ന്യൂഡൽഹി : പരിസ്ഥിതിലോല മേഖലയിൽനിന്ന് കൂടുതൽ പ്രദേശങ്ങൾ ഒഴിവാക്കണമെന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. 2018-ൽ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രത്തിന് സമർപ്പിച്ച ശുപാർശയിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം.
ഇതനുസരിച്ച് 2014-ൽ പരിസ്ഥിതി ലോല മേഖലയായി അടയാളപ്പെടുത്തിയ 9993.7 ചതുരശ്ര കിലോമീറ്ററിൽനിന്ന്, 1337.24 ചതുരശ്ര കിലോമീറ്റർ കൂടി ഒഴിവാക്കണമെന്ന് കേരളത്തിലെ പാർലമെന്റംഗങ്ങളുമായി ഇന്നലെ നടന്ന ചർച്ചയിൽ ആവർത്തിച്ചു.
എന്നാൽ, സുപ്രീം കോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെയും പരിഗണനയിലുള്ള വിഷയമായതിനാൽ, നിലവിലുള്ള റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽ പ്രദേശം പരിസ്ഥിതി ലോലമേഖലയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ജനജീവിതത്തെ തടസപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ഭൂപേന്ദ്ര യാദവ് യോഗത്തിൽ പറഞ്ഞു.
അതേസമയം പശ്ചിമ ഘട്ടസംരക്ഷണത്തിന് പരിസ്ഥിതി ലോല മേഖലയെ കടുത്ത നിയന്ത്രണങ്ങളുള്ള കോർ മേഖലയായും കടുത്ത നിയന്ത്രണങ്ങളില്ലാത്ത നോൺ-കോർ മേഖലയായും വിഭജിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. നോൺ-കോർ വിഷയത്തിൽ ഇനി സംസ്ഥാനങ്ങളാണ് നിലപാട് അറിയിക്കേണ്ടതെന്ന് ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.
നോൺ-കോർ മേഖലയിൽ നിയന്ത്രണങ്ങൾ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകാമെന്നും കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന വ്യവസായങ്ങൾ(റെഡ് കാറ്റഗറി)ഒഴികെയുള്ള വ്യവസായങ്ങളും ജനവാസവും സാധാരണ പ്രവർത്തനങ്ങളും ഈ മേഖലയിൽ അനുവദിക്കാമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
ഇവിടെ കൃഷിക്ക് തടസമുണ്ടാകില്ല. ഓഫീസുകൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ തുടരാം. സോണൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നോൺ-കോർ മേഖലയിലെ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാരിന് നടപ്പാക്കാമെന്നും പൊതുവേയുള്ള മേൽനോട്ടമായിരിക്കും കേന്ദ്ര സർക്കാരിനുള്ളതെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിശദീകരിച്ചു.
കേരളത്തിലെ പാർലമെന്റംഗങ്ങളുമായി ഇന്നലെ നടത്തിയ രണ്ടാം വട്ടം ചർച്ചയിലാണ് മന്ത്രി ഈ നിർദേശങ്ങൾ അവതരിപ്പിച്ചത്. പരിസ്ഥിതി ലോല മേഖലയിൽനിന്ന് 1337.24 ചതുരശ്രകിലോമീറ്റർ പ്രദേശം ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു. പശ്ചിമഘട്ടം സംരക്ഷണത്തിനുള്ള അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് രണ്ടാഴ്ചമാത്രം ബാക്കി നിൽക്കേയാണ് ഈ ചർച്ച നടന്നത്. നോൺ-കോർ മേഖല സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം അറിഞ്ഞതിനുശേഷം പാർലമെന്റംഗങ്ങളുമായി വീണ്ടും ചർച്ച നടത്താമെന്ന് ഭൂപേന്ദ്ര യാദവ് ഉറപ്പ് നൽകിയതായി എം.പി.മാർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.