തേനി: വിവാഹം കഴിഞ്ഞ് 28-ാം ദിവസം ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പത്താണ് സംഭവം. കമ്പം സ്വദേശി ഭുവനേശ്വരി(21) യാണ് ആത്മഹത്യ ചെയ്തത്. യുവതി ഭര്‍ത്താവ് ഗൗതമിനെ (24) കൊലപ്പെടുത്താനാണ് ക്വട്ടേഷന്‍ നല്‍കിയത്. കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പിടിയിലാകുമെന്ന് ഭയന്നാണ് ഭാര്യ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. 
നവംബര്‍ 10-നായിരുന്നു കമ്പം ഉലകത്തേവര്‍ തെരുവില്‍ താമസിക്കുന്ന ഗൗതമിന്‍റെയും ഭുവനേശ്വരിയുടെയും വിവാഹം നടന്നത്. കേബിള്‍ ടിവി ജീവനക്കാരനാണ് ഗൗതം. സ്പോര്‍ട്സിനോട് കമ്പമുണ്ടായിരുന്ന ഭുവനേശ്വരി നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. സ്പോര്‍ട്സ് പരിശീലനം കഴിഞ്ഞ് സേനയില്‍ ചേരാനുള്ള പരീക്ഷകള്‍ക്ക് കാത്തിരിക്കുന്നതിനിടെയാണ് വീട്ടുകാര്‍ ഭുവനേശ്വരിയുടെ വിവാഹം നടത്തിയത്. ഇതോടെ ജോലിക്ക് പോകാന്‍ കഴിയില്ലെന്ന് കരുതിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പരിശീന ക്ലാസില്‍ ഒപ്പമുണ്ടായിരുന്ന തേനി ഹനുമന്ധന്‍പെട്ടി സ്വദേശിയായ നിരഞ്ജന്‍ രാജിന് ക്വട്ടേഷന്‍ നല്‍കി. മൂന്നു പവന്റെ സ്വര്‍ണം പണയം വെച്ച് 75000 രൂപ ഇയാള്‍ക്ക് കൈമാറി.
ഈ പണം ഉപയോഗിച്ച് നിരഞ്ജന്‍ കേരള രജിസ്ട്രേഷനിലുള്ള ഒരു കാര്‍ വാങ്ങി. നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഭുവനേശ്വരി ഭര്‍ത്താവുമായി ലോവര്‍ ക്യാമ്പ് ഭാഗത്ത് സന്ദര്‍ശനത്തിനായി പോയി. തിരികെ വരും വഴി ഗൂഡല്ലൂനടുത്ത് തൊട്ടില്‍പ്പാലത്ത് കാഴ്ചകള്‍ കാണാനായി സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി. മൊബൈലില്‍ സംസാരിച്ചു കൊണ്ട് അല്‍പ ദൂരം മുന്നോട്ട് നടന്നു. തിരികെ സ്‌കൂട്ടറിനടുത്ത് എത്തിയപ്പോള്‍ ടയര്‍പഞ്ചറായതായി കാണപ്പെട്ടു. വാഹനം തള്ളിക്കൊണ്ട് ഗൗതം നീങ്ങുന്നതിനിടെ കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം സ്കൂട്ടറില്‍ ഇടിപ്പിച്ചെങ്കിലും ഗൗതം രക്ഷപെട്ടു. 
തുടര്‍ന്ന് വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതമിനെ മര്‍ദ്ദിച്ചു ആളുകള്‍ ഓടി എത്തിയതോടെ കാര്‍ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. തുടര്‍ന്ന് ഗൗതം ഗൂഡല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ നിരഞ്ജന്‍, പ്രദീപ്, മനോജ് കുമാര്‍, ആല്‍ബര്‍ട്ട് എന്നിവര്‍ക്കൊപ്പം പ്രായ പൂര്‍ത്തിയാകാത്ത രണ്ടു പേരും പിടിയിലായി.
ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പണം കണ്ടെത്താന്‍ പണയം വച്ച സ്വര്‍ണ്ണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തിലെ അംഗവും കേസിലെ പ്രതിയുമായ ജെറ്റ്‌ലിക്കു വേണ്ടി ഗൂഡല്ലൂര്‍ പൊലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.