പ്രാര്‍ത്ഥനകള്‍ വിഫലമായി... ക്യാപ്റ്റന്‍ വരുണ്‍ സിങ് യാത്രയായി; മരണം സ്ഥിരീകരിച്ച് വ്യോമസേന

പ്രാര്‍ത്ഥനകള്‍ വിഫലമായി... ക്യാപ്റ്റന്‍ വരുണ്‍ സിങ് യാത്രയായി; മരണം സ്ഥിരീകരിച്ച് വ്യോമസേന

ബംഗലൂരു: ഊട്ടി കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു.

ബംഗലൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. മരണം വ്യോമസേന സ്ഥിരീകരിച്ചു. ഇതോടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.

ഡിസംബര്‍ എട്ടിനാണ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെട്ട ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മരിച്ചവരില്‍ മലയാളി വാറണ്ട് ഓഫീസര്‍ എ പ്രദീപും ഉള്‍പ്പെടുന്നു.

തമിഴ്‌നാട്ടിലെ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ നിന്ന് ബംഗളൂരുവിലേക്ക് എത്തിച്ചതിന് ശേഷം വരുണ്‍ സിങ്ങിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും മരുന്നുകളോട് പ്രതികരിക്കുന്നതായും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അഭിപ്രായപ്പെട്ടിരുന്നു.

80 ശതമാനത്തോളം പൊള്ളലേറ്റിരുന്നെങ്കിലും വരുണ്‍ സിംഗിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്‌നത്തിലായിരുന്നു എയര്‍ഫോഴ്‌സ് കമാന്‍ഡ് ആശുപത്രി.അപകടത്തില്‍ ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ കൈകള്‍ക്കും മുഖത്തുമാണ് ഗുരുതരമായി പൊള്ളലേറ്റത്.

ധീരതയ്ക്കുള്ള അംഗീകാരമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ശൗര്യചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ്. വ്യോമ സേനയില്‍ വിങ് കമാന്‍ഡറായ വരുണ്‍ സിങ് 2020 ഒക്ടോബര്‍ 12ന് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് ശൗര്യചക്രക്ക് അര്‍ഹനായത്.

വിമാനത്തിന്റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മര്‍ദ സംവിധാനത്തിനുമാണ് അന്ന് തകരാര്‍ നേരിട്ടത്. ഉയര്‍ന്ന വിതാനത്തില്‍ പറക്കുന്നതിനിടെയുണ്ടായ പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ് മനസ്ഥൈര്യത്തോടെ നേരിടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.