കുടിയേറ്റത്തിന്റെ കഥ പറയുന്ന ഡാളസ് സീറോ മലബാർ സമൂഹം

കുടിയേറ്റത്തിന്റെ കഥ പറയുന്ന  ഡാളസ് സീറോ മലബാർ സമൂഹം

അമേരിക്കയിലെ സിറോമലബാർ സമൂഹത്തിന്റെ തുടക്കം 1984ൽ ആണ്. ഇല്ലായ്മയിൽനിന്നും അധ്വാനത്തിലൂടെ വളർന്ന് വന്ന ഒരു സമൂഹം, ഇന്ന് സിറോമലബാർ സഭയ്ക്കാകെ അഭിമാനമായി നിലകൊള്ളുന്നു. മാതൃകയായി ചൂണ്ടിക്കാണിക്കാവുന്ന ഒരു ദേവാലയം സ്വന്തമാക്കിയതിന്റെ അഭിമാനം ഈ സമൂഹത്തിന് സ്വന്തം.

1984ൽ പാലാ ബിഷപ്പിനാൽ അയക്കപ്പെട്ട ഫാ ജേക്കബ് അങ്ങാടിയത്ത്, ഡാളസിലെ സെന്റ് പയസ് ദി ടെൻത് ദേവാലയത്തിൽ അസിസ്റ്റന്റ് വികാരിയായി നിയമിതനായി. അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്ത് ഡാളസിൽ ഒരു സീറോമലബാർ മിഷൻ ആരംഭിച്ചു. അക്കാലത്തു ഏതാണ്ട് നാല്പതോളംമലയാളി കുടുംബങ്ങൾ മാത്രമാണ് ഡാളസിൽ ഉണ്ടായിരുന്നത്. അവർക്കുവേണ്ടി മാസത്തിൽ ഒരു ദിവസം വി കുർബാന അർപ്പിച്ചു തുടങ്ങി. സ്വന്തമായി സ്ഥലമോ ദേവാലയമോ ഇല്ലാതിരുന്നതിനാൽ, കുറച്ച് അകലെയുള്ള ഹോളി ട്രിനിറ്റി( ലാറ്റിൻ/ ഇംഗ്ലീഷ്‌ ) ദേവാലയത്തിൻറെ ബേസ്‌മെന്റിൽ മാസത്തിലൊന്ന് ഒരുമിച്ചുകൂടുകയും ബലിയർപ്പിക്കുകയും ചെയ്തു. കുറെ കാലങ്ങൾക്ക് ശേഷം അത് മാസത്തിൽ രണ്ടാക്കി ഉയർത്തി. മാസത്തിലെ രണ്ടാമത്തെ കുർബാന അർപ്പിച്ചിരുന്നത് സെന്റ് പയസ് ദി ടെൻത് ദേവാലയത്തിലും. 1988ലെ ക്രിസ്തുമസിന് ബേസ്‌മെന്റിൽ വെള്ളം ആയിരുന്നതിനാലും കൊടും തണുപ്പ് മൂലവും ബലിയർപ്പിക്കാനായില്ല. അന്ന് സ്വന്തമായി ഒരു ദേവാലയം വേണമെന്ന ചിന്ത എല്ലാവരിലും ഉളവായി. അന്നത്തെ ഏതാനും കുടുംബങ്ങളുടെ ത്യാഗത്തിന്റെയും ആത്മാർപ്പണത്തിന്റെയും ഫലമാണ് 1992ൽ ഡാളസിൽ വാങ്ങിയ ദേവാലയം. അന്നത്തെ ചങ്ങനാശേരി ആർച്ച്ബിഷപ്പായിരുന്ന മാർ ജോസഫ് പൗവ്വത്തിൽ ദേവാലയത്തിന്റെ കൂദാശ കർമ്മം നിർവഹിച്ചു. അതെത്തുടർന്ന് ഞായറാഴ്ചതോറുമുള്ള വി കുർബാനയും വേദപാഠ ക്ലാസ്സുകളും ആരംഭിച്ചു. അക്കാലത്ത് ഇന്നത്തേത് പോലെ എല്ലാവര്ക്കും വാഹനങ്ങൾ ഇല്ലാതിരുന്ന കാലമായതിനാൽ വളരെയധികം ത്യാഗം സഹിച്ചാണ് എല്ലാവരും ദേവാലയത്തിൽ എത്തിയിരുന്നത്. 1996 -97 കാലഘട്ടത്തിൽ കുട്ടികൾക്കായി ഇംഗ്ലീഷ് കുർബാനയും ആരംഭിച്ചു.


