അങ്കാറ:ഹാഗിയ സോഫിയ കത്തീഡ്രലിനെ മോസ്‌ക് ആക്കിയതുള്‍പ്പെടെയുള്ള മനുഷ്യത്വരഹിത നടപടികളിലൂടെ 'മുഖം വികൃതമായതിന് കണ്ണാടിയെ പഴിക്കുന്ന' മണ്ടന്‍ പ്രചാരണ തന്ത്രവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. വര്‍ഗീയതയെ പോഷിപ്പിക്കുന്ന വികല ഭരണം വഴി രാജ്യത്തെ പ്രതിസന്ധിയിലാക്കിയ എര്‍ദോഗന്‍ എല്ലാറ്റിനും കാരണം 'സോഷ്യല്‍ മീഡിയ' ആണെന്ന് ആവര്‍ത്തിച്ച് കുറ്റപ്പെടുത്തുന്നു. ജനാധിപത്യത്തിന് വലിയ ഭീഷണിയായിട്ടുണ്ട് സോഷ്യല്‍ മീഡിയ എന്ന് തുര്‍ക്കി പ്രസിഡന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു.
തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളെ തടയുന്നതിനുള്ള കരട് നിയമം ഈ വര്‍ഷമാദ്യം ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് (എകെപി) തയ്യാറാക്കിയിരുന്നു.ആയിരക്കണക്കിന് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതു കൂടാതെ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയ്ക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പു നല്‍കി. അതുകൊണ്ടും മതിവരാതെ, 'ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കപ്പെട്ട സോഷ്യല്‍ മീഡിയ, ഇന്നത്തെ ജനാധിപത്യത്തിന് ഭീഷണിയുടെ പ്രധാന ഉറവിടങ്ങളിലൊന്നായി മാറിയിരിക്കുന്നു,' എന്നാണ് എര്‍ദോഗന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
പ്രസിഡന്റ് തന്റെ സര്‍ക്കാരിന്റെ അജണ്ടയെ പ്രതിധ്വനിപ്പിക്കുന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു: 'ഞങ്ങളുടെ ആളുകളെ, പ്രത്യേകിച്ച് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ, നുണകളില്‍ നിന്നും തെറ്റായ വിവരങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു; കൃത്യവും നിഷ്പക്ഷവുമായ വിവരങ്ങള്‍ സ്വീകരിക്കാനുള്ള പൗരന്മാരുടെ അവകാശം ലംഘിക്കാതെ.'
എര്‍ദോഗന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍ അദ്ദേഹം മരിച്ചു എന്ന ധ്വനിയോടെയുള്ള ഹാഷ്ടാഗ് ട്രെന്‍ഡ് ചെയ്യാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് രാജ്യത്തെ സൈബര്‍ അതോറിറ്റി നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. കിംവദന്തികള്‍ ഇല്ലാതാക്കാന്‍ തുര്‍ക്കി നേതാവിന്റെ ഒരു ക്ലിപ്പ് സര്‍ക്കാര്‍ പിന്നീട് പുറത്തുവിട്ടു.തുര്‍ക്കിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന കുറിപ്പ് പ്രസിദ്ധീകരിച്ചതിനാല്‍ 2017 ല്‍ വിക്കിപീഡിയ മൂന്ന് വര്‍ഷത്തേക്ക് രാജ്യത്ത് തടഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കോടതി വിക്കിപീഡിയയുടെ വിലക്ക് നീക്കിയത്.
'ഹാഗിയ സോഫിയ'യില്‍ ആദ്യ ചുവടുപിഴ
ഏകാധിപത്യ ഭരണം നടത്തുന്ന തുര്‍ക്കി പ്രസിഡന്റിന്റെ നയം ആഭ്യന്തര, വിദേശകാര്യ മേഖലയില്‍ രാജ്യത്തെ തുടര്‍ച്ചയായി പിന്നോട്ടടിക്കുകയാണ്.എര്‍ദോഗന്‍ അധികാരത്തിലേറിയ ശേഷം കടുത്ത ഇസ്ലാമിക ഭീകരവാദമാണ് നടപ്പാക്കുന്നത്. അറബ് രാജ്യങ്ങള്‍ പോലും കൂടെ നില്‍ക്കാത്തവിധം ഇസ്ലാമിക ഭീകരതയെ ഭരണനയമാക്കിയുള്ള എര്‍ദോഗാന്റെ നീക്കമാണ് പ്രതിസന്ധി കൂട്ടുന്നത്. മറ്റ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ മടിക്കുന്ന എര്‍ദോഗന്റെ നയം തുര്‍ക്കിയെ ഒറ്റപ്പെടുത്തുകയാണ്.
