തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2020 ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രന്‍ അര്‍ഹനായി.
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ പുരസ്‌കാരം. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര വാര്‍ത്ത അറിയിച്ചത്.
അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പി.ജയചന്ദ്രന്‍ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ജെ.സി ഡാനിയേല്‍ പുരസ്‌കാര ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
പുരസ്‌കാര സമര്‍പ്പണം 2021 ഡിസംബര്‍ 23ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 56 വര്‍ഷം മുമ്പ് 1965 ല്‍ 'കുഞ്ഞാലി മരയ്ക്കാര്‍' എന്ന ചിത്രത്തില്‍ പി. ഭാസ്‌കരന്റെ രചനയായ 'ഒരു മുല്ലപ്പൂമാലയുമായ്' എന്ന ഗാനം പാടിക്കൊണ്ട് ചലച്ചിത്ര പിന്നണി ഗാന രംഗത്ത് പ്രവേശിച്ച ജയചന്ദ്രന്‍ വിവിധ ഭാഷകളിലായി പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
1985ല്‍ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരം നേടി. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണ നേടിയിട്ടുണ്ട്.കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 28ാമത്തെ വ്യക്തിയാണ് പി.ജയചന്ദ്രന്‍.
1992ലാണ് ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2019 ല്‍ ഹരിഹരനായിരുന്നു പുരസ്‌കാര ജേതാവ്. ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക 2016 മുതല്‍ അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.