മര്‍ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എ.ടി.കെ മോഹന്‍ ബഗാന്‍-ചെന്നൈയിന്‍ എഫ്.സി മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മോഹന്‍ ബഗാന് വേണ്ടി ലിസ്റ്റണ്‍ കൊളാസോയും ചെന്നൈയിന് വേണ്ടി വ്‌ളാഡിമിര്‍ കോമാനും സ്‌കോര്‍ ചെയ്തു. രണ്ട് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത് ഈ സമനിലയോടെ ചെന്നൈയിന്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.
നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റാണ് ടീമിനുള്ളത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റുള്ള മോഹന്‍ ബഗാന്‍ ആറാം സ്ഥാനത്ത് തുടരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റ് തൊട്ട് ഇരുടീമുകളും ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ആറാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ലിസ്റ്റണ്‍ കൊളാസോയുടെ ലോങ്റേഞ്ചര്‍ ചെന്നൈ പോസ്റ്റിന് മുകളിലൂടെ പറന്നു.
ചെന്നൈയുടെ ആക്രമണങ്ങള്‍ക്ക് ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ഫലം കണ്ടു. മധ്യനിരതാരം വ്ളാഡിമിര്‍ കോമാന്‍ ചെന്നൈയ്ക്ക് വേണ്ടി വലകുലുക്കി. ബോക്സിനകത്തേക്ക് വന്ന ത്രോബോള്‍ കൃത്യമായി ക്ലിയര്‍ ചെയ്യുന്നതില്‍ മോഹന്‍ ബഗാന്‍ പ്രതിരോധം പരാജയപ്പെട്ടു. ലക്ഷ്യം തെറ്റിയ പന്ത് നേരെ കോമാന്റെ കാലിലേക്കാണ് വന്നത്. കോമാന്റെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍കീപ്പര്‍ അമരീന്ദറെ മറികടന്ന് വലയില്‍ കയറി. ഇതോടെ മത്സരം സമനിലയിലായി.
വൈകാതെ ആദ്യപകുതി അവസാനിച്ചു. രണ്ടാം പകുതിയില്‍ മോഹന്‍ ബഗാന്‍ വീണ്ടും ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചു. ചെന്നൈയിനും മികച്ച പോരാട്ടവുമായി കളം നിറഞ്ഞു. 58-ാം മിനിറ്റില്‍ ചെന്നൈയുടെ എഡ്വിന്‍ വാന്‍സ്പോളിന്റെ ലോങ്ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.