ലഖിംപൂര്‍ അക്രമം ആസൂത്രിതം: പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ സംഘം

ലഖിംപൂര്‍ അക്രമം ആസൂത്രിതം: പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ സംഘം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയിലെ ആക്രമണം ആസൂത്രിതവും മനപൂര്‍വവുമെന്ന് അന്വേഷണ സംഘം. സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

ആശിഷ് മിശ്രയടക്കം 13 പേര്‍ക്കെതിരെ നിര്‍ണായ കണ്ടെത്തലുകളാണ് സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അടക്കമുള്ള 13 പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്താന്‍ പ്രത്യേക അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചു.

ആയുധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനുള്ള അപേക്ഷയുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ വിദ്യാറാം ദിവാകര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. അലക്ഷ്യമായി പൊതുനിരത്തില്‍ വാഹനം ഓടിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ പ്രതികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എന്നാല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മനപൂര്‍വമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും അതിനാല്‍ നിലവിലുള്ള വകുപ്പുകള്‍ പിന്‍വലിച്ച്‌ വധശ്രമത്തിന് കേസെടുക്കണമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

അതേസമയം പ്രതികള്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചുട്ടുണ്ട്. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ രണ്ട് ആഴ്ചത്തെ സമയം ഉത്തര്‍ പ്രദേശ് പൊലീസിന് കോടതി അനുവദിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.