ഇസ്ലാമിക രാജ്യമാക്കി തുര്‍ക്കിയെ പ്രഖ്യാപിക്കാന്‍ ഭരണഘടന തന്നെ മാറ്റി എഴുതി. ശരി അത്ത് നിയമം പ്രാബല്യത്തിലാക്കിയാണ് എര്‍ദോഗന്‍ തുര്‍ക്കിയില്‍ ഭരണം നടത്തുന്നത്. സ്വന്തം നയങ്ങളും നിര്‍ദ്ദേശങ്ങളും മാത്രമാണ് തുര്‍ക്കിയില്‍ എര്‍ദോഗന്‍ അനുവദിക്കുന്നത്. കടുത്ത ഇസ്ലാമികത മാത്രം മുന്‍നിര്‍ത്തിയുള്ള പ്രസിഡന്റിന്റെ നയം വിദേശരാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളെ കുഴയ്ക്കുന്നു. രാജ്യത്തിന്റെ നയം വ്യക്തമായി പറയാന്‍ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ക്ക് ആകുന്നില്ലെന്ന വാര്‍ത്ത രണ്ടു മാസം മുന്നേ ചര്‍ച്ചയായിരുന്നു.
ആഭ്യന്തര രംഗത്ത് സാമ്പത്തിക നയങ്ങളിലും തുര്‍ക്കി പ്രതിസന്ധിയിലാണ്. ലോക രാഷ്ട്രങ്ങള്‍ വേണ്ടപോലെ സഹായിക്കാത്തതിനാല്‍ സാമ്പത്തിക മേഖല വിഷമത്തിലാണ്.കടുത്ത പലിശ നിരക്കില്‍ ജനങ്ങളും വ്യാപാര സ്ഥാപനങ്ങളും നട്ടം തിരിയുകയാണ്. 2003ല്‍ അധികാരത്തിലെത്തിയ എര്‍ദോഗാന് അന്ന് ഭീഷണി സ്വന്തം നാട്ടിലെ കെമാല്‍ അനൂകൂല സൈന്യമായിരുന്നു. എന്നാല്‍ ജനങ്ങളെ കയ്യിലെലെടുക്കാന്‍ ഹാഗിയ സോഫിയ ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ പയറ്റിയാണ് എര്‍ദോഗാന്‍ മുന്നേറിയത്. യൂറോപ്പിനേയും അമേരിക്കയേയും വിശ്വാസത്തിലെടുക്കുന്ന തന്ത്രം തുടക്കത്തില്‍ വിജയിച്ചെങ്കിലും ഹാഗിയ സോഫിയ ഏറ്റെടുക്കല്‍ വഴി പൂച്ചു പുറത്തായതോടെ അവരും കൈവിട്ടു.
റഷ്യയെ വിശ്വാസത്തിലെടുത്ത് ആണവ സംവിധാനങ്ങള്‍ ശക്തമാക്കിയാണ് തുര്‍ക്കി ഇപ്പോള്‍ നീങ്ങുന്നത്. ഇതിനിടെ പ്രതിസന്ധി രൂക്ഷമായപ്പോള്‍ അറബ് ലോകവുമായുള്ള ഏറ്റുമുട്ടല്‍ മയപ്പെടുത്താനുള്ള നീക്കവും എര്‍ദോഗന്‍ നടത്തുന്നു. എര്‍ദോഗനെ ഒട്ടും ഇഷ്ടപ്പെടുന്നില്ല സൗദിയും ഈജിപ്തും .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.