വത്തിക്കാന്‍ സിറ്റി: നരക യാതനകളുടെ ജീവിത പാതയില്‍ നിന്നു തങ്ങളെ വീണ്ടെടുത്തതിന്റെ അന്യൂന നന്ദിപ്രകടവുമായെത്തിയ കുടിയേറ്റക്കാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 85-ാം ജന്മദിനം സ്‌നേഹ സുരഭിലമാക്കി. ഈ മാസാദ്യം സൈപ്രസ് പര്യടനത്തിനിടെ അവിടത്തെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് മാര്‍പാപ്പ ഇടപെട്ട് ഇറ്റലിയിലെത്തിച്ച ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടെ ആദ്യ സംഘത്തിലെ 10 പേരായിരുന്നു വത്തിക്കാന്‍ കൊട്ടാരത്തിലെത്തി പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചത്.
സാന്ത് എഗിഡിയോ കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ ഇറ്റലിയിലേക്ക് വത്തിക്കാന്റെ സഹായത്തോടെ കൊണ്ടുവരുന്നത് 50 അഭയാര്‍ത്ഥികളെയാണ്. കൂടാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മേല്‍നോട്ടത്തിലുള്ള പദ്ധതി പ്രകാരം, നിക്കോസിയയിലെയും റോമിലെയും അധികാരികള്‍ അഭയാര്‍ഥികള്‍ക്കായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും. വത്തിക്കാന്‍ ആയിരിക്കും ചെലവുകള്‍ വഹിക്കുന്നത്. സാന്ത് എഗിഡിയോ ആത്മീയ സമൂഹം കുടിയേറ്റക്കാരെ ഇറ്റലിയില്‍ പുനരധിവസിപ്പിക്കാന്‍ സഹായിക്കും.
ഇപ്പോള്‍ റോമിലേക്ക് കൊണ്ടുവന്ന കുടിയേറ്റക്കാരില്‍ ഡോക്ടര്‍മാരും കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരും ഉണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള ദുഷ്‌കരമായ യാത്ര ആവിഷ്‌കരിക്കുന്ന ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥിയുടെ പ്രതീകാത്മക ചിത്രം അഭയാര്‍ഥികള്‍ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു.
തന്റെ ജന്മദിനം ഒരു സാധാരണ പ്രവൃത്തി ദിവസം മാത്രമായി കണക്കാക്കുന്ന പതിവാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. 94-കാരനായ മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് 85 ാം ജന്മദിന ആശംസകള്‍ നേര്‍ന്നു. ഇരുവരും ഉടന്‍ തന്നെ പരസ്പരം കാണാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുന്‍ മാര്‍പാപ്പയുടെ ദീര്‍ഘകാല പേഴ്സണല്‍ സെക്രട്ടറിയായ ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് ഗെയ്ന്‍സ്വീന്‍ അറിയിച്ചു.
2013 ഫെബ്രുവരിയില്‍ സ്ഥാനമൊഴിഞ്ഞതിനുശേഷം വത്തിക്കാനിലെ മാത്തര്‍ എക്ലീസിയ (സഭയുടെ മാതാവ്) ആശ്രമത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ താമസിക്കുന്നത്. ഏകദേശം 600 വര്‍ഷത്തിന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാര്‍പാപ്പ. അദ്ദേഹം പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളില്ലാതെ മികച്ച രീതിയില്‍ കര്‍മ്മനിരതനാണെന്നും 'വ്യക്തവും മൂര്‍ച്ചയുള്ളതുമായ മനസ്സ്' നിലനിര്‍ത്തുന്നുണ്ടെന്നും ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് ഗെയ്ന്‍സ്വീന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.