ഡൊണാള്‍ഡ് ട്രംപ് കോടതിയിലേക്ക്; ഞാനാണ് ജയിച്ചത് ഡെമോക്രാറ്റുകള്‍ തിരിമറി നടത്തി

ഡൊണാള്‍ഡ് ട്രംപ് കോടതിയിലേക്ക്; ഞാനാണ് ജയിച്ചത്  ഡെമോക്രാറ്റുകള്‍ തിരിമറി നടത്തി

ന്യൂയോർക്ക് :  അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അന്തിമ ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ വിജയം പ്രഖ്യാപിച്ച് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. താനാണ് ജയിച്ചതെന്നും ജോ ബൈഡന്റെ ഡെമോക്രാറ്റുകള്‍ തിരിമറി നടത്തിയെന്നുമാണ് ട്രംപിന്റെ ആരോപണം.

വോട്ടെണ്ണലില്‍ കൃത്രിമം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു. റിപബ്ലിക്കന്‍ പാര്‍ട്ടി ജയിച്ചുകഴിഞ്ഞതാണ്. എന്നാല്‍ ചില തിരിമറികള്‍ നടന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ന് ട്രംപ് പറഞ്ഞു. നിരവധി സംസ്ഥാനങ്ങളില്‍ ഞങ്ങളാണ് ജയിച്ചത്. ഇക്കാര്യം പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴാണ് ചില തിരിമറികള്‍ നടന്നത്. അമേരിക്കന്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു. ഈ തട്ടിപ്പ് അനുവദിക്കാന്‍ സമ്മതിക്കില്ല. തിരിമറി നടന്നിരിക്കുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. എല്ലാ തിരഞ്ഞെടുപ്പ് നടപടികളും നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുമെന്നും ട്രംപ് പറഞ്ഞു.

നിരവധി സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കുകയും ചിലയിടങ്ങളില്‍ സമ്പൂര്‍ണ ഫല സൂചനകള്‍ പുറത്തുവരികയും ചെയ്തിരിക്കെയാണ് ട്രംപ് അട്ടിമറി ആരോപിച്ച് രംഗത്തുവന്നിരിക്കുന്നത്. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സ്, പ്രഥമ വനിത മെലാനിയ ട്രംപ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിജയം ഉറപ്പിച്ചിരുന്നു ഞങ്ങള്‍. റിപബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങാനിരിക്കുകയായിരുന്നു. ആ വേളയിലാണ് തിരിമറി നടന്നിരിക്കുന്നത്. ഇത്തരം അട്ടിമറികള്‍ ഒരിക്കലും അനുവദിക്കില്ല. സ്‌റ്റേറ്റുകളിലെല്ലാം വിജയിച്ചത് ഞങ്ങളാണ്. അവിടെയുള്ള നമ്പറുകളെല്ലാം വരുന്നേയുള്ളൂ. ആര്‍ക്കും ഞങ്ങളുടെ മുന്നേറ്റം തടയാന്‍ സാധിക്കില്ലെന്നും ട്രംപ് പറഞ്ഞു.

ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവന്നിട്ടില്ല. പെന്‍സില്‍വാനിയ, വിസ്‌കോന്‍സിന്‍, മിഷിഗണ്‍, ജോര്‍ജിയ എന്നിവിടങ്ങളിലെ ഫലങ്ങള്‍ വൈകുമെന്നാണ് വിവരം. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ട്രംപിന് മാജിക് നമ്പറായ 270 കടക്കാനായിട്ടില്ല. ബൈഡനും ട്രംപും തമ്മിലുള്ള ലീഡില്‍ വലിയ വ്യത്യാസമില്ല. അതേസമയം, ഫ്‌ളോറിഡ, ഒഹായോ, ടെക്‌സാസ് എന്നീ നിര്‍ണായകമായ സംസ്ഥാനങ്ങളിലെല്ലാം ട്രംപ് ജയിച്ചിട്ടുണ്ട്. ബൈഡന്റെ വന്‍ മുന്നേറ്റം തടയാന്‍ ട്രംപിന് സാധിച്ചത് ഈ സംസ്ഥാനങ്ങളിലെ വിജയത്തോടെയാണ്.

അരിസോണ, വെര്‍ജീനിയ, ന്യൂ ഹാംപ്‌ഷെയര്‍ എന്നിവിടങ്ങളിലെല്ലാം ബൈഡന്റെ മുന്നേറ്റമാണ് കാണാന്‍ സാധിച്ചത്..



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.