ഡാളസിലെ ​ആദ്യത്തെ സിറോമലബാർ ദേവാലയം

1999 ജൂൺ മുപ്പതിന് ഫാ ജേക്കബ് അങ്ങാടിയത്ത് ചിക്കാഗോയിലെ ഇടവക വികാരിയായി നിയമിതനായി.1985ൽ ചിക്കാഗോ മിഷൻ ആരംഭിച്ചെങ്കിലും സ്വന്തമായി ഒരു ദേവാലയം ലഭിച്ചത് 1988ലാണ്. അവിടെയുള്ള ലാറ്റിൻ മിഷൻ സമ്മാനിച്ചതായിരുന്നു പ്രസ്തുത ദേവാലയം.
ഫാ ജേക്കബ് അങ്ങാടിയത്ത് ഡാലസിൽ താമസിച്ചിരുന്ന കാലത്ത് സെന്റ് പയസ് ദേവാലയത്തിലും ആർക് ഏഞ്ചൽ ദേവാലയത്തിലുമായിട്ടാണ് താമസിച്ചിരുന്നത്. അന്ന് ഡാളസ് ഇടവകയിൽ, വികാരിയാച്ചന് താമസിക്കാൻ സ്വന്തമായി വീട് ഉണ്ടായിരുന്നില്ല.ഫാ ജേക്കബ് അങ്ങാടിയത്ത് ചിക്കാഗോയിലേക്ക് പോകും മുൻപ് ഇടവക വികാരിക്ക് താമസിക്കാൻ ഒരു വീട് സ്വന്തമായി വാങ്ങിയെങ്കിലും അദ്ദേഹം ഒരു ദിവസം പോലും അവിടെ താമസിച്ചില്ല എന്നുള്ളത് വാസ്തവം. തുടർന്ന് വന്ന വികാരിയച്ചൻമാർക്ക് താമസിക്കാൻ സ്ഥലമൊരുക്കിയിട്ട് അങ്ങാടിയത്തച്ചൻ പുതിയ മേച്ചിൽപ്പുറത്തേക്ക് യാത്രയായി. തുടർന്ന് ഡാലസിൽ വന്ന ഫാ ജോൺ മേലേപ്പുറം ജൂബിലി ഹാൾ(പാരിഷ് ഹാൾ) സ്ഥാപിച്ചു. പിന്നീട് ഡാളസ് ഇടവകയുടെ പ്രവർത്തനങ്ങൾ സജീവമായി.

2001 മാർച്ച് 13ന് ഫാ ജേക്കബ് അങ്ങാടിയത്തിനെ ബിഷപ്പായി  പ്രാഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് അന്നത്തെ മാർപാപ്പ ആയിരുന്ന ജോൺ പോൾ രണ്ടാമൻ പുറപ്പെടുവിച്ചു.2001 ജൂലൈ ഒന്നിന് ഫാ ജേക്കബ് അങ്ങാടിയത്ത് മാർ ജേക്കബ് അങ്ങാടിയത്ത് ആയി അഭിഷേകം ചെയ്യപ്പെട്ടു.  ​വൈദികനായി ​അമ്പത് വർഷങ്ങൾ പിന്നിടുമ്പോൾ, നോർത്ത് അമേരിക്കയിലെ സിറോമലബാർ സമൂഹം  അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു, കൂടുതലായി ഡാളസിലെ സമൂഹവും.


2011 ൽ കൂദാശ ചെയ്ത ഡാളസിലെ പുതുക്കിപ്പണിത സിറോമലബാർ ദേവാലയം


ഡാളസിലെ സെന്റ് തോമസ് ഇടവകയുടെ ഇപ്പോഴത്തെ ദേവാലയം പണി പൂർത്തിയായത് 2011ൽ ആണ്. ഫാ ജോജി കണിയാംപടി വികാരി ആയിരുന്ന കാലത്താണ് ദേവാലയാനിർമ്മാണത്തിന് തുടക്കമിട്ടതും പണി പൂർത്തിയാക്കിയതും. അദ്ദേഹത്തിന് മുൻപ് വികാരിയായിരുന്ന ഫാ സക്കറിയാസ് തോട്ടുവേലിൽ ദേവാലയ നിർമ്മാണ സംരംഭത്തിന് തുടക്കമിട്ടിരുന്നു. ഫാ ജോജിയുടെ വാക്കുകളിൽ " വണ്ടിയും സീറ്റും റെഡി ആയിരുന്നു, എനിക്ക് കയറി ഇരുന്നു ഓടിച്ചാൽ മതിയായിരുന്നു" . ഫാ സക്കറിയാസ് ദൈവസന്നിധിയിലേക്ക് യാത്രയായി എന്നതും ഇന്ന് ഒപ്പം ഇല്ല എന്നുള്ളതുമായ യാഥാർഥ്യം വേദനയോടെ പങ്കുവെയ്ക്കുന്നു. അതോടൊപ്പം, ഇടവകയെ ഇന്ന് വരെ നയിച്ച മറ്റ് വൈദികരായ ഫാ ജോൺ മേലേപ്പുറം,ഫാ കുര്യൻ നെടുവേലിച്ചാലുങ്കൽ, ഫാ ജോർജ് ഇളമ്പാശ്ശേരിൽ എന്നിവരെയും സ്നേഹത്തോടെ ഓർക്കുന്നു. . ഇടവക ജനങ്ങളുടെ ഉദാരമായ സംഭാവനയാൽ പണിയപ്പെട്ട ഈ ദേവാലയം ഇന്ന് ഫൊറോനാ ദേവാലയമാണ്. പുതിയ ദേവാലയം പണികഴിഞ്ഞിട്ട് ഒരു ദശാബ്ദം പിന്നിടുന്നു. 1992 ൽ ആദ്യ ദേവാലയം വാങ്ങാൻ പങ്കാളികളായവരും പുതിയ ദേവാലയ നിർമ്മിതിയിൽ ഭാഗഭാക്കായി എന്നുള്ളത് അവരുടെ അഭിമാനം. പഴയ ദേവാലയത്തിന്റെ മദ്ബഹ,വിരി എന്നീ ഘടന നിലനിർത്തിക്കൊണ്ട് തന്നെ പുതിയ ദേവാലയം നിർമ്മിക്കണം എന്ന നിബന്ധനയിലാണ് ദേവാലയ നിർമ്മാണത്തിന് പദ്ധതിയിട്ടത്. അന്നത്തെ സമൂഹം സിറോമലബാർ സഭയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണത്. ഇരുന്നൂറോളം പേർക്ക് മാത്രം ഇരിക്കാവുന്ന ദേവാലമായിരുന്നു അത്. ഇടവകാംഗങ്ങൾ കൂടുന്നതിനനുസരിച്ച് എല്ലാവരെയും ഉൾക്കൊള്ളാൻ പര്യാപ്തമായ ഒരു ദേവാലയം അനിവാര്യമായിരുന്നു. ഡാളസിലെ ഇടവക സമൂഹത്തിന് അഭിമാനിക്കാം സിറോമലബാർ സഭയുടെ തനിമയും പാരമ്പര്യവും നിലനിർത്തിക്കൊണ്ട് പണികഴിപ്പിച്ച ഈ ദേവാലയത്തെ ഓർത്ത്!




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.