സല്യൂട്ട് നല്‍കി രാജ്യം: റാവത്തിനും മധുലികയ്ക്കും ലിഡര്‍ക്കും ഇന്നു യാത്രാമൊഴി

 സല്യൂട്ട് നല്‍കി രാജ്യം: റാവത്തിനും മധുലികയ്ക്കും ലിഡര്‍ക്കും ഇന്നു യാത്രാമൊഴി

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനും മധുലികയ്ക്കും ലിഡര്‍ക്കും രാജ്യം ഇന്നു യാത്രാമൊഴി നല്‍കും. ഇവരുടെ സംസ്‌കാര ചടങ്ങുകള്‍ കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ നടക്കും.
ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ റാവത്തിന്റെയും മധുലികയുടെയും മൃതദേഹങ്ങള്‍ രാവിലെ 11 മുതല്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് 12 വരെ പൊതുജനങ്ങള്‍ക്കും അതിനു ശേഷം 1.30 വരെ സേനാംഗങ്ങള്‍ക്കുമായിരിക്കും പൊതു ദര്‍ശനം. രാഷ്ട്രപതി രാം നാഥ് കോവിന്ദും അന്തിമോപചാരം അര്‍പ്പിക്കും.

മൃതദേഹ പേടകങ്ങള്‍ വഹിച്ചുള്ള വ്യോമസേനാ വിമാനം സൂലൂരില്‍ നിന്ന് വ്യാഴാഴ്ച രാത്രി 7.40ന് ആണു പാലം വ്യോമതാവളത്തിലെത്തിയത്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മക്കളായ കൃതിക, തരിണി, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡറുടെ ഭാര്യ ഗീതിക, മകള്‍ ആഷ്ന എന്നിവരുള്‍പ്പെടെയുള്ളവര്‍ കണ്ണീരണിഞ്ഞു നിന്നു. പേടകങ്ങള്‍ക്കു മേല്‍ റോസാദലങ്ങള്‍ കൊണ്ട് അവര്‍ പ്രണാമമര്‍പ്പിച്ചു.

വിങ്ങിപ്പൊട്ടിയ കൃതികയെയും തരിണിയെയും ഗീതിക ചേര്‍ത്തു പിടിച്ചു. 'തളരരുത് പോരാളിയായിരുന്നു നിങ്ങളുടെ അച്ഛന്‍' എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. പിന്നാലെ ഗീതിക തന്റെ പ്രിയതമന്റെ മൃതദേഹ പേടകത്തിനു മുന്നില്‍ തലകുമ്പിട്ടു. മകള്‍ ആഷ്ന കണ്ണീരോടെ അച്ഛനു മേല്‍ ചുംബിച്ചു. കണ്ട് നിന്നവരുടേയും കണ്ണുകള്‍ ഈറനണിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.