ന്യൂഡല്‍ഹി: പോക്സോ കേസുകളില്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ച അഡീഷണല്‍ ജഡ്ജിയെ സ്ഥിരപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം. ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജി പുഷ്പ വി ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടെന്നാണ് കൊളീജിയത്തിന്റെ തീരുമാനം. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം യോഗത്തിന്റേതാണ് തീരുമാനം.
ഇതോടെ അടുത്ത ഫെബ്രുവരിയില്‍ അഡീഷണല്‍ ജഡ്ജി കാലാവധി പൂര്‍ത്തിയാകുന്ന ജസ്റ്റിസ് പുഷ്പയ്ക്ക് ജില്ലാ ജഡ്ജിയായി മടങ്ങേണ്ടി വരും. ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ശരീരത്തില്‍ മോശം രീതിയില്‍ പിടിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്നതടക്കം ജസ്റ്റിസ് പുഷ്പ വി ഗനേഡിവാല പുറപ്പെടുവിച്ച പോക്‌സോ കേസിലെ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
പെണ്‍കുട്ടിയുടെ കൈകളില്‍ പിടിച്ചാലും പ്രതി പാന്റ്‌സിന്റെ സിപ് തുറന്നാലും പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നടക്കം ജസ്റ്റിസ് ഗനേഡിവാല പുറപ്പെടുവിച്ച പല വിധികളും വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥിരം ജഡ്ജിയാക്കാനായി കേന്ദ്ര സര്‍ക്കാരിനയച്ച ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ വര്‍ഷം തിരിച്ച് വിളിച്ചിരുന്നു.
തുടര്‍ന്ന് അഡീഷണല്‍ ജഡ്ജിയായി രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയില്‍ ഉള്ള കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കാലാവധി ഒരു വര്‍ഷം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നുള്ളു. ഈ കാലാവധി അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അവസാനിക്കും. 2007 ലാണ് ജില്ലാ ജഡ്ജിയായി പുഷ്പ വി ഗനേഡിവാല നിയമിതയാകുന്നത്.
മുംബൈയിലെ സിറ്റി സിവില്‍ കോടതിയിലും, നാഗ്പൂരിലെ ജില്ലാ കുടുംബ കോടതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് നാഗ്പൂരിലെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി നിയമിതയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാല ബോംബെ ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ജനറലായിട്ടും പ്രവര്‍ത്തിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.