണക്കാക്കുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഗ്രിഗറി തൃതീയന്‍ പാപ്പാ
2. ഫ്രാന്‍സിലെ ഗുത്ത്മാരൂസ്
3. റോമായിലെ കാര്‍പ്പൊഫോറസ്
4. ബ്രെഷ്യായിലെ ദേവൂസുഡേഡിത്ത്
5. ഗലേഷ്യനില്‍ ക്രൂശിതനായ ജെമെല്ലൂസ്
6. കരാച്ചെഡോയിലെ ഫ്‌ളോരെന്‍സിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26