സര്‍ക്കാര്‍ നടപടികളില്‍ അതൃപ്തി: സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിഞ്ഞു തരാമെന്ന് ഗവര്‍ണര്‍

സര്‍ക്കാര്‍ നടപടികളില്‍ അതൃപ്തി: സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിഞ്ഞു തരാമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍വകലാശാലകളിലെ സര്‍ക്കാര്‍ നടപടികളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

ഇങ്ങനെയാണെങ്കില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി താന്‍ ഒഴിഞ്ഞുതരാമെന്നും സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും മുഖ്യമന്ത്രിക്ക് തന്നെ ചാന്‍സലര്‍ പദവി ഏറ്റെടുക്കാമെന്നും കടുത്ത ഭാഷയിലുള്ള കത്തില്‍ ഗവര്‍ണര്‍ പറയുന്നു. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്.

ഗവര്‍ണര്‍ ആദ്യം എതിര്‍പ്പ് അറിയിച്ച്‌ കത്ത് നല്‍കിയത് നാല് ദിവസം മുമ്പാണ്. ഇതിന് ഗവര്‍ണറെ വിശ്വാസത്തില്‍ എടുക്കുമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. എന്നാല്‍ സര്‍ക്കാരിന്റെ അനുനയ ശ്രമമായിട്ടുള്ള ഈ മറുപടി തള്ളി രണ്ടാം കത്ത് ഗവര്‍ണര്‍ ഇന്നലെ നല്‍കി. ഇതേത്തുര്‍ന്ന്, ധനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഇന്ന് രാജ്ഭവനില്‍ എത്തി. അനുനയത്തിന് സകലശ്രമവും നടത്തിയെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. ഇതോടെ, സര്‍ക്കാരും ഗവര്‍ണറും തമ്മിലുടലെടുത്ത അസാധാരണപ്രതിസന്ധി തുടരുകയാണ്.

ഇതോടൊപ്പം കാലടി സംസ്കൃത സര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച്‌ കമ്മിറ്റി പേരുകള്‍ നല്‍കാത്തതും പ്രതിഷേധത്തിന് കാരണമാണ്. പട്ടിക നല്‍കാത്തതിനാല്‍ സെര്‍ച്ച്‌ കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് രാജ്ഭവന് നല്‍കി. ഇതില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവര്‍ണര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.
വൈസ് ചാന്‍സലറും, പ്രോ വൈസ് ചാന്‍സലറും ഒരേസമയം വിരമിക്കുന്നത് കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഇതാദ്യമാണ്. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജിനാണ് സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല.

ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് ഒരു വൈസ് ചാന്‍സലര്‍ക്ക് അതേ സര്‍വകലാശാലയില്‍ കാലാവധി നീട്ടി പുനര്‍നിയമനം നല്‍കുന്നത്. കണ്ണൂര്‍ സര്‍വകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കാലാവധി അവസാനിക്കുന്ന അന്ന് തന്നെ പുനര്‍നിയമനം നല്‍കി കത്ത് നല്‍കിയത്.

കണ്ണൂര്‍ വിസി നിയമനത്തിനായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്റെ നേതൃത്വത്തില്‍ മൂന്നംഗ സെര്‍ച്ച്‌ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ആ കമ്മിറ്റി തന്നെ റദ്ദാക്കി വിസിക്ക് പുനര്‍നിയമനം നല്‍കിയത്. സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരമാണ് ഗവര്‍ണര്‍ പുനര്‍ നിയമനം അംഗീകരിച്ചത്.

60 വയസ് കഴിഞ്ഞയാളെ വിസിയായി നിയമിക്കരുതെന്ന സര്‍വ്വകലാശാലാ ചട്ടം മറി കടന്നുകൊണ്ടാണ് ഈ പുനര്‍നിയമനമെന്നാണ് പരാതി ഉയരുന്നത്. സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാന്‍ സര്‍വ്വകലാശാല ചട്ടങ്ങള്‍ ലംഘിച്ച്‌ അതിവേഗം നടപടി എടുത്തു എന്ന പരാതി നിലനില്‍ക്കെ വിസിക്ക് പുനര്‍നിയമനം നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്ന ആരോപണമാണ് ഉയരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.