ഹൈദരാബാദ്: ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച ലാന്‍സ് നായിക് സായ് തേജയുടെ കുടുംബത്തിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. രണ്ട് കുട്ടികളുടേയും വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു.
മന്ത്രി ആര്‍ രാമചന്ദ്ര റെഡ്ഢി സൈനികന്റെ വീട്ടിലെത്തി ചെക്ക് നല്‍കും. സായ് തേജയുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി വ്യക്തമാക്കി.
നാളെ ചിറ്റൂരിലെ സായ് തേജയുടെ വസതിയിലെത്തി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി അന്ത്യാഞ്ജലി അര്‍പ്പിക്കും. സായ് തേജയുടെ സംസ്കാരം നാളെയാണ് നടക്കുക. ഡൽഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഉച്ചയോടെ സായ് തേജയുടെ മൃതദേഹം ബംഗ്ലൂരുവിലെത്തിച്ചു. യെലഹങ്ക എയര്‍ബേസില്‍ സേനാംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. നാളെ പുലര്‍ച്ചെ ആന്ധ്രയിലെ ചിറ്റൂരിലേക്ക് സൈനിക വാഹനത്തില്‍ മൃതദേഹം കൊണ്ടുപോകും.
അതേസമയം ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്‍റെ നില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം മുതല്‍ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതിന്റെ പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ രക്തസമ്മര്‍ദത്തില്‍ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്. ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ കൈകള്‍ക്കും മുഖത്തും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 80 ശതമാനത്തോളം പൊള്ളലേറ്റ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.