കോട്ടയം : കുട്ടനാട്ടിലെ ചമ്പക്കുളം കൊണ്ടാക്കൽ ഇടവകവികാരി ഫാ.ഫ്രാൻസീസ് വടക്കേറ്റമാണ് പൊതുസമൂഹത്തിനു മാതൃകയായി വൃക്ക ദാനം നടത്തിയത്. എറണാകുളം ലിസി ആശുപത്രിയിൽ ഇന്നലെ രാവിലെ മുതൽ ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ നീണ്ട ശസ്ത്രക്രിയകൾക്കൊടുവിൽ വൈദികൻ്റെ വൃക്ക ചമ്പക്കുളം വൈശ്യംഭാഗം വെളുത്തേടത്തുപറമ്പിൽ ജോസഫിൻ്റെ (അപ്പു 30) ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങി.
രണ്ടു വർഷമായി രോഗബാധിതനായി ചികിത്സയിലായുന്ന, ജോസഫിൻ്റെ രോഗവിവരമറിഞ്ഞ് വൃക്ക നൽകാൻ സന്നദ്ധനാകുകയായിരുന്നു ഫാദർ ഫ്രാൻസിസ്. ഈ വിവരം രഹസ്യമായി സൂക്ഷിക്കാനാണ് അച്ചൻ ആഗ്രഹിച്ചത്. വിവരം അറിഞ്ഞ പലരും സോഷ്യൽ മീഡിയയിലൂടെ അച്ചനെ അനുമോദിച്ചു. എടത്വ ചങ്ങങ്കരി സ്വദേശിയായ ഫാ.ഫ്രാൻസീസ് ഭക്ഷണം സ്വയം പാചകം ചെയ്താണ് കഴിക്കുന്നത്. പ്രഭാതസവാരിയും നീന്തലും അച്ചൻ്റെ ജീവിതചര്യയുടെ ഭാഗമാണ്.
ലളിതജീവിതം നയിക്കുന്ന ഫ്രാൻസിസ് അച്ചനെ ക്കുറിച്ച് നിയമസഭ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഫേസ്‌ബുക്കിൽ കുറിച്ചു. “പാവപ്പെട്ട ഒരു മനുഷ്യനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാൻ തന്റെ ശരീരത്തിന്റെ ഒരു ഭാഗം പകുത്തുനൽകിയ അച്ചൻ സമാനതകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ, ജീവിക്കുന്ന ദൈവത്തിന്റെ പ്രിയപ്പെട്ട ഇടയനാകുന്നു”
ഇടവകയിലെ നിർധനരായവർക്ക് എന്നും ആശ്രയമാണ് ഫ്രാൻസീസ് അച്ചൻ. മദ്യത്തിനടിമയായവർക്ക് പ്രത്യേക പ്രാർത്ഥന ഗ്രൂപ്പും അച്ചൻ നടത്തുന്നുണ്ട്. അതുവഴി നിരവധി പേർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഫ്രാൻസിസ് അച്ചന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അനേകർക്ക് നന്മ യുടെ ജീവിതത്തിലേക്ക് കടന്നു വരാൻ ഇടയാക്കുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.