തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി പുനക്രമീകരിച്ചു. മുട്ടയും പാലും വിതരണം ആഴ്ചയില്‍ ഒരു ദിവസമാക്കി കുറച്ചു. സ്കൂളുകള്‍ ബാച്ചുകളായി പ്രവര്‍ത്തിപ്പിക്കുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്കുള്ള പാലും മുട്ടയും വിതരണം ചെയ്യുന്നത് ആഴ്ചയില്‍ ഒരുദിവസം വീതമാക്കി പുനഃക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
പ്രധാനാധ്യാപകരുടെയും അധ്യാപകസംഘടനകളുടെയും കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് നടപടി. സ്കൂള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുംവരെ ഇങ്ങനെ തുടരാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
നിലവില്‍ സപ്ലിമെന്ററി ന്യൂട്രീഷ്യനായി ആഴ്ചയില്‍ രണ്ടുദിവസം പാലും (150 മില്ലീലിറ്റര്‍) ഒരുദിവസം മുട്ടയും കഴിക്കാത്ത കുട്ടികള്‍ക്ക് മുട്ടയുടെ വിലയ്ക്കുള്ള നേന്ത്രപ്പഴവുമാണ് നല്‍കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പാചകച്ചെലവ് ഉപയോഗിച്ച് രണ്ടു കറികളോടുകൂടിയ ഉച്ചഭക്ഷണവും സപ്ലിമെന്ററി ന്യൂട്രീഷ്യന്റെ ഭാഗമായുള്ള ഭക്ഷ്യവസ്തുക്കളും നല്‍കാനാകില്ലെന്ന് പ്രധാനാധ്യാപകരും അധ്യാപകസംഘടനകളും സര്‍ക്കാരിനെ അറിയിച്ചിരുന്നു.
പാചകച്ചെലവിനുള്ള തുക കൂട്ടണമെന്നും സ്കൂള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും വരെ പാലും മുട്ടയും വിതരണം നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ നിവേദനവും നല്‍കി. പാചകച്ചെലവ് വര്‍ധിപ്പിക്കുന്നതുസംബന്ധിച്ച ശുപാര്‍ശ നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.