ആരോഗ്യ മന്ത്രിക്കെതിരെ വിമര്‍ശനം: അട്ടപ്പാടി ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് സ്ഥലം മാറ്റം

  ആരോഗ്യ മന്ത്രിക്കെതിരെ വിമര്‍ശനം: അട്ടപ്പാടി ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് സ്ഥലം മാറ്റം

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഡോ. പ്രഭുദാസിന്റെ വിമര്‍ശനം. മന്ത്രിയുടെ സന്ദര്‍ശന സമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റി നിര്‍ത്തിയെന്നും കൈക്കൂലി ആവശ്യപ്പെട്ടത് തടഞ്ഞതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നുമായിരുന്നു ആരോപണം. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ തടഞ്ഞതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് ഡോ. പ്രഭുദാസിന്റെ നിലപാട്.

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശന ദിവസം ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്ന് ഡോ. പ്രഭുദാസ് തുറന്നടിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എത്തുന്നതിന് മുന്‍പേ എത്താനുള്ള തിടുക്കമാകാം ആരോഗ്യ വകുപ്പ് മന്ത്രിക്കെന്നും പ്രഭുദാസ് ആരോപിച്ചു.

ശിശു മരണങ്ങളുടെ പേരില്‍ പഴി കേട്ട കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശനത്തില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതിലാണ് സൂപ്രണ്ട് പരസ്യമായി വിയോജിപ്പ് അറിയിച്ചത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ആശുപത്രിയുടെ ചുമതലക്കാരനായ തന്നെ കേള്‍ക്കാതെ അഴിമതിക്കാരനാക്കാനാണ് നീക്കമെന്നും പ്രഭുദാസ് ആരോപിച്ചിരുന്നു.

അട്ടപ്പാടിയില്‍ തുടരുന്ന ശിശുമരണത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി കൈകഴുകാന്‍ സര്‍ക്കാര്‍ നീക്കമുണ്ടെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ഡോ. പ്രഭുദാസിന്റെ തുറന്നു പറച്ചില